ADVERTISEMENT

തിരുവനന്തപുരം ∙ കേശവദാസപുരത്ത് റിട്ട. ഗവ. ഉദ്യോഗസ്ഥയായ വീട്ടമ്മയെ പശ്ചിമ ബംഗാൾ സ്വദേശിയയായ തൊഴിലാളി കൊലപ്പെടുത്തിയത് കഴുത്തിൽ കുത്തിയാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പുറമെ  സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കുകയും ചെയ്തു. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ  വീട്ടിൽ മനോരമ (68) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെന്നൈ സ്പെഷൽ പൊലീസ് പിടികൂടിയ പശ്ചിമ ബംഗാൾ കൂച്ച് ബിഹാർ ഹൽദിബാരി ഗംഗാ ദോബയിൽ ആദം അലി (21) യെ കേരള പൊലീസ് കോടതിയിൽ ഹാജരാക്കി.

trivandrum-cctv
കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമയെ കൊലപ്പെടുത്തിയ പ്രതി ആദം അലി സമീപത്തെ വീടിന്റെ കിണറിനു സമീപത്തെത്തിയതിന്റെ സിസിടിവി ദൃശ്യം.

9 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ നാളെ തെളിവെടുപ്പു നടത്തും. മോഷണത്തിനു വേണ്ടിയാണ് കൊലപാതകമെന്നും മൃതദേഹത്തിന്റെ കാലിൽ കല്ല് കെട്ടി അയൽ വീട്ടിലെ കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.  കൊലപാതകത്തെത്തുടർന്ന് കേശവദാസപുരത്തു നിന്നു മുങ്ങിയെ ആദം അലിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്.

ഇതോടെ ആദത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകി.   ചെന്നൈ എക്സ്പ്രസിലാണ് ആദം കടന്നത്. ചെന്നൈ ഡപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക സംഘവും ചെന്നൈ റെയിൽവേ സുരക്ഷാ സേനയും ചേർന്ന് ട്രെയിനുകളിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ചെന്നൈ സെയ്ദാപേട്ട് ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് എത്തിച്ചു.

ചെന്നൈ എക്സ്പ്രസിലാണ് ആദം കടന്നതെന്ന വിവരം തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ അജിത് കുമാർ  ചെന്നൈ ഡപ്യൂട്ടി കമ്മിഷണറെ അറിയിച്ചു.  ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ  നേതൃത്വത്തിൽ  നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി ഷീൻ തറയിൽ, മെഡിക്കൽ കോളജ് എസ്എച്ച്ഒ പി. ഹരിലാൽ, എസ്ഐമാരായ പ്രശാന്ത്, പ്രിയ, രതീഷ്, എസ് സിപിഒമാരായ രഞ്ജിത്ത്, അനിൽ സിപിഒമാരായ ബിമൽമിത്ര, ബിനു, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ആദം തലസ്ഥാനത്ത് എത്തിയത് ഒന്നരമാസം മുമ്പ്

കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി നോക്കിയശേഷം ഒന്നര മാസം മുൻപാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹായത്തോടെ ആദം അലി കേശവദാസപുരം രക്ഷാപുരം പള്ളിക്കു സമീപം ജോലിക്കെത്തിയത്. മൊബൈൽ ഗയിം ആയ പബ്ജിക്കും പാൻ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും അടിമയായിരുന്നു ആദമെന്ന് പൊലീസ് പറഞ്ഞു.  മനോരമ ധരിച്ചിരുന്ന മാല, വള, കമ്മൽ എന്നിവയും കൊല നടത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുക്കാനുണ്ട്. 6 പവൻ  നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു എവിടെയാണെന്ന് ആദം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com