ADVERTISEMENT

തിരുവനന്തപുരം ∙ രാഹുലും ഡയസും ഒന്ന‍‍ിച്ചാണ് കോളജിൽ നിന്ന് ബുധനാഴ്ച യാത്ര പുറപ്പെട്ടത്; ഇന്നലെ അവസാനമായി സഹപാഠികൾക്കരികിലേക്ക് ഡയസിന്റെ ജീവനറ്റ ശരീരം എത്തിയപ്പോഴേക്കും അന്ത്യാഞ്ജലികളേറ്റു വാങ്ങി രാഹുലിനെ വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിൽ നിന്നു പുറപ്പെടുകയായിരുന്നു. സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴിയേറ്റുവാങ്ങി വൈകാതെ ഡയസും പ്രിയപ്പെട്ട ക്യാംപസിനോടു വിടപറഞ്ഞു. ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസ് ആണ് വികാരഭരിതമായ രംഗങ്ങൾക്കു സാക്ഷിയായത്.

trivandrum-dias-rahul

ബുധനാഴ്ച വട്ടിയൂർക്കാവ് മൂന്നാമൂട് മേലേക്കടവിനു സമീപം കരമനയാറ്റിൽ മുങ്ങി മരിച്ച സിഇടി ആറാം സെമസ്റ്റർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥി കെ.രാഹുൽ (21), സിവിൽ എൻജിനീയറിങ് വിദ്യാർഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് കോളജ് ക്യാംപസിലേക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തി.

പുറത്തു പെയ്യുന്ന മഴ വകവയ്ക്കാതെ നൂറുകണക്കിനു സഹപാഠികൾ വരിവരിയായി അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. രണ്ടു മണിയോടെ രാഹുലിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് ബാലുശേരിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോഴേക്കും ഡയസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിനുള്ളിലെത്തി. ബുധനാഴ്ച കോളജിൽ സമരമായതിനാൽ ആറു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ കാൽ വഴുതി ആറ്റിൽ വീണ് ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

രാഹുലിന്റെ സംസ്കാരം ഇന്ന് രാവിലെ 8.30 ന് ബാലുശേരി വട്ടോളി ഓണിപ്പറമ്പിൽ വീട്ടിൽ നടക്കും. ഡയസിന്റെ മൃതദേഹം മൂവാറ്റുപുഴ ആവോലി തോട്ടുപുറത്തു വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. കോഴിക്കോട് ബാലുശേരി എരമംഗലം അയ്യൻകുഴിയിൽ കെ.ശ്രീനിവാസന്റെയും (റിട്ട.ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്) വാസന്തിയുടെയും മകനാണ് രാഹുൽ. സഹോദരി : സൂര്യ. മൂവാറ്റുപുഴ ആനിക്കാട് സെന്റ് ആന്റണ‍ീസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജിജി ജേക്കബിന്റെയും ലിസി ജോണിന്റെയും ഏക മകനാണ് ഡയസ് ജിജി ജേക്കബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com