ADVERTISEMENT

വിഴിഞ്ഞം∙ പെൺ സുഹൃത്തിനെ തേടി ആഴിമലയിൽ എത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ തീരത്തടിഞ്ഞ  മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മരണം വെള്ളം ഉള്ളിൽ ചെന്നാണെന്നു കണ്ടെത്തൽ. ശരീരത്തിൽ മുറിവുകളില്ലെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു. തമിഴ് നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ തീരത്താണ് കഴിഞ്ഞദിവസം മൃതദേഹം അടിഞ്ഞത്. കാണാതായ കിരണി(ചിക്കു25)ന്റേതെന്നു  കരുതുന്ന  മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. 

ബുധൻ രാവിലെ കണ്ടെത്തിയ മൃതദേഹം പിതാവുൾപ്പെടെ ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരണം നൽകാനാവൂ എന്നു വിഴിഞ്ഞം പൊലീസ് ആവർത്തിച്ചു. 4 ദിവസത്തിനുള്ളിൽ ഇതു ലഭ്യമാകുമെന്നാണ് പ്രതീക്ഷ.  9ന് ഉച്ചകഴിഞ്ഞ് കാണാതായ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണി(25)നുവേണ്ടിയാണ് തിരച്ചിൽ നടത്തി വന്നത്. സംഭവത്തോടനുബന്ധിച്ച് ഒളിവിൽ പോയ പെൺസുഹൃത്തിന്റെ സഹോദനുൾപ്പെടെയുള്ള ബന്ധുക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സമൂഹമാധ്യമത്തിലൂടെ  പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ എത്തിയ യുവാവ് ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടുവെന്നും യുവാവിനെ പിന്നീട് കടലിൽ വീണു കാണാതായി എന്നുമുള്ള വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വീടിനു സമീപം പെൺസുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ സഹോദൻ, ബന്ധു, സുഹൃത്ത് എന്നിവരുൾപ്പെട്ട മൂന്നംഗ സംഘം കാറിലും ബൈക്കിലും എത്തി തങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചുവെന്നാണ് കിരണിനൊപ്പമെത്തിയ രണ്ടു സുഹൃത്തുക്കളുടെ മൊഴി. 

തങ്ങളെ രണ്ടു പേരെയും കാറിലും കിരണിനെ ബൈക്കിൽ മുൻപെയും കയറ്റി പോയെന്നും പിന്നീട് കിരണിനെ കാണാതായെന്നും സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. കിരൺ മൂത്ര ശങ്ക മാറ്റാൻ പോയെന്നാണ് അക്രമി സംഘത്തിൽ നിന്നു ലഭിച്ച മറുപടി എന്നും ഇവർ പൊലീസിനോട് പറഞ്ഞു. കടലിലേക്ക് അവസാനിക്കുന്ന കോൺക്രീറ്റ് റോഡിലൂടെ കിരൺ വേഗത്തിൽ ഓടുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com