തിരുവനന്തപുരം∙ വലിയതുറയിൽ രൂക്ഷമായ കടലാക്രമണത്തിൽ മൂന്നു വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. ഒന്നാം നിരയിലെ മുപ്പതോളം വീടുകൾ വേലിയേറ്റ ഭീഷണി യിലായി. വലിയതുറ കൊച്ചുതോപ്പ് ജൂസാ റോഡിനും വലിയതോപ്പ് ലെന റോഡിനും ഇടയിലുള്ള സെലിൻ,ബ്രിജിറ്റ് ജോസഫ്, വല്ലാരിയൻ സുനിത എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. പ്രദേശത്തു വെള്ളം കയറി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതെയായി. രാത്രി കടൽ കലിപൂണ്ട തോടെ ടെറസിലും മറ്റുമാണ് ആളുകൾ കഴിച്ചുകൂട്ടിയത്. ശംഖുമുഖം,വെട്ടുകാട് എന്നിവിടങ്ങളിലും ഇന്നലെ രാത്രി വേലിയേറ്റം ശക്തമായി.
കടലാക്രമണം ശക്തമായിട്ടും തീരദേശവാസികളെ മാറ്റിപാർപ്പിക്കാൻ അധികൃതർ സൗകര്യം ഒരുക്കിയില്ല. വലിയതുറ മുതൽ വെട്ടുകാട് വരെ മുന്നൂറോളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. തിരയടിച്ചു വെള്ളം കയറാതിരിക്കാൻ വീടുകൾ ടാർപോളിൻ ഉപയോഗിച്ചു മറച്ചിരിക്കുകയാണ്. ഏതു നിമിഷവും തിര തീരം കവരുമെന്ന് ആശങ്കയുണ്ട്. രാത്രിയിൽ കടൽ കലിതുള്ളിയതോടെ തീരത്ത് അടുപ്പിച്ച വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കടൽ ക്ഷോഭ പ്രദേശങ്ങൾ മന്ത്രി വ.ിശിവൻകുട്ടി സന്ദർശിച്ചു. വെട്ടുകാട് കൗൺസിലർ ക്ലൈനസ് റോസാരിയോവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.