ADVERTISEMENT

‘ഒരു മരം വെട്ടുന്നേരം മരുഭൂമി ജനിക്കുന്നു ഒരു മരം വെട്ടുന്നേരം കൃഷിഭൂമി മരിക്കുന്നു’ എന്ന് കവി അയ്യപ്പപ്പണിക്കർ എഴുതിയിരുന്നു. എന്നാൽ ആറ്റിങ്ങൽ ചെമ്പകമംഗലത്ത് ഒരു മരം മുറിക്കുമ്പോൾ മരുഭൂമി ജനിക്കാതെയും കൃഷിഭൂമി മരിക്കാതെയും ആയിരം വൃക്ഷങ്ങൾ ജനിപ്പിക്കുകയാണ് നാട്ടുകാർ.

ആറ്റിങ്ങൽ∙  തിരുവനന്തപുരം– കൊല്ലം ദേശീയപാതയിൽ ചെമ്പകമംഗലത്ത് നൂറ്റാണ്ടുകളായി നിന്നിരുന്ന നാട്ടുമാവും രാജഭരണകാലത്തെ ചുമടുതാങ്ങിയുമാണ് ദേശീയപാതാ വികസനത്തിനായി മാറ്റേണ്ടി വരുന്നത്. വികസനത്തിനു തടസ്സമാകണമെന്നില്ലെങ്കിലും, നാടിന്റെ മുഖമുദ്രയായിരുന്ന മാവും ചുമടുതാങ്ങിയും നഷ്ടമാകുന്നതിന്റെ വേദന നാട്ടുകാരിൽ ഓരോരുത്തരിലുമുണ്ടായിരുന്നു. 

ഇത്രയും കാലം നമുക്ക് തണലേകിയ, മാമ്പഴക്കാലത്ത് മധുരമേറും നാട്ടുമാങ്ങകൾ നൽകി നമ്മുടെ വയറു നിറച്ച മുത്തശ്ശി മാവിന് ഇതുവരെ ഇല്ലാത്ത മഞ്ഞ പെയിന്റടിച്ച് നമ്പർ രേഖപ്പെടുത്തി മരണസൂചന നൽകിയത് കണ്ടവരില്ലെല്ലാം വേദന നിറച്ചിരുന്നു. അതുപോലെതന്നെ സൗഹൃദങ്ങളുടെ കളിചിരികൾക്ക് ഇടം നൽകിയ ചുമടുതാങ്ങി നഷ്ടമാകുന്നതിന്റെ വേദനയുമുണ്ടായിരുന്നു. 

എന്തായാലും ഇവ മാറ്റേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ നാട്ടുകാരുടെ ഉള്ളിലുദിച്ച ആശയമാണ് ഉചിതമായ യാത്രയയപ്പ് നൽകുക എന്നത്. പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു, ചെമ്പകമംഗലം എന്ന പ്രദേശത്തിന്റെ പേരു മാറ്റാനുള്ള ഒരു തീരുമാനം ഇടയ്ക്ക് സർക്കാരിൽ നിന്നുണ്ടായപ്പോൾ പേരു സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ചെമ്പകമംഗലം സംരക്ഷണ സമിതി എന്ന സംഘടന ഉണ്ടായിരുന്നു. എന്നാൽ ഈ പേരു മാറ്റാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതോടെ അങ്ങനെ ഒരു സംരക്ഷണ സമിതിയുടെ ആവശ്യമില്ലാതെയായി. 

tree3
മുത്തശ്ശിമാവിനെ അവസാനമായി കാണാനും ആ തണലിൽ നിന്ന് സെൽഫി എടുക്കാനും വലുപ്പചെറുപ്പമില്ലാതെ ഓരോരുത്തരും എത്തിയപ്പോൾ..

മാവിനു യാത്രയയപ്പും ചുമടുതാങ്ങിക്കു മറ്റൊരു സ്ഥലം നൽകി സംരക്ഷിക്കുന്നതിനുമായി ചെമ്പകമംഗലം സംരക്ഷണ സമിതിയെ ചെമ്പകമംഗലം പൗരസമിതിയാക്കി മാറ്റി. സ്ഥലത്തുള്ള സാംസ്കാരിക സംഘടനകളിലെയും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രതിനിധികളും നാട്ടുകാരുമെല്ലാം ഉൾപ്പെടുന്നതാണ് ഈ പൗരസമിതി. തുടർന്ന് എങ്ങനെ ആദരം നൽകാമെന്ന ചർച്ചയിൽ എല്ലാവരുടെയും ആശയങ്ങൾ രൂപപ്പെടുത്തി, നാട്ടുമാവിന് ദിവസങ്ങൾ മാത്രം ആയുസ്സ് ബാക്കി നിൽക്കെ ഓഗസ്റ്റ് 9–ന് യാത്രയയപ്പ് നൽകാൻ തീരുമാനമായി. 

ഒരു ദിവസം മുഴുവൻ നീളുന്ന പരിപാടിയാണ് സമിതി ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് രാവിലെ 7ന് നാട്ടുമാവിൻ തണലിൽ പ്രദേശവാസികൾ ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി. ശേഷം നാട്ടുമാവിന്റെ ഓർമകൾ നിലനിർത്തി പ്രദേശസവാസികൾക്കെല്ലാം വൃക്ഷത്തൈകൾ വിതരണം ചെയ്തു.

പുനഃസമാഗങ്ങൾ, സ്നേഹസൗഹൃദങ്ങൾ പുതുക്കൽ, ഓർമകൾ പങ്കുവയ്ക്കൽ എന്നിവയുമുണ്ടായിരുന്നു. മാവിന്റെ തണലിലിരുന്ന് നാട്ടുതമാശകളും കളിചിരികളും പങ്കിട്ടതും അതുവഴി പോകുന്ന പ്രണയിനിയെ കാണാൻ കാത്തുനിന്നതും വെയിലേൽക്കാതെയും മഴ നനയാതെയും സംരക്ഷിച്ചതും പല പ്രാവശ്യം കിളികളുടെ ‘കക്കൂസ്’ ആയി മാറിയ അനുഭവവുമൊക്കെ പലരും പങ്കുവച്ചു.

‘കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വന്നശേഷം കൂട്ടുകാരുമൊത്തു ക്രിക്കറ്റ് കളി ഉണ്ടായിരുന്നു. കളിയുടെ ആവേശത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ ബാഗും വച്ച് ഒറ്റ ഓട്ടമാണ്. കളി കഴിഞ്ഞ ശേഷം എല്ലാവരുമൊത്ത് മാവിന്റെ ചുവട്ടിൽ കുറച്ചുനേരം വിശ്രമിക്കും. മാമ്പഴക്കാലം നമുക്ക്  മത്സരകാലം കൂടിയായിരുന്നു. മാവിനു സമീപമുള്ള ഓട്ടോസ്റ്റാൻഡിലെ ചേട്ടൻമാരോടു മത്സരിച്ച് നാട്ടുമാങ്ങ പെറുക്കി കഴിക്കും. 

ഇരട്ടി മധുരമുള്ള മാങ്ങ വീഴുമ്പോൾതന്നെ പെറുക്കിയെടുക്കാൻ ഓട്ടോചേട്ടൻമാരും സമീപത്തെ കടയിലുള്ളവരും ഓടിയെത്തും. ഒരു കാറ്റു കൂടി വീശുവാണേൽ പിന്നെ പറയും വേണ്ട. ഇവരോടൊക്കെ മത്സരിച്ച് മാങ്ങ പെറുക്കിയെടുക്കുക എന്നത് നമുക്ക് ആവേശമായിരുന്നു. ഒറ്റ ഇരുപ്പിന് അവിടെ ഇരുന്നുതന്നെ മൂന്നും നാലുമെണ്ണം കഴിച്ച് വിശപ്പു മാറ്റിയിട്ടായിരുന്നു വീട്ടിൽ പോയിരുന്നത്. 

ഇപ്പോൾ മാവ് നഷ്ടമാകുന്നെന്ന് കേട്ടപ്പോൾ ഉള്ളിലൊരു വേദന, വിദേശത്ത് ആയതുകൊണ്ടുതന്നെ ആദരിക്കൽ ചടങ്ങിലൊന്നും നേരിട്ട് പങ്കെടുക്കാൻ ആയില്ല. അതിന്റെ ഒരു വിഷമവുമുണ്ട്. ഫോട്ടോയും വിഡിയോയുമൊക്കെ കണ്ടപ്പോൾ കുട്ടിക്കാല ഓർമകളിലേക്കു മടങ്ങിപ്പോകുകയും അന്നത്തെ കൂട്ടുകാരിൽ പലരും വിളിക്കുകയും ചെയ്തു’– ചെമ്പകമംഗലം സ്വദേശിയും ഇപ്പോൾ ഒമാൻ എയറിൽ സൂപ്പർവെയ്‌സറുമായ പ്രജിത് സി ശശിധരൻ ഓർമകൾ പങ്കിട്ടു.

ചെമ്പകമംഗലത്തു നിന്നു മാറി താമസിക്കുന്ന പലരും നേരിട്ടെത്തി ഓർമകൾ പങ്കുവച്ചതും വിദേശരാജ്യങ്ങളിലുള്ളവർ വിഡിയോ കോളിലൂടെ പരിപാടിയിൽ പങ്കുചേർന്നതുമെല്ലാം ഏറെ സന്തോഷം നൽകുന്നതായിരുന്നെന്ന് പൗരസമിതി സെക്രട്ടറി പി.ധർമപാലൻ മനോരമ ഓൺലൈനോടു പറഞ്ഞു. 

തുടർന്ന് ചിത്രകാരൻ പ്രിൻസ് തോന്നയ്ക്കലിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ ചിത്രാവിഷ്കാരം, നാടൻപാട്ട്, കാവ്യാലാപനം, പ്രതീകാത്മക ഉറിയടി, പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉൾപ്പടെയുള്ളവർ പങ്കെടുത്ത സാംസ്കാരിക സമ്മേളനം എന്നിവയ്ക്കു പുറമേ രാത്രി ഒൻപതിനു മുഴുവൻ പൗരാവലിയും ദീപം തെളിയിച്ച് മാവിനു യാത്രാമൊഴി നൽകിയതിലൂടെ അവർ ആദരം അർപ്പിച്ചു. തങ്ങളുടെ മുത്തശ്ശിമാവിനെ അവസാനമായി കാണാനും ആ തണലിൽ നിന്ന് സെൽഫി എടുക്കാനും വലുപ്പചെറുപ്പമില്ലാതെ ഓരോരുത്തരും എത്തുകയും ചെയ്തു. 

tree-2

ഓർമകളിൽ മാത്രമുള്ള ചുമടുതാങ്ങി

വാഹന സൗകര്യം നിലവിൽ വരുന്നതിനു മുൻപ്, രാജഭരണ കാതലത്ത് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടയ്ക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി. .ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇവ നിർമിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. എന്നാൽ വാഹനസൗകര്യങ്ങൾ വന്നതോടെ ഈ ചുമടുതാങ്ങികൾ അപ്രത്യക്ഷമാകാനും തുടങ്ങി. 

ചെമ്പകമംഗലത്ത് മാറ്റി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ചുമടുതാങ്ങി ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ 60–ാം ജൻമവാർഷികത്തിന്റെ ഓർമയ്ക്കായി രണ്ട് മുത്തശ്ശിമാവിന്റെ അടിയിലായി  105 വർഷം മുൻപ് 1917–ലാണ് സ്ഥാപിച്ചത്. ഏകദേശം 50 വർഷം മുൻപ് ഇതിൽ ഒരു മുത്തശ്ശി മാവിന്റെ ഭാഗങ്ങൾ കേടായതിനെത്തുടർന്ന് മുറിച്ചു മാറ്റിയിരുന്നു. പക്ഷേ അന്ന് ആ മാവിനു പകരം ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ആ വേദനയ്ക്കു കൂടി പരിഹാരം എന്ന രീതിയിലാണ് നിലവിലുള്ള മുത്തശ്ശിമാവ് മുറിച്ചു മാറ്റുമ്പോൾ ആദരം നൽകിയതും പകരം വൃക്ഷത്തൈകൾ വിതരണം ചെയ്തതും. 

ദേശീയപാതയുടെ വികസനത്തിന്റെ അതിർത്തി കഴിഞ്ഞുള്ള പൊതു പ്രദേശത്ത് ദേശീയപാത അതോറിറ്റിയുടെതന്നെ അനുവാദത്തോടെ ചുമടുതാങ്ങി മാറ്റിസ്ഥാപിക്കാനാണ് പൗരസമിതി ഉദ്ദേശിക്കുന്നത്. വികസനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമില്ല, പകരം ബദലായി പുതിയ റോഡ് വരുമ്പോൾ കൂടുതൽ വൃക്ഷത്തൈകൾ നട്ട്, ഈ മുത്തശ്ശിമാവിന്റെ നഷ്ടം പരിഹരിക്കുക എന്നതാണ് പ്രദേശവാസികളുടെയെല്ലാം തീരുമാനമെന്നും ധർമപാലൻ പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com