പാലോട്∙ പുലർച്ചെ കടയിൽ ചായ കുടിക്കാൻ പോയ തൊഴിലാളി ഇലവുപാലം വട്ടകരിക്കകം ആയിരവല്ലി ബ്ലോക്ക് നമ്പർ 985ൽ രവി (60)യ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരുക്കേറ്റു. ശരീരമാസകലം പരുക്കേറ്റ രവിയെ കാട്ടുപന്നിയിൽ നിന്ന് നാട്ടുകാർ രക്ഷിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ നിന്ന് മാധവൻകരിക്കകത്തെ കടയിലേക്ക് പോകുന്നതിനിടെ വഴിയിൽ വച്ചാണു ആക്രമണം. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടന്ന രവിയുടെ ശരീരത്തിൽ പന്നി കയറി കിടക്കുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ അൽപനേരം കാത്തുനിന്ന നാട്ടുകാർ ഒരുമിച്ചു ബഹളം വച്ചു പന്നിയെ ഓടിച്ച് രവിയെ രക്ഷപ്പെടുത്തി. ശരീരമാസകലം കുത്തിക്കീറിയ നിലയിലാണ്. ഒരു വിരലും നഷ്ടപ്പെട്ടിട്ടുണ്ട്.