പോത്തൻകോട് ∙ അയിരൂപ്പാറയ്ക്കു സമീപം വൈപ്രത്തല ദേവീക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ ഇടിച്ചു തുറന്ന് വിഗ്രഹത്തിൽ കിടന്ന രണ്ടു പവൻ സ്വർണമാല അപഹരിച്ചു. കൂടാതെ തിടപ്പള്ളിയുടെയും ഓഫിസ് മുറിയുടെയും താഴ് തകർത്ത് അതിനുള്ളിലെ കാണിക്ക വഞ്ചികളും റോഡരികിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്നും മോഷണം. സമീപത്തുള്ള തേരുവിള ദേവീക്ഷേത്രത്തിന്റെയും, അയണിയർത്തല തമ്പുരാൻ ക്ഷേത്രത്തിന്റെയും റോഡരികിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലാണ്.
തേരുവിള മണികണ്ഠവിലാസത്തിൽ സീതാലക്ഷ്മിയുടെ പിആർഎസ് സ്റ്റോറിന്റെ താഴു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ടിന്നിൽ ഇട്ടുവച്ചിരുന്ന മൂവായിരത്തോളം രൂപയുടെ നാണയത്തുട്ടുകളും സിഗററ്റ് പാക്കറ്റും, 200 മീറ്റർ മാറി വൈപ്രത്തല വീട്ടിൽ ഹരികുമാറിന്റെ ചായത്തട്ടിൽ നിന്നും സിഗററ്റ് പാക്കറ്റുകളും 350 രൂപയും കവർന്നു. തിങ്കൾ അർധരാത്രിയോടെയാകാം മോഷണം നടന്നതെന്നു കരുതുന്നു. രണ്ടു ദിവസം മുൻപ് മുറമേൽ ശാസ്താ ക്ഷേത്രത്തിലും പഴയനിലം തമ്പുരാൻ ക്ഷേത്രത്തിലും കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചിരുന്നു. എസ്പി സുൽഫിക്കർ, പോത്തൻകോട് എസ്എച്ച്ഒ മിഥുൻ, എസ്ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തേരുവിള ദേവീക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയുടെ സമീപത്തു നിന്നും മോഷ്ടാക്കൾ ഉപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പു ചുറ്റിക കിട്ടിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ ഡോഗ് സ്ക്വാഡിലെ സാറ എന്ന നായയെ സ്ഥലത്തെത്തിച്ചു. പൊളിച്ചിട്ട താഴും ചുറ്റികയും മണത്ത നായ സമീപത്തെ പുനരുദ്ധാരണം നടക്കുന്ന ആലയിൽ ശ്രീരാമദാസ ഭജനമഠം ക്ഷേത്ര പരിസരത്തും അതിനു ശേഷം കുറച്ചുകൂടി മുന്നോട്ടു പോയി കൈത്തോടിനു സമീപത്തുമായാണ് ചെന്നു നിന്നത്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒരു വർഷം മുൻപും വൈപ്രത്തല ദേവീക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.