കാട്ടാക്കട ∙ മലയോര മേഖലയിൽ 3 ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. പല സ്ഥലത്തും പകൽ ശക്തമായ മഴ പെയ്തില്ല. കാട്ടാക്കട താലൂക്കിൽ മരം വീണ് 2 വീടുകൾ ഭാഗികമായി നശിച്ചു. വീരണകാവ് വില്ലേജിൽ കൈതക്കോണം പൊറ്റയിൽ വീട്ടിൽ ഭാസ്കരൻ അചാരി,കണ്ണേറുവിളാകത്ത് ഗോവിന്ദൻ ആചാരി എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകർന്നത്. വീടിനു സമീപം നിന്നിരുന്ന മരം വീണ് ഇരു വീടുകളിലും ഷീറ്റ് മേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുകാർക്ക് പരുക്കില്ല.

താലൂക്കിൽ 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇതിൽ ഒരിടത്ത് 2 കുടുംബങ്ങൾ കഴിയുന്നു. കട്ടയ്ക്കോട് സെന്റ് ആന്റണീസ് യുപി സ്കൂളിലാണ് 2 കുടുംബങ്ങൾ കഴിയുന്നത്. ഗ്രാമീണ മേഖലയിൽ കാർഷിക മേഖലയിൽ വ്യാപക നാശം നേരിട്ടു. പച്ചക്കറി കൃഷിക്കാണ് നാശം ഏറെ. കാർഷിക നാശം സംബന്ധിച്ച് നഷ്ടം കണക്കാക്കി തുടങ്ങിയില്ല. വെള്ളം കയറി തോടുകളും ആറുകളും കരകവിഞ്ഞതോടെ കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യ വന മേഖലയിലേക്കുള്ള വഴികളെല്ലാം അടഞ്ഞു. സെറ്റിൽമെന്റുകൾ ഒറ്റപ്പെട്ട നിലയിലാണ്.