കാട്ടാക്കട ∙ കിടപ്പ് രോഗിയായ വയോധിക മാത്രമുണ്ടായിരുന്ന സമയം പട്ടാപ്പകൽ വീട്ടിൽ കയറി പണം കവർന്നു. വണ്ടന്നൂർ സ്വദേശി റിട്ട. നേവി ഉദ്യോഗസ്ഥൻ ജയഭദ്രന്റെ വണ്ടന്നൂരിലുള്ള പാരിജാത ഹൗസിൽ ഇന്നലെ ഉച്ചയോടെയാണ് മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 52,000രൂപ കള്ളൻ കൊണ്ടുപോയി.വീട്ടിൽ കാർ ഷെഡ് നിർമാണം നടക്കുകയാണ്. ഇന്നലെ ജോലിക്കാർ ഉണ്ടായിരുന്നു. കുടുംബത്തിലെ ഭൂമി സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ജയഭദ്രൻ അടുത്ത ബന്ധുവുമൊത്ത് കാട്ടാക്കട താലൂക്ക് ഓഫിസിൽ പോയിരുന്നു. ഉച്ചയോടെ ജയഭദ്രന്റെ സുഹൃത്തുകളും വണ്ടന്നൂർ സ്വദേശികളുമായ 2 പേർ ജയഭദ്രനെ തേടി വീട്ടിലെത്തി.
വീട്ടിൽ ജയഭദ്രൻ ഇല്ലെന്നു ജോലിക്കാർ പറഞ്ഞതോടെ ആദ്യം ഇരുവരും തിരിച്ച് പോയി. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് ഒരാൾ വീട്ടു പടിക്കൽ നിൽക്കുന്നത് ജോലിക്കാരുടെ ശ്രദ്ധയിൽപെട്ടു. വിവരം തിരക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന വ്യക്തി ജയഭദ്രന്റെ തളർന്ന് കിടക്കുന്ന രോഗിയായ മാതാവിനെ കാണാൻ വീടിനുള്ളിൽ നിൽക്കുന്നതായി ഇയാൾ പറഞ്ഞു. അൽപ സമയത്തിനകം ഇരുവരും തിരികെ പോയെന്ന് ഉച്ചയ്ക്ക് താലൂക്ക് ഓഫിസിൽ നിന്നും മടങ്ങിയെത്തിയ തന്നോട് ജോലിക്കാർ പറഞ്ഞതായി ജയഭദ്രൻ പറഞ്ഞു. ജോലിക്കാർ സംശയം പ്രകടിപ്പിച്ചതോടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായത് മനസ്സിലായത്.
ജയഭദ്രന്റെ മാതാവ് കിടന്നിരുന്ന മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയിൽ 500 രൂപ യുടെ ഒരു കെട്ട് നോട്ടും, ജയഭദ്രന്റെ മുറിയിൽ മേശയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് മോഷണം പോയതെന്നു ജയഭദ്രൻ പറഞ്ഞു. വീട്ടിൽ ജയഭദ്രനും മാതാവും മാത്രമാണ് താമസം. ഇത് അറിയുന്നവരാണ് ഉച്ചയ്ക്ക് വീട്ടിലെത്തിയതെന്നു ജയഭദ്രൻ പറഞ്ഞു. മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ഉച്ചയ്ക്ക് വീട്ടിൽ വന്നിരുന്ന ഇരുവരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഒരാൾ പൊലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റൊൾക്കു വേണ്ടി അന്വേഷണം നടക്കുന്നു. കേസെടുത്തതായും ആരെയും പിടികൂടിയില്ലെന്നും മാറനല്ലൂർ പൊലീസ് അറിയിച്ചു.