ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളജ് ആയ തിരുവനന്തപുരം മെഡിക്കൽ കോളജ് സപ്തതി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.മൂന്നു ദിവസം നീളുന്ന  ആഘോഷം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കു തിലകക്കുറിയായ സ്ഥാപനം ഉദ്ഘാടനം ചെയ്തത് 1951 നവംബർ 27നായിരുന്നു.  ആശുപത്രി പ്രവർത്തന സജ്ജമായതിന്റെ ഉദ്ഘാടനം 1954 ഫെബ്രുവരിയിലും.. അന്നത്തെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു രണ്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.

trivandrum-nehru
മെഡിക്കൽ കോളജ് ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് എന്നിവർക്കൊപ്പം

ആശുപത്രിയിലെ ആദ്യ ഒ.പി ടിക്കറ്റ് നെഹ്റു വിന്റെ പേരിൽ എടുത്തായിരുന്നു ഉദ്ഘാടനം. 1948ലാണ് തിരുവനന്തപുരത്തിന്  മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തിരുവിതാംകൂർ സർക്കാർ  തീരുമാനിച്ചത്. കോളജിനായി  മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ 139 ഏക്കർ അനുവദിച്ചു. പഠനം നടത്താനായി മൈക്രോബയോളജി വിദഗ്ധനായ ഡോ.സി.ഒ കരുണാകരന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പദ്ധതി യഥാർഥ്യമാക്കുകയായിരുന്നു.

കരുണാകരൻ മെഡിക്കൽകോളജിന്റെ ആദ്യ ഡീനായി. ഡോ.കേശവൻനായർ ആദ്യത്തെ സൂപ്രണ്ടും. 1950 ജനുവരി 26നു മെഡിക്കൽകോളജിന്റെ നിർമാണത്തിന് ചിത്തിര തിരുനാൾ  തറക്കല്ലിട്ടു. 51ൽ  നിർമാണം പൂർത്തിയായി. കേരളത്തിൽ ആദ്യത്തേതും ഏറ്റവും പ്രാധാന്യമേറിയതുമായ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണിത്. ദേശീയ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് കേന്ദ്ര സർക്കാർ ഉയർത്തിയത് ദക്ഷിണേന്ത്യയിൽ സ്ഥാപനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തായിരുന്നു.

മെഡിക്കൽകോളജ് ക്യാംപസിൽ കോളജിനും ആശുപത്രിക്കും പുറമേ ആർസിസി, ശ്രീചിത്ര, എസ്എടി, ഡന്റൽ മെഡിക്കൽ കോളജ്, ഫാർമസി കോളജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും, കേരള ആരോ​ഗ്യ സർവകലാശാല, ആർസിസി, ​ഗവ.ഡന്റൽ കോളജ്, ​ഗവ.നഴ്സിങ് കോളജ്, ശ്രീചിത്ര മെഡിക്കൽ സയൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഘടകം, കോളേജ് യൂണിയൻ എന്നിവ സംയുക്തമായാണ് ആഘോഷം.

27ന് പ്രമുഖ ഡോക്ടർമാർ നയിക്കുന്ന ചർച്ചയും തുടർ വിദ്യാഭ്യാസ പരിപാടികളും . 28ന് സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.  ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയാകും. മെഡിക്കൽ എക്സിബിഷനും ജനസമ്പർക്ക പരിപാടികളും നടത്തും. എസ്.എ.ടി ആശുപത്രിയിലും, ആർ.സി.സി , ശ്രീചിത്രാ ആശുപത്രികളിലും ​ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരിൽ പ​ദ്ധതി തുടങ്ങും. മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ രക്ഷാധികാരികളായി ഓർ​ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com