ADVERTISEMENT

നേമം∙ വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി 40 പവൻ സ്വർണം കവർന്ന ശേഷം 15 കിലോമീറ്റർ അകലെ ഉപേക്ഷിച്ച സംഭവത്തിൽ മലയിൻകീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തൻ വീട്ടിൽ ഗണേശൻ(44) അറസ്റ്റിലായി. പള്ളിച്ചൽ ഇടയ്ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പത്മകുമാരി അമ്മയെ കഴിഞ്ഞ മാസം 29 ന് വൈകിട്ട് 6 മണിയോടെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. ഇവരെ തട്ടിക്കൊണ്ടുപോയ കാറിനെ പിന്തുടർന്ന കാറിന്റെ ഉടമയാണ് ഇയാൾ. കാറിൽ ഇയാൾ ഇല്ലായിരുന്നുവെന്നും മോഷണ സംഘത്തിന് കാർ കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശിയായ ഇയാൾ മലയിൻകീഴിൽ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ വിവിധ സ്റ്റേഷനുകളിലായി കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാളെന്ന് നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ പറഞ്ഞു. ആറ്റിങ്ങലിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉൾപ്പെടെ കേസിൽ എട്ടുപേർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചേർത്തലയിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് തട്ടിക്കൊണ്ടുപോയത്.

ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിൽ ഉണ്ടായിരുന്ന അഞ്ചുപേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ടുപേർ തമിഴ് സംസാരിക്കുന്നവരാണെന്ന് പത്മകുമാരി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാഡോ പൊലീസും നരുവാമൂട് പൊലീസും ഇതര ജില്ലകളിൽ പരിശോധന നടത്തിയെങ്കിലും സംഭവം നടന്ന് രണ്ടാഴ്ചയോളം ആയിട്ടും ഇതുവരെ  പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന് ക്ഷീണമായി. പ്രാവച്ചമ്പലം ഇടയ്ക്കോട് മണലുവിള ക്ഷേത്രത്തിന് സമീപത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ ഊരിയെടുത്തശേഷം കാട്ടാക്കടയ്ക്ക് സമീപം കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com