ADVERTISEMENT

തിരുവനന്തപുരം ∙ പിറന്നാളാഘോഷം അടൂരിന് പതിവുള്ളതല്ല. പക്ഷേ ഇന്നലെ 81–ാം പിറന്നാൾ‍ ദിനത്തിൽ മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾ വീട്ടിൽ വരുന്നുവെന്ന് അറിയച്ചപ്പോൾ ‘കുട്ടിസമ്മർദ’ത്തിനു മുന്നിൽ വഴങ്ങാതിരിക്കാനായില്ല. ഞാലിപ്പൂവൻ കുലയും മധുരമൂറുന്ന ഇലയടയുമായി കുട്ടികൾ വന്നപ്പോൾ അവരോട് അടൂരിന് പറയാനുണ്ടായിരുന്നത് ഈയൊരു കാര്യം മാത്രം: ‘മലയാളത്തെ ഒരു കാലത്തും കൈവിടരുത്. വായിക്കണം, എഴുതണം. ഭാഷയില്ലെങ്കിൽ ജീവിതം അനാഥമാകും’. അദ്ദേഹം പറഞ്ഞു. 

50 വർഷം നീണ്ടു നിന്ന അടൂരിന്റെ ചലച്ചിത്ര സപര്യയുടെ വളർച്ചാ വികാസങ്ങൾ പാട്ടുകളിലൂടെയും തിരക്കഥാ അവതരണങ്ങളിലൂടെയും കുട്ടികൾ അവതരിപ്പിച്ചു. ‘കഥാപുരുഷനിലെ’ അവസാന സീനിലെ അക്ഷരഗാനത്തോടെയായിരുന്നു പിറന്നാൾ ആഘോഷത്തിന്റെ തുടക്കം.  അടൂരിന്റെ സിനിമകളെക്കുറിച്ചു വിവരിച്ചപ്പോൾ അദ്ദേഹത്തിന്റെ 12 സിനിമകളുടെയും പേരുകളെഴുതിയ സ്ലേറ്റുമായി കുട്ടികൾ ‘കഥാപുരുഷനു’ പിന്നിൽ അണിനിരന്നു. ‘നിഴൽക്കുത്തി’ലെ കഥാഭാഗം വായിച്ചത് ആ സിനിമയിൽ ഉപയോഗിച്ച വില്ലുവണ്ടിയുടെ മുന്നിൽ വച്ചായിരുന്നു.

അടൂരിന്റെ വീടിനു പിന്നിൽ കേടു കൂടാതെ സൂക്ഷിച്ചിരിക്കുകയാണ് മലയാള സിനിമാ ചരിത്രത്തിലെ ഈ അടയാളം. കാലം ചെല്ലുന്തോറും വിലയേറുന്ന നിധിയാണ് അടൂർ ഗോപാലകൃഷ്ണനെന്ന്  കവി മധുസൂദനൻ നായർ പറഞ്ഞു. വട്ടപ്പറമ്പിൽ പീതാംബരൻ, ഗോപി നാരായണൻ, പ്രഫ. എൻ.കെ. സുനിൽകുമാർ, രേവതി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ‘എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം..’ എന്ന ഗാനത്തോടെയായിരുന്നു മലയാളവും മലയാണ്മയും നിറഞ്ഞുനിന്ന പിറന്നാൾ സന്ധ്യയുടെ സമാപ്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com