ADVERTISEMENT

വിഴിഞ്ഞം ∙ കടലിൽ ഉറങ്ങി ഉണർന്ന് അധ്വാനിക്കുന്ന മത്സ്യത്തൊഴിലാളികളെ ലോറിയിൽ വെള്ളം നിറച്ച് ഭീഷണിപ്പെടുത്തേണ്ടെന്നു ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ. കണ്ണു തുറക്കില്ലെന്നു ശാഠ്യം പിടിക്കുന്ന സർക്കാരിനോട് ഒന്നേ പറയാനുള്ളൂവെന്നും തങ്ങൾ പൊരുതി വിജയം നേടുമെന്നും അദ്ദേഹം  പറഞ്ഞു. തീരശോഷണം ഉൾപ്പെടെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരത്തിന്റെ  രണ്ടാം ദിനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്.

സമരം രണ്ടാം ദിനവും ആവേശത്തിരകളിളക്കി. വനിതകളുൾപ്പെടെ വലിയ ജനപങ്കാളിത്തമുണ്ടായ അനിശ്ചിതകാല സമരത്തിൽ പൂവാർ, പുതിയതുറ ഇടവകകളിലെ അംഗങ്ങളാണ്  എത്തിയത്. സമരം പലപ്പോഴും സംഘർഷാവസ്ഥയിൽ എത്തിയെങ്കിലും വൈദികരുടെ സമയോചിത ഇടപെടലിൽ സമരക്കാർ ശാന്തരായി. സർക്കാരിന്റെ ഉദ്ദേശ്യ–രീതി–ലക്ഷ്യങ്ങൾ വേറെയാണെന്നു ആർച്ച് ബിഷപ് കുറ്റപ്പെടുത്തി. സമരം തകർക്കാൻ നിരത്തിയ ബാരിക്കേഡുകൾ അധികാരി വർഗത്തിന്റെ മനസ്സിലെ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള മനോഭാവത്തിന്റെ പ്രകടനമാണ്. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം രണ്ടാം ദിനം ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യുന്നു.

നാളിതുവരെ വാ തുറക്കാത്ത 2 മന്ത്രിമാർ ഇന്നലെ വാ തുറന്നു. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് ഒരു മന്ത്രിയിൽ നിന്നു അറിയാതെ വീണുപോയി. തീരത്തു ജീവിക്കാനുവദിക്കൂ എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ സമരത്തിനുള്ളത്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ വേണ്ടി വന്നാൽ തന്റെ താമസവും പ്രാർഥനയും ബിഷപ് ഹൗസിൽ നിന്നു സമരപ്പന്തലിലേക്ക് മാറ്റുമെന്ന് ആർച്ച് ബിഷപ്  പറഞ്ഞു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തു ദാസ്,  മോൺ. യൂജിൻ പെരേര, വികാരി ജനറൽ മോൺ. നിക്കൊളാസ്, മോൺ.

ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, മൈക്കിൾ തോമസ്, ലോറൻസ് കുലാസ്, റോബിൻസൺ, സൈറസ് കളത്തിൽ, ഷാജൻ ജോസ്, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി , അനീഷ് ഫെർണാണ്ടസ്, കൺവീനർമാരായ പാട്രിക് മൈക്കിൾ, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ ഭാരവാഹി ജാക്സൺ പൊള്ളയിലിന്റെ നേതൃത്വത്തിൽ പങ്കായങ്ങളുമായി എത്തി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പിന്തുണച്ച് സഭാ മേധാവികൾ..

വിഴിഞ്ഞം∙ലത്തീൻ അതിരൂപത നടത്തുന്ന തുറമുഖ കവാടത്തിലെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയസ്, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ്, സിബിസി വൈസ് പ്രസിഡന്റും മാവേലിക്കര രൂപത അധ്യക്ഷനുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ സമരവേദിയിലെത്തി. നീതി നിഷേധം അംഗീകരിക്കാനാകില്ലെന്ന് മാർ ഐറേനിയസ് പറഞ്ഞു. വാക്കു പറഞ്ഞവർ വാക്കു പാലിക്കണമെന്നും പാലിക്കാത്തവരെ വിശ്വസിക്കാൻ ആവില്ലെന്നും മാവേലിക്കര രൂപത അധ്യക്ഷനുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ജനങ്ങളെ മറന്നുള്ള വോട്ടു പദ്ധതി ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കരുംകുളം, പുല്ലുവിള, കൊച്ചുതുറ ഇടവകകൾ എത്തും

വിഴിഞ്ഞം∙തുറമുഖ കവാടത്തിലെ രാപകൽ സമരത്തിനു ഇന്ന് കരുകുളം, കൊച്ചുതുറ, പുല്ലുവിള ഇടവകളിലെ അംഗങ്ങൾ എത്തും.

റോഡിൽ തടസ്സമുണ്ടാകാതെ പാറ കൊണ്ടുപോകണം : ഹൈക്കോടതി

കൊച്ചി∙ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി പാറ പൊട്ടിച്ചു വാഹനത്തിൽ കൊണ്ടുപോകുന്നതു പൊതുജനങ്ങൾക്കു റോഡിൽ തടസ്സമുണ്ടാക്കാതെ വേണമെന്നു ഹൈക്കോടതി നിർദേശിച്ചു. അദാനി വിഴിഞ്ഞം പോർട്ട് കമ്പനി ഇക്കാര്യം ഉറപ്പാക്കണം. അതേസമയം, നിയമപ്രകാരമുള്ള അനുമതിയോടെ പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു പരിസരവാസികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കമ്പനി പൊലീസിനെ അറിയിക്കണമെന്നും സംരക്ഷണത്തിനു പൊലീസ് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

വർക്ക് സൈറ്റിലേക്കു പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു നാട്ടുകാർ തടസ്സപ്പെടുത്തുകയാണെന്ന് ആരോപിച്ചു കമ്പനി നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. രാപകൽ ഭേദമില്ലാതെ പഞ്ചായത്ത് റോഡിൽ പാറയുമായി വൻകിട വാഹനങ്ങൾ കടന്നു പോകുന്നതു ജീവനു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് എതിർത്തതെന്നു പരിസരവാസികൾ വിശദീകരിച്ചു.

തുറമുഖ നിർമാണത്തിനു നിയമപ്രകാരമുള്ള അനുമതിയോടെ പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു തടസ്സപ്പെടുത്താനാവില്ലെന്നു കോടതി പറഞ്ഞു. പക്ഷേ, അതുമൂലം റോഡ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർക്കു പരാതിയുണ്ടെങ്കിൽ പരിഗണിക്കണം. ക്വാറി പ്രവർത്തനവും വാഹനങ്ങളിൽ പാറ കൊണ്ടുപോകുന്നതും ജനങ്ങൾക്ക് അപകടമോ ഉപദ്രവമോ ഉണ്ടാക്കരുത്. പാറ പൊട്ടിക്കുന്നതും കൊണ്ടുപോകുന്നതും അനുമതി വ്യവസ്ഥകൾ കർശനമായി പാലിച്ചു വേണം. ജനങ്ങൾക്കു റോഡിൽ തടസ്സം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നു കമ്പനി ഉറപ്പു നൽകി.

സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നു വി.ഡി. സതീശൻ

കൊച്ചി ∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു യുഡിഎഫും കോൺഗ്രസും പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ അതു നടപ്പാക്കിയില്ല– സതീശൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com