ADVERTISEMENT

തിരുവനന്തപുരം ∙ വള്ളങ്ങളും മീൻപിടിത്ത ഉപകരണങ്ങളും നിരത്തിലിറക്കി  മുദ്രാവാക്യങ്ങളാൽ അലയൊലികളുമുയർത്തി നഗരത്തെ പ്രതിഷേധക്കടലാക്കി മത്സ്യത്തൊഴിലാളികൾ. സെക്രട്ടേറിയറ്റിനു മുന്നിലേക്കു വള്ളങ്ങളുമായി മാർച്ച് നടത്താനുള്ള നീക്കം മ്യൂസിയം സ്റ്റേഷനു മുന്നിലും മറ്റും പൊലീസ് തടഞ്ഞതും സംഘർഷാന്തരീക്ഷമുണ്ടാക്കി.  പൊലീസ് നടപടിക്കെതിരെ  അതിരൂപത ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഒന്നര മണിക്കൂറോളം വൈകി പൊലീസ് അനുമതി നൽകി.

trivandrum-protest-with-boats
മത്സ്യത്തൊഴിലാളി സമൂഹത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സമരക്കാർ മത്സ്യബന്ധന വള്ളങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാളിച്ചയുണ്ടായാൽ തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കാതെ ഈ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡോ.സൂസപാക്യം പറഞ്ഞു. സമരം തീരദേശവാസികൾക്കു ജീവന്മരണ പോരാട്ടമാണ്.

trivandrum-secretariat-march
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നിന്നുള്ള ദൃശ്യം.

വർഷങ്ങളായി സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും കഴിയുന്നവരുടെ പുനരധിവാസത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ല. തുറമുഖ നിർമാണത്തിന് ആവശ്യം പോലെ കരിങ്കല്ല് കിട്ടുമ്പോഴും കടൽഭിത്തിക്കു കല്ലു കിട്ട‍ുന്നില്ലെന്നാണ് സർക്കാരിന്റെ വാദം. അടിസ്ഥാനപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനങ്ങളാണ് അധികാരികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റേത് അശാസ്ത്രീയമായ നിർമാണമാണെന്ന് ബോധ്യമായിട്ടും അധികാരികൾ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

trivandrum-march-leaders
മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യബന്ധന വള്ളങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്. ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, ബിഷപ് ആർ. ക്രിസ്തുദാസ്, മോൺ. യൂജിൻ പെരേര തുടങ്ങിയവർ മുൻനിരയിൽ.

അധികാരത്തിലിരിക്കുന്നവർ മുടന്തൻ ന്യായങ്ങളാണ് പറയുന്നതെന്നും ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്നു ബോധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്നും ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ആരോപിച്ചു. അതിരൂപതാ സഹായ മെത്രാൻ ആർ.ക്രിസ്തു ദാസ്, സമര സമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര, മോൺ. സി.ജോസഫ്, മോൺ.ജയിംസ് കുലാസ്, ഫാ.തിയോഡീഷ്യസ്, ജോണി, അതിരൂപത മത്സ്യ ശുശ്രൂഷാ ഡയറക്ടർ ഫാ.ഷാജിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വൈദികരുൾപ്പെടെ ആയിരക്കണക്കിനു തീരദേശവാസികൾ സമരത്തിൽ പങ്കെടുത്തു.

സമരമൊഴി

‘ഫ്ലാറ്റോ ആഡംബരമോ വേണ്ട മൂന്നു സെന്റ് സ്ഥലവും തലചായ്ക്കാൻ ഒരു കൂരയും മാത്രമാണ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടത്. ഒരു കൂരയ്‌ക്കു കീഴിൽ കുടുംബത്തോടൊപ്പം കഴിയാൻ ഞങ്ങൾക്കും ആഗ്രഹമില്ലേ. പ്രളയ ദുരന്തത്തിൽ രക്ഷാ പ്രവ‌ർത്തനത്തിനു മുന്നിട്ടിറങ്ങിയത് മത്സ്യത്തൊഴിലാളികളാണ്. ആ രക്ഷാ പ്രവ‌ർത്തകരെ ഈ സർക്കാർ അവഗണിക്കുകയാണ്. ഈ സർക്കാർ നിർമിച്ച ഫ്ലാറ്റുകൾ വന്നു കാണണം, മഴ പെയ്താൽ ചോർച്ച. പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫുഡ് കോർപറേഷന്റെ ഗോഡൗണിലുള്ള ക്യാംപുകളിൽ കഴിയുന്നത്. പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല’
- സെൽവമേരി (വലിയതുറ)

‘ഭർത്താവും ഞാനും മാത്രമാണുള്ളത്. മക്കളില്ല. 1500 രൂപ പെൻഷനും റേഷൻ അരിയും കൊണ്ടാണ് ജീവിക്കുന്നത്. ആഹാരമില്ലെങ്കിൽ വെള്ളം കുടിച്ചു കിടക്കും. സർക്കാരിന്റെ ഒരു സാഹയവും കിട്ടിയിട്ടില്ല. കയറിക്കിടക്കാൻ ഒരു വീടെങ്കിലും കിട്ടണമെന്നാണ് ആഗ്രഹം.’
- ജനറ്റ് (പൂന്തുറ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com