വർക്കല∙ പെട്രോൾ പമ്പ് ജീവനക്കാരനെ ഓട്ടോയിൽ മദ്യപിച്ചെത്തിയ സംഘം മർദിച്ചതായി പരാതി. വർക്കല–പുന്നമൂട് റോഡിലെ മറിയം ഫ്യൂവൽസ് ജീവനക്കാരനായ വെട്ടൂർ കുഴിക്കാത്തിവിളാകത്തു വീട്ടിൽ സുരേഷ് കുമാറി (55) നെയാണ് കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഓട്ടോയിലെത്തിയ സംഘം മർദിച്ചത്. ഇവർ 70 രൂപയ്ക്കു പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും സംഘത്തിലുള്ള ഒരാൾ അകാരണമായി അസഭ്യം പറയുകയും സുരേഷിന്റെ കവിളിൽ കുത്തുകയും ചെയ്തു.
അക്രമികൾ മദ്യപിച്ചിരുന്നതിനാൽ മാറിനിന്ന സുരേഷിന്റെ മുഖത്ത് വീണ്ടും അടിക്കുകയും നിലത്തുവീണ സുരേഷിനെ കസേര കൊണ്ടു ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ സുരേഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങളും മറ്റു ജീവനക്കാർ നൽകിയ വിവരവും അനുസരിച്ച് സംഘമെത്തിയ ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.