ADVERTISEMENT

കാട്ടാക്കട ∙ വനം വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ച ചന്ദന വിഗ്രഹം കാണാതായ സംഭവത്തിൽ  പരുത്തിപ്പള്ളി റേഞ്ചിലെ മുൻ റേഞ്ച് ഓഫിസർമാരായ ദിവ്യ എസ്.എസ്.റോസ്, ആർ.വിനോദ് എന്നിവരെ സസ്പെൻഡ് ചെയ്തു.  തൊണ്ടി മുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു വനം മേധാവി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. റേഞ്ചിൽ നേരത്തെ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.

ഇവരുടെ മൊഴിയും പൊലീസ് ശേഖരിച്ച രേഖകളുടെയും അടിസ്ഥാനത്തിലാകും തുടരന്വേഷണം. പരുത്തിപ്പള്ളി റേഞ്ചിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 ചന്ദന വിഗ്രഹങ്ങളാണ് കാണാതായത്. വിഗ്രഹം സ്ട്രോങ് റൂമിലെന്നു മാത്രമാണ് റേഞ്ചിലെ രേഖകൾ. എന്നാൽ തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്തുള്ള സ്ട്രോങ് റൂമിലാണോ പരുത്തിപ്പള്ളിയിലാണോ എന്നതു സംബന്ധിച്ച് കൃത്യമായ രേഖകൾ പൊലീസിനു ഇതുവരെ ലഭിച്ചില്ല.

2016ൽ മുട്ടത്തറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്താണ് കാണാതായ ചന്ദന വിഗ്രഹങ്ങൾ. 9 ഗണപതി വിഗ്രഹങ്ങളും 1 ബുദ്ധന്റെ പ്രതിമയുമാണ് പിടിച്ചെടുത്തത്. 2016 മുതൽ ഇതുവരെ പരുത്തിപ്പള്ളി റേഞ്ചിൽ 3 റേഞ്ച് ഓഫിസർമാർ ജോലി നോക്കി. വിഗ്രഹങ്ങൾ കാണാതായത് റേഞ്ച് ഓഫിസ് രേഖകൾ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയാൽ ആരുടെ കാലത്താണ് വിഗ്രഹങ്ങൾ നഷ്ടമായതെന്ന് കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡിവെഎസ്പി കെ.എസ്.പ്രശാന്ത് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഗുരുതര കൃത്യവിലോപം 

തൊണ്ടി മുതൽ ഓഫിസിലെ സ്ട്രോങ് റൂമിൽ നിന്ന് അപ്രത്യക്ഷമായതിൽ ഉദ്യോഗസ്ഥരുടെ ഗുരുതര കൃത്യവിലോപം. വനം വകുപ്പ് ഓഫിസുകളുടെ പരിസരത്ത് വിവിധ കേസുകളിൽ ഉൾപ്പെട്ട് തൊണ്ടി മുതലുകളായി തടികൾ ഉൾപ്പെടെ വിലപ്പട്ട വസ്തുക്കൾ പലതുമുണ്ട്. തടികളിൽ പലതും മഴയും വെയിലുമേറ്റ് കാലക്രമത്തിൽ  നശിച്ചുപോയെന്ന റിപ്പോർട്ട് നൽകി തൊണ്ടി മുതലുകളുടെ എണ്ണം കുറയ്ക്കുക പതിവ്. പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ ഇവ കൃത്യമായി എണ്ണി തിട്ടപ്പെടുത്തി ഏറ്റെടുക്കാറില്ല.

റജിസ്റ്ററുകളിൽ ഒപ്പിട്ട്  ചുമതല ഏറ്റെടുക്കുകയാണ് പതിവ്. എന്നാൽ റേഞ്ചിലെ സ്ട്രോങ്ങ് റൂമിലെ വിലപിടിപ്പുള്ള തൊണ്ടി മുതലുകൾ, പിസ്റ്റൾ, തിരകൾ,തോക്കുകൾ എന്നിവ കണ്ട് ബോധ്യപെട്ട് റജിസ്റ്ററിൽ ഒപ്പിട്ട് നൽകിയാണ് ചുമതല ഏൽക്കുന്നത്. എല്ലാ വർഷവും റേഞ്ചിനു പുറമേ, വനം വകുപ്പ് ആസ്ഥാനത്തുള്ള സ്ട്രോങ് റൂമിലും സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകൾ ഉൾപ്പെടെ  പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കേണ്ടത് അതത് റേഞ്ച് ഓഫിസറുടെ ചുമതലയാണ്. എന്തെങ്കിലും കുഴപ്പം കണ്ടാൽ ഡിഎഫ്ഒയ്ക്കു റിപ്പോർട്ട് നൽകണം. ഇതൊക്കെ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഡിഎഫ്ഒയും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com