ADVERTISEMENT

വെഞ്ഞാറമൂട്∙ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള സ്കേറ്റിങ് ബോർഡ് യാത്രക്കിടെ ഹരിയാനയിൽ ചൊവ്വ രാവിലെ അപകടത്തിൽ മരിച്ച അനസ് ഹജാസിന്റേത്(31) സാഹസികവും വേറിട്ടതുമായ ജീവിതം. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാരുകുഞ്ഞ്,ഷൈലാബീവി ദമ്പതികളുടെ മകനായ ഹജാസ്  സ്കേറ്റിങ് ബോർഡിൽ കൂടുതൽ ദൂരം സഞ്ചരിച്ച് ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് കന്യാകുമാരിയിൽ നിന്ന് മേയ് 29നു കശ്മീരിലേക്കു സാഹസിക യാത്ര ആരംഭിച്ചത്. ആദ്യം ബൈക്ക് സ്റ്റണ്ടിങ്ങിലായിരുന്നു അനസിന് ഹരം. ബൈക്കിൽ നിന്നു തെറിച്ചു വീണു പരുക്കേറ്റതോടെ വീട്ടുകാർ തടഞ്ഞു.

നീട്ടിവളർത്തിയ താടി ശ്രദ്ധിക്കപ്പെട്ടതോടെ  പിന്നീട് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോൾ വിവിധ സ്ഥാപനങ്ങൾക്കു മോഡലായി . പിന്നീടാണ് സ്കേറ്റിങ് ബോർഡ് കൂട്ടാവുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയതാണ് പിതാവ് അലിയാരുകുഞ്ഞ്. ,രണ്ടു സഹോദരങ്ങൾ വിവാഹിതർ. സാമ്പത്തിക ബാധ്യത  അലട്ടിയപ്പോൾ  വീട് വിറ്റു ബാധ്യതകൾ തീർത്ത് അനസും മാതാപിതാക്കളും വാടക വീട്ടിലാണ് താമസം. ദുരന്തം കുടുംബത്തിന്റെ അത്താണി ആണ് ഇല്ലാതാക്കിയത്.

സുഹൃത്തുക്കൾ അറിഞ്ഞില്ല അപകടം

ബന്ധുക്കൾ ഇന്നലെ വൈകിട്ട് ഹരിയാനയിലെ കൽക്ക ഗവ. ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറി‍‍ഞ്ഞു. പ‍‍ഞ്ചഗുള എന്ന സ്ഥലത്തു  ട്രക്ക് ഇടിച്ചു സംഭവസ്ഥലത്തു തന്നെ അനസ് മരിച്ചുവെന്നാണ്  ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്നു ലഭിച്ച വിവരം.  അപകടത്തിന്റെ തലേ ദിവസം കുറച്ചു സൈക്കിളിങ് താരങ്ങളുമായി അനസ് ഹജാസ് പരിചയപ്പെട്ടിരുന്നു. അന്ന് എല്ലാവരും ഒരുമിച്ച് താമസിച്ചു. പിറ്റേന്ന് രാവിലെ എല്ലാവരും ഒരുമിച്ച് യാത്ര തിരിച്ചു. സൈക്കിൾ സംഘം മുന്നിൽ പോയി. 

10 കിലോമീറ്റർ പിന്നിട്ട ശേഷം സൈക്കിൾ സംഘം മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നാലെ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് സ്കേറ്റിങ് ബോർഡ് യാത്രികന്  ട്രക്ക് ഇടിച്ചു പരുക്കേറ്റ വിവരം സൈക്കിൾ സംഘത്തെ അറിയിക്കുന്നത്. അവർ തിരികെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അനസ് മരിച്ചു. ഇന്നു പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതശരീരം  വിമാന മാർഗം നാട്ടിലെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com