ADVERTISEMENT

തിരുവനന്തപുരം∙കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തിയത് പൂക്കൾ ചോദിച്ച് വീട്ടിലെത്തിയ ശേഷമാണെന്നു പ്രതി പശ്ചി‍ബംഗാൾ സ്വദേശി തൊഴിലാളി ആദം അലി(21)യുടെ മൊഴി.  പൂക്കൾ പറിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നും, മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ എതിർത്തപ്പോൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിനു കുത്തിയ ശേഷം മാല പൊട്ടിച്ചുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

നിലവിളിച്ചപ്പോൾ തടഞ്ഞു, കഴുത്തിനു കുത്തി‍പ്പിടിച്ച് തുണി കൊണ്ടു വായും മൂക്കും അമർത്തിപ്പിടിച്ചു. തുടർന്ന് മാലയും വളകളും ഊരിയെടുത്തു. ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റി‍ലിട്ടു‍വെന്നുമാണ് ഇയാളുടെ മൊഴി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തു.  മോഷ്ടിച്ച സ്വർണം കണ്ടെത്താനായില്ല. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശ‍വദാസപുരം രക്ഷാ‍പുരി മീനം‍കുന്നിൽ വീട്ടിൽ മനോരമ(68)ആണു ഞായറാഴ്ച ഉച്ചയ്ക്ക് കൊല്ലപ്പെട്ടത്.

പാഞ്ഞ‍ടുത്ത് നാട്ടുകാർ, കയ്യേറ്റം ചെയ്യാൻ പലതവണ ശ്രമം

 ഇന്നലെ ഉച്ചയ്ക്ക് രക്ഷാപുരിയിലെ വീട്ടിൽ തെളിവെടുപ്പിന് ആദം അലിയെ എത്തിച്ചത്. സ്ഥലത്ത് വൻ ജനക്കൂട്ടമാ‍യിരുന്നു. പ്രതിയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയപ്പോൾ മർ‍ദിക്കാനായി നാട്ടുകാർ പാഞ്ഞടുത്തു. പലതവണ ആദം അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. കൊല്ലപ്പെട്ട മനോരമയുടെ വീടിന് അടുത്തായിരുന്നു പ്രതി ഉൾപ്പെടെ കെട്ടിട നിർമാണ തൊഴിലാളികൾ താമസിച്ചിരുന്നത്. ആ വീടിനു മുന്നിലെ ഓടയി‍ലാണ് കത്തി കണ്ടെത്തിയത്. മൃതദേഹം കാലിൽ കല്ലു കെട്ടിയ ശേഷം  കിണറ്റിൽ ഇട്ടതിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കിണറ്റി‍ലിട്ടു. മൃതദേഹം പുറത്തെടുക്കുന്നതിന് കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. കിണറ്റിലെ വെള്ളം ഈ ഓടയി‍ലാണ് ഒഴുകിയെത്തിയത്. കത്തിയും ഇതോടൊപ്പം എത്തിയതാകാ‍മെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.  കണ്ടെടുത്ത കത്തി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

ആഭരണവും ബാഗും എവിടെ

മനോരമ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കാ‍നാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ സ്വർണം എന്തു ചെയ്‍തെന്നു  ഇനിയും കണ്ടെത്താനായിട്ടില്ല. മോഷ്ടിച്ച സ്വർണം അടങ്ങിയ ബാഗ് തെളിവെടുപ്പിൽ ‍കണ്ടെത്താനായില്ലെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് ആദം അലിയു‍ടേതെന്നും പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് മെഡിക്കൽ കോളജ് പൊലീസിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com