ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക ബാധ്യതകളെത്തുടർന്നു ജോലി അന്വേഷിച്ചു രാജ്യം വിടേണ്ടി വന്ന മുൻ മന്ത്രിയായും ആർ.സുന്ദരേശൻ നായരെ ചരിത്രം രേഖപ്പെടുത്തും ! നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്നുള്ള മന്ത്രിയായ ഒരേയൊരാൾ. സാമ്പത്തിക സംവരണം നടപ്പാക്കണമെന്നു ആദ്യമായി നിയമസഭയിൽ ആവശ്യപ്പെട്ട നേതാവിന്റെ ജീവിതം രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടു നിൽക്കും. ജീവിതം തിരിച്ചു പിടിക്കാൻ സ്വകാര്യ കമ്പനിയുടെ കമ്മിഷൻ ഏജന്റായി ഹോങ്കോങ്ങിലെ വീടുകൾ കയറിയിറങ്ങിയത് മറ്റൊരു ഞെട്ടിക്കുന്ന കഥ. ഒരു നേരത്തേ ഭക്ഷണം പോലും കിട്ടാതെ തെരുവിൽ അലഞ്ഞ നാളുകൾ.

പിന്നീട് രാജ്യാന്തര മണി എക്സ്ചേഞ്ച് കമ്പനിയായ ലോട്ടസ് ഫോറെക്സിൽ ഉന്നത ഉദ്യോഗസ്ഥനായതും ചരിത്രം. നെയ്യാറ്റിൻകരയ്ക്കടുത്തു മരുതത്തൂർ മഞ്ചത്തല കുടുംബാംഗമായ സുന്ദരേശൻ നായർ എംഎ ഇംഗ്ലിഷ് ജയിച്ച ശേഷം കെഎസ്ആർടിസി ഡയറക്ടറുടെ പഴ്സനൽ അസിസ്‌റ്റന്റായി ജോലിയിൽ പ്രവേശിച്ചു. ഒപ്പം പാർട്ട് ടൈം ആയി എൽഎൽബിക്കു ചേർന്നു. അധ്യാപകനാകാനായിരുന്നു ആഗ്രഹം.  തിരുവനന്തപുരം വിക്‌ടറി പാരലൽ കോളജ് വാങ്ങി.  

എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്‌ണപിള്ളയുമായി അടുപ്പം സുന്ദരേശനെ പൊതുരംഗത്ത് എത്തിച്ചു. കേരള സർവകലാശാലയിൽ സെനറ്റ് അംഗമായി. തുടർന്ന് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ എൻഡിപിയിൽ എത്തി. യുഡിഎഫിന്റെ ഭാഗമായ എൻഡിപിക്ക് 19977ൽ നെയ്യാറ്റിൻകര സീറ്റ് ലഭിച്ചപ്പോൾ സുന്ദരേശൻ മത്സരിക്കട്ടെയെന്നു കിടങ്ങൂർ തീരുമാനിച്ചു.

സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആർ. പരമേശ്വരൻ നായരെ 5,694 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു സുന്ദരേശൻ നിയമസഭയിൽ എത്തിയത്. 1980ലും എതിരാളിക്കു മാറ്റമില്ല. സുന്ദരേശൻ നായർ 9,644 വോട്ടിന് വിജയിച്ചു. 81ൽ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. 82ൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയിലെ എസ്.ആർ.തങ്കരാജിനോടു പരാജയപ്പെട്ടു. പിന്നീടു പിഎസ്‌സി അംഗമായി. അപ്പോഴേക്കും കടങ്ങളും കയറി.

സുന്ദരേശൻ നായരുടെ വാക്കുകളിൽ : ‘ആദ്യ തിരഞ്ഞെടുപ്പിൽ  6 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നു. കാർ വിറ്റു.  കുടുംബസ്വത്തായി ലഭിച്ച കുറെ വയലുകൾ വിറ്റു. രണ്ടാമത്തെ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കടം 15 ലക്ഷമായി. ബാധ്യത തമ്പാനൂരിൽ വിക്‌ടറിക്കു വേണ്ടി വാങ്ങിയ 20 സെന്റ് സ്ഥലവും അതിനടുത്തെ വീടും വിൽക്കേണ്ടിവന്നു. മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ കടം 23 ലക്ഷം. എംഎൽഎ ഹോസ്‌റ്റലിനടുത്തു ഭാര്യ ലീലയ്ക്കു കുടുംബസ്വത്തായി ലഭിച്ച വീട് വിറ്റു. എന്നിട്ടും 18.5 ലക്ഷം കടം. കാട്ടാക്കട ബസ്‌സ്റ്റാൻഡിനു പിന്നിലെ വിക്ടറി ഐടിഐയും ഒരേക്കർ സ്ഥലവും വിൽക്കേണ്ടി വന്നു. 

അപ്പോൾ എൻഡിപി ജനറൽ സെക്രട്ടറിയും എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്നു സുന്ദരേശൻ നായർ. സംഘടനയെ വിവരം അറിയിച്ചശേഷം ജോലി അന്വേഷിച്ച് ഹോങ്കോങ്ങിലേക്കു പോയി. അവിടത്തെ ദിനങ്ങൾ ശുഭകരമായിരുന്നില്ല. ബാഗും തൂക്കി വീടുകൾ കയറിയിറങ്ങിയ ദുരിതകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കമ്മിഷൻ ഏജന്റിന്റെ ദുരിതപൂർണമായ ജീവിതം. നാട്ടിൽ എവിടെയാണെന്നു ചോദിച്ചവർക്കു സുന്ദരേശൻ മുൻ മന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഹോങ്കോങിലെ ജോലി ഉപേക്ഷിച്ചു 2014 ലാണ് അദ്ദേഹം മടങ്ങി എത്തിയത്. ലോട്ടസ് ഫോറെക്സിലാണു മകൻ പ്രകീത് ഇപ്പോൾ ജോലി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com