വർക്കല∙ പുന്നമൂട് റെയിൽവേ ട്രാക്കിന് സമീപത്തെ കോളനിയിൽ മദ്യപിച്ചിരുന്ന ഒരു സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ 9 പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമൂട് നെടുംപുറത്ത് വിള വീട്ടിൽ മണിരാജ്(28), പുന്നമൂട് കിടങ്ങിൽ പുതുവൽ വീട്ടിൽ അപ്പു(25), പുന്നമൂട് തേരകുളം ചരുവിള വീട്ടിൽ വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി നടന്ന അക്രമസംഭവത്തിൽ ഉൾപ്പെട്ട ഇവർ മൂന്നു പേരെയും അന്നു തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
രാത്രി സമയത്ത് കോളനിയിൽ മദ്യപാനം ശല്യം രൂക്ഷമാണെന്നു പരാതിയെ തുടർന്നുള്ള അന്വേഷണത്തിനാണ് വർക്കല എസ്ഐ പി.ആർ.രാഹുലിന്റെ നേതൃത്വത്തിൽ മൂന്നു പേരടങ്ങിയ പൊലീസ് സംഘമെത്തിയത്. മദ്യപിച്ചു സംഘടിതമായി നിന്ന ഒരു സംഘം സംഘർഷത്തിന് മുതിർന്നതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. അതോടെ സംഘം കൂടുതൽ ആക്രമണകാരികളായി മാറി. എസ്ഐയുടെ കഴുത്തിലെ മാല അക്രമികൾ വലിച്ചു പൊട്ടിച്ചു. എഎസ്ഐ വി.മനോജിന്റെ ഇടതു കൈയെല്ലിന് പരുക്കേറ്റു. മറ്റൊരു എഎസ്ഐ എസ്.ബിജു ഉൾപ്പെടെ ഏതാനും സിപിഒമാർക്കും ആക്രമണത്തിൽ പരുക്കേറ്റു. സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെയും പ്രതികൾ അക്രമാസക്തമായി ജീപ്പിന്റെ ഉൾഭാഗം കേടുവരുത്തിയെന്നു പൊലീസ് പറയുന്നു. ഏതാനും പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.