ADVERTISEMENT

വർക്കല∙ പുന്നമൂട് മാർക്കറ്റിൽ നിന്നു കേടു വന്നതും രാസവസ്തുക്കൾ ചേർത്തതുമായ 200 കിലോ മത്സ്യങ്ങൾ വർക്കല ഫുഡ് സേഫ്റ്റി വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും പിടിച്ചെടുത്തു നശിപ്പിച്ചു. കഴിഞ്ഞദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് മത്സ്യങ്ങൾ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 200 കിലോ ചൂര മത്സ്യമാണ് പിടികൂടിയത് വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകുമെന്നു ഫുഡ് സേഫ്റ്റി ഓഫിസർ ആർ.പ്രവീൺ പറഞ്ഞു. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ബിജു, പി.ആർ.അനിൽകുമാർ, എസ്.ആർ.അനീഷ്, എസ്.സരിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ചീഞ്ഞ മത്സ്യവിൽപന നഗരസഭ വക മാർക്കറ്റിൽ

നഗരസഭ വകയായ പുന്നമൂട് മാർക്കറ്റിൽ നിന്നു പഴകിയ മത്സ്യം പിടിച്ചെടുത്ത സംഭവങ്ങൾക്കു പിന്നാലെ ഇന്നലെ 200 കിലോ അഴുകിയ ചൂര പിടിച്ചെടുത്തത് മാർക്കറ്റിലേക്ക് പതിവായി എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം എത്രത്തോളമാണെന്ന ചിത്രം വ്യക്തമാക്കുന്നു. നഗരസഭ വകയായ പുന്നമൂട് മാർക്കറ്റിലാണു ഏറ്റവും കൂടുതൽ ആളുകൾ മത്സ്യം വാങ്ങാനെത്തുന്നത്. മാർക്കറ്റിന്റെ ഏറിയ ഭാഗത്തും മത്സ്യവിൽപന നടക്കുന്നതിനാൽ ദിവസവും രാവിലെ മുതൽ ഉച്ചവരെ നല്ല തിരക്കാണ്.

ഇടക്കാലത്ത് മീനിന്റെ ഗുണമേന്മ ഉറപ്പാക്കാൻ നടത്തിയ ചില നീക്കങ്ങളെല്ലാം പിന്നീട് പാളി. മീനിൽ മായം ചേർക്കാൻ മണൽ വിതറുന്നതും തടയാനുള്ള നീക്കം വിഫലമായി. രാസവസ്തുക്കൾ ചേർന്ന മണൽ ചെറിയ സഞ്ചികളിൽ നിറച്ചു മാർക്കറ്റിനുള്ളിലേക്കു കടത്തി മീനിൽ പുരട്ടുന്നത് പതിവായിരുന്നു. ബാക്കി വരുന്ന മത്സ്യം ഫ്രീസർ സംവിധാനമില്ലാതെ മാർക്കറ്റിൽ പെട്ടികളിലാക്കി സൂക്ഷിച്ചു അടുത്തദിവസം വിൽക്കുന്നതും ശക്തമായി തടയണമെന്നു ആവശ്യവും നടപ്പായില്ല. കൂടാതെ മാർക്കറ്റിന്റെ ശോച്യാവസ്ഥ പലതവണ വാർത്തയായതാണ്. 

മലിനജലം കെട്ടിനിൽക്കുന്ന ഓടകളും ഇടിഞ്ഞു വീഴാറായ ഒരു ഭാഗത്തെ മേൽക്കൂരയും മാർക്കറ്റിന്റെ നിലവിലെ അവസ്ഥയാണ്. കിഫ്ബിയുടെ ധനസഹായത്തോടെ പുനർനിർമാണം ബജറ്റ് രേഖകളിൽ നഗരസഭ അവതരിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ പരിതാപകരമായ അവസ്ഥ തരണം ചെയ്യാൻ നഗരസഭയ്ക്കു മുന്നിൽ മാർഗങ്ങളില്ലാതെ സ്ഥിതിയെന്നാണു ബിജെപി വാർഡ് കൗൺസിലർ എസ്.ഉണ്ണിക്കൃഷണൻ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com