തീരശോഷണം ഉൾപ്പെടെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം വേണം; സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത

HIGHLIGHTS
  • ഒത്തുതീർപ്പു ശ്രമവുമായി സർക്കാർ
  • സമരം നിയന്ത്രിക്കാൻ പൊലീസ് പട,ബാരിക്കേഡ്, സംഘർഷം‌‌
trivandrum-day-night-protest
ഇരമ്പുന്ന പ്രതിഷേധം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ ആരംഭിച്ച രാപകൽ സമരം. ഇതെത്തുടർന്നു തുറമുഖ നിർമാണം പൂർണമായി സ്തംഭിച്ചു.
SHARE

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ  കവാടത്തിൽ ശക്തമായ രാപകൽ സമരത്തിനു തുടക്കമായി. ഇതോടെ തുറമുഖ നിർമാണം പൂർണമായി സ്തംഭിച്ചു.  നഗരത്തിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായ സമരപരമ്പരക്കാണ് പദ്ധതി നിർമാണ സ്ഥലത്ത്  തുടക്കമായത്.  രാവിലെ 10നു ശേഷം പരുത്തിയൂർ, കൊല്ലങ്കോട് ഇടവകകളിൽ നിന്നുള്ള സ്ത്രീകളുൾ‌പ്പെടെ നൂറുകണക്കിനു പേരാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്.

trivandrum-day-night-strike
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ രാപകൽ സമരം തുടങ്ങിയപ്പോൾ.പ്രവേശനം തടഞ്ഞ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമറിക്കാനുള്ള സമരക്കാരുടെ ശ്രമം. മുതിർന്ന വൈദികരുൾപ്പെടെ ഇടപെട്ട് സമരക്കാരെ ശാന്തരാക്കുന്നതും കാണാം.

ഇതിനൊപ്പം വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ ബൈക്കു റാലിയുമായി എത്തിയതോടെ തുറമുഖ കവാടം അക്ഷരാർഥത്തിൽ നിറഞ്ഞു. അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് സമരം ഉദ്ഘാടനം ചെയ്തു. തുറമുഖത്തിനെതിരായ സമരം നിലനിൽപ്പിന്റെ സമരമാണെന്നും ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശോഭനമാകുമെന്നു തെറ്റിദ്ധരിപ്പിച്ചാണ് നിർമാണം.ജീവനും തൊഴിലിനും ഭീഷണിയായ നിർമാണം നിർ‌ത്തിവച്ച് ഭവിഷ്യത്തുകളെ കുറിച്ചും പഠനം നടത്തിയ ശേഷം മതി നിർമാണം എന്നും അദ്ദേഹം പറഞ്ഞു. 

trivandrum-christudas
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ തുടങ്ങിയ രാപകൽ സമരം അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഓരോ ദിവസവം രണ്ടു ഇടവകകളിൽ നിന്നുള്ളവരാണ് രാപകൽ സമരത്തിൽ പങ്കെടുക്കുന്നത്. ഉന്നയിച്ച 7ആവശ്യങ്ങളും നേടിയെടുക്കും വരെ സമരം തുടരുമെന്ന് മോൺ. യൂജിൻ പെരേര, വികാരി ജനറൽ മോൺ.നിക്കൊളാസ്, മോൺ. ജയിംസ് കുലാസ്, ഫാ.തിയോഡോഷ്യസ്, ഫാ.മൈക്കിൾ തോമസ് എന്നിവർ അറിയിച്ചു. സമരത്തെ നേരിടാൻ ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ട്. കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ച് സമരക്കാരെ പൊലീസ് തടഞ്ഞു.

ബാരിക്കേഡ് ഭേദിക്കാനുള്ള സമരക്കാരുടെ ശ്രമം സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും നേതൃത്വം ഇടപെട്ട് സമരക്കാരെ ശാന്തരാക്കി. തുറമുഖ നിർമാണം നിർത്തിവച്ചു എന്നു നേരിട്ട് മനസിലാക്കാൻ വികാരിമാരുടെ സംഘം നിർമാണ സ്ഥലം സന്ദർശിച്ചു. ഓഫിസ് ജോലികളും ലഘു നിർമാണ പ്രവർത്തികളും ശ്രദ്ധയിൽപ്പെട്ടതുൾപ്പെടെ നിർ‌മാണം പൂർണമായി നിർത്തിവയ്പ്പിച്ചു എന്നു സന്ദർശക സംഘത്തിലെ ഫാ. മൈക്കിൾ തോമസ് അറിയിച്ചു.

trivandrum-police
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ തുടങ്ങിയ രാപകൽ സമരം നേരിടാൻ സ്ഥലത്തെ പൊലീസ് വിന്യാസം.

സമരം അതിതീവ്ര രൂപത്തിലേക്ക്

മുല്ലൂരിലെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ  കവാടത്തിലേക്ക് സമരക്കടൽ ഇരമ്പി എത്തി.  രണ്ടു ഇടവകകളിലെ യുവജനങ്ങളും സ്ത്രീകളുമുൾപ്പെട്ടവർ എത്തിയപ്പോൾ തന്നെ  പരിസരം ജനനിബിഡമായി. പിന്നാലെ തുറമുഖ സൈറ്റിൽ നിർമാണം പൂർണമായി സ്തംഭിച്ചു. സർക്കാർ അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വരും നാളുകൾ  തുറമുഖകവാടം സമരവേലിയേറ്റങ്ങളുടെ തിരത്തള്ളലുകളിലേക്ക് എടുത്തെറിയപ്പെടും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തോടനുബന്ധിച്ചു ഉണ്ടായിട്ടുള്ള തീരശോഷണമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വതവും അടിയന്തരവുമായ പരിഹാരം ആവശ്യപ്പെട്ടുള്ള  സമരപരമ്പരകളുടെ അടുത്ത ഘട്ടം എന്ന നിലക്കാണ് ഇന്നലെ മുല്ലൂരിലെ സമര തുടക്കം. രാവിലെ 10 വരെ ഏതാനും വൈദികർ മാത്രം അണി നിരന്ന സമര വേദിയിൽ കണ്ണടച്ചു തുറക്കും മുൻപേ വലിയ പന്തൽ ഉയർന്നു. പിന്നാലെ നിരവധി ബൈക്കുകളുൾപ്പെട്ട ആദ്യ റാലി ഇരമ്പി എത്തി. വൈദികരുൾപ്പെടെ മുദ്രാവാക്യങ്ങളുമായി സമരക്കാർക്ക് ഒപ്പം അണിനിരന്നു.  സ്ത്രീകളുൾപ്പെടെ വലിയ ജനവിഭാഗം കടുത്ത വെയിലിനെ വെല്ലുവിളിച്ച് മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി സമരവേദിയിൽ നിറഞ്ഞു.  അരമണിക്കൂർ പിന്നിട്ടതോടെ രണ്ടാമത്തെ ബൈക്ക് റാലിയും എത്തി. ഇതോടെ സമരകവാടം ശരിക്കും ആവേശക്കടലായി.

trivandrum-protest
തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന തുറമുഖ പ്രവേശന കവാടത്തിൽ രാപകൽ സമരം പുരോഗമിക്കുന്നതിനിടെ സമരക്കരാരെ തടയാനായി കൂടുതൽ ബാരിക്കേഡ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയർന്നപ്പോൾ. പ്രതിഷേധത്തെ തുടർന്ന് അധികമായി എത്തിച്ച ബാരിക്കേഡ് പൊലീസ് തിരികെ കൊണ്ടു പോയി.

തുറമുഖത്തേക്കുള്ള നാലു വരി റോഡു മുഴുവൻ സമരക്കാരെ കൊണ്ടു നിറഞ്ഞു. മോൺ. യൂജിൻ പെരേര, വികാരി ജനറലും സമരസമിതി കൺവീനറുമായ മോൺ. നിക്കോളാസ്, മോൺ. ജയിംസ് കുലാസ്,വൈദികരായ തിയോഡോഷ്യസ്, മൈക്കിൾ തോമസ്, ഹൈസന്ത് നായകം, ജസ്റ്റിൻ ജൂഡിൻ, റോബിൻസൺ, ലാബറിൻ യേശുദാസ്, ഷാജൻ ജോസ്, ആഷ്ലിൻ, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി എസ്.ബി, അനീഷ് ഫെർണാണ്ടസ്, കൺവീനർമാരായ പാട്രിക് മൈക്കിൾ, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരപരിപാടിക്ക് നേതൃത്വം നൽകി.

കറുപ്പണിഞ്ഞ് സമരക്കാർ

തുറമുഖ കവാടത്തിലെ അനിശ്ചിത കാല സമര തുടക്ക ദിനമായ ഇന്നലെ കരിദിനാചരണ പ്രഖ്യാപനത്തെ തുടർന്ന് സമരക്കാർ ഏറെയും എത്തിയത് കറുത്ത വസ്ത്രമണിഞ്ഞും കറുത്ത കൊടിയേന്തിയും. പരുത്തിയൂർ പള്ളി വികാരി ഫാ. ജേക്കബ് സ്റ്റെല്ല സ്, കൊല്ലംകോട് ഇടവക വികാരി ഫാ.ആന്റോ ജ്യോതിസ്, സഹ വികാരി ഫാ. നിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ രാവിലെ 10നു ശേഷം തുറമുഖ കവാടത്തിലേക്ക് ഒഴുകി എത്തി. പിന്നാലെ അഞ്ചുതെങ്ങ്, വേളി മുതലുള്ള ഇടവകകളിലെയും പുല്ലുവിള മേഖലയിലെ പത്ത് ഇടവകകളിൽ നിന്നുള്ള യുവാക്കളും കരിങ്കൊടി ഏന്തി ബൈക്കുകളിൽ റാലിയായും എത്തി.

വൻ പൊലീസ് നിര എത്തി 

പ്രതിഷേധക്കാരെ തടയാനും ക്രമസമാധാന പാലനത്തിനുമായി ഡിസിപി അജിത് കുമാർ, അസി കമ്മിഷണർമാരായ എസ്. ഷാജി, പ്രതാപൻ നായർ, ഷീൻ തറയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള 400ൽ പരം പൊലീസ് സംഘം എത്തിയിരുന്നു. ജലപീരങ്കി ഉൾപ്പെടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഇന്ന് പൂവാർ, പുതിയതുറ ഇടവകകൾ

തുറമുഖ കവാടത്തിലെ രാപകൽ സമരത്തിന് ഇന്ന് എത്തുന്നത് പൂവാർ, പുതിയ തുറ ഇടവകകളിൽ നിന്നുള്ളവർ. ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ സമര പന്തലിൽ എത്തും.

സമരം: പരിഹാരനീക്കവുമായി സർക്കാർ 

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയിരിക്കെ പരിഹാര നീക്കവുമായി സർക്കാർ. മന്ത്രിസഭാ ഉപസമിതി ഇന്നലെ അടിയന്തരമായി യോഗം ചേർന്നു പ്രശ്നങ്ങൾ ചർച്ച ചെയ്തു. വീടു നഷ്ടപ്പെട്ട് ക്യാംപിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ആരംഭിക്കുമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. വീടു നഷ്ടപ്പെടുന്നവർക്കു വലിയതുറയിൽ പുനരധിവാസം ഉറപ്പാക്കും. ഇതിനായി മുട്ടത്തറയിൽ 17.5  ഏക്കർ സ്ഥലം കണ്ടെത്തിയതായി ഫിഷറീസ് വകുപ്പ് യോഗത്തെ അറിയിച്ചു. 22നകം നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 22 ന് മന്ത്രിമാർ  വീണ്ടും യോഗം ചേരും.

പുനരധിവാസത്തിന്റെ ഭാഗമായുള്ള വീടുകൾ വൈകാതെ നിർമിച്ചു നൽകാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ആന്റണി രാജു പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന സമീപനമാണു സർക്കാരിനുള്ളത്. വിഷയം സങ്കീർണമാണ്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. ആശങ്കകൾ പരിഹരിക്കാൻ കൂട്ടായ ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണ്. സമരങ്ങളുടെ മുന്നിൽ സർക്കാർ പുറംതിരിഞ്ഞു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം കൂടുതൽ ശക്തമാക്കും

വിഴിഞ്ഞത്ത് ആരംഭിച്ച രാപകൽ സമരം ശക്തമാക്കാൻ സംഘാടക സമിതിയുടെ തീരുമാനം. 30വരെ രാപകൽ സമരം തുടർന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധ രീതിയിൽ മാറ്റം വരുത്തുമെന്ന് ഫാ.യൂജിൻ പെരേര പറഞ്ഞു. ഇന്നലെ രാവിലെ പള്ളികളിൽ കുർബാനയ്ക്കുശേഷം കരിങ്കൊടി ഉയർത്തി. തുടർന്നു വർക്കലയിൽ നിന്നും പൊഴിയൂരിൽ നിന്നും ആരംഭിച്ച ബൈക്ക് റാലികൾ വിഴിഞ്ഞത്തെ സമരവേദിയിൽ സംഗമിച്ചു. കൊല്ലങ്കോട്, പൊഴിയൂർ മേഖലകളാണ് ഇന്നലെ സമരത്തിനു നേതൃത്വം നൽകിയത്. ഇന്നു പൂവാർ, പുതിയതുറ മേഖലകൾ നേതൃത്വം നൽകും. 

അതിരൂപത ഉടൻ നടപ്പാക്കാൻ ആവശ്യപ്പെടുന്ന 7 കാര്യങ്ങൾ

1. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ താത്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കണം
2. വീടും സ്ഥലവും നഷ്ട്ടപ്പെട്ടവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക.
3. തീര ശോഷണ കാരണമറിയാൻ തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക. അതിൽ തങ്ങൾ പറയുന്ന വിദഗ്ധരെയും നാട്ടുകാരെയും ഉൾപ്പെടുത്തണം.

4. നിലവിലെ മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിനു തമിഴ്നാട് മോഡൽ സബ് സിഡി നൽകണം.
5. കാലവസ്ഥാ മുന്നറിയിപ്പ് കാരണം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം.
6. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തി തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് പോകാൻ യോഗ്യമാക്കണം.
7. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA