ADVERTISEMENT

വെഞ്ഞാറമൂട്∙ സ്കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഗവ. ഉദ്യോഗസ്ഥയെ അ‍ജ്ഞാതൻ ബൈക്കിൽ പിന്തുടർന്ന് വിവിധ സ്ഥലങ്ങളിൽ വച്ച് തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. സംഭവം പൊലീസിൽ ഉടൻ അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ആക്ഷേപം.  സംസ്ഥാന പാതയിൽ ബുധൻ രാത്രി 9.30ന് വെഞ്ഞാറമൂടിനു സമീപത്താണ് സംഭവം. തിരുവനന്തപുരത്ത്  ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ  സായാഹ്ന ക്ലാസിനു പോയിട്ടു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

കീഴായിക്കോണം കഴിഞ്ഞ് വെളിച്ചമില്ലാത്ത സ്ഥലത്ത് നിൽക്കുകയായിരുന്ന അജ്ഞാതൻ  സ്കൂട്ടർ തട‍ഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു.  കുതറി മാറിയ ഇവർ വെളിച്ചമുള്ള ഭാഗത്തെത്തി തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരമറിയിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാമെന്നും അടുത്ത ദിവസം ജോലിക്കു പോകുന്ന വഴി വെ‍ഞ്ഞാറമൂട്ടിൽ പരാതി നൽകാനുമായിരുന്നു ഉദാസീനമായ നിർദേശം. ഉടനെ സ്ഥലത്തെത്താൻ പൊലീസ് പട്രോൾ വാഹനങ്ങളെ നിയോഗിച്ചില്ല.

യാത്ര തുടരവേ വാമനപുരം പാലത്തിനു സമീപത്തു  ഇയാൾ വീണ്ടും ഉദ്യോഗസ്ഥ‌യെ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. വീണ്ടും പൊലീസ് സഹായം അഭ്യർഥിച്ചു .ബന്ധുക്കളെയും വിവരം അറിയിച്ചു. അപ്പോഴും പൊലീസ് തുണയ്ക്കെത്തിയില്ല. യാത്ര തുടരുമ്പോൾ കല്ലറ പാലോട് റോഡിൽ ആറാന്താനത്തിനു സമീപം റോഡിൽ വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ച് അജ്ഞാതൻ  ബൈക്ക് റോഡിനു കുറുകെ നിർത്തി സ്കൂട്ടർ തട‍ഞ്ഞ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ഇവർ ബഹളം വച്ചു. അതേ സമയം അതുവഴി വന്ന ബൈക്ക് യാത്രികർ സ്ഥലത്ത് നിർത്തിയതോടെ അക്രമി ബൈക്കുമായി കടന്നു.

അവഗണിച്ച് പൊലീസ് 

മൂന്നു സംഭവങ്ങളിലും പൊലീസിനു വിവരം നൽകിയെങ്കിലും പൊലീസ് സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നാണ് പരാതി. മണിക്കൂറുകൾ കഴിഞ്ഞ് 11 മണിയോടെ ബന്ധുക്കളുമായി തിരികെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അക്രമി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പരാതി നൽകി. എന്നാൽ ഇന്നലെ വൈകിയും പ്രതിയെ കണ്ടെത്താൻ നടപടിയായില്ലെന്നു പരാതിക്കാർ പറയുന്നു. സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com