ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരം ഇന്നലെ പ്രക്ഷുബ്ധമായി. മൂന്നാം നാളിലെ സമരാവേശം പലതവണ സംഘർഷത്തിലെത്തി. ബാരിക്കേഡുകൾ തകർത്ത് സമരക്കാർ തുറമുഖ കവാടത്തിനുള്ളിലേക്ക് പ്രവേശിച്ചു.തുടർന്നു കോൺക്രീറ്റ് നിർമിത അക്രോപോഡുകൾക്കു മുകളിൽ കൊടി നാട്ടി. 

trivandrum-strike
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഇന്നലെ എത്തിയവർ

സമരത്തിന് വനിതകളുൾപ്പെടെ വൻ ജനപങ്കാളത്തമുണ്ടായിരുന്നു . പുല്ലുവിള, കരുംകുളം ഇടവകകളിൽ നിന്നുള്ള നൂറുകണക്കിനു പേരാണ് രാവിലെ 10.30 ന് എത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റി ഉള്ളിലേക്ക് കടന്നു. ബാരിക്കേഡിനോട് ചേർന്നു പൊലീസുകാർക്ക് വിശ്രമിക്കാൻ തയാറാക്കിയ ഷെഡ് തകർന്ന് വീണു. സംഭവത്തിൽ നിരവധി സമരക്കാർക്കും ഏതാനും പൊലീസുകാർക്കും പരുക്കേറ്റു. മുതിർന്ന വൈദികർ ഇടപെട്ട് സംഘർഷാന്തരീക്ഷം ലഘൂകരിച്ചു.

trivandrum-vizhinjam-protest
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ നടക്കുന്ന രാപകൽ സമരത്തിൽ ഇന്നലെ എത്തിയ സമരക്കാർ ബാരിക്കേഡ് തകർത്ത് തുറമുഖ നിർമാണ കേന്ദ്ര സ്ഥലത്തിനു സമീപത്ത് എത്തി താൽക്കാലികമായി സ്ഥാപിച്ച അക്രോപോഡ് മതിലിനു മുകളിൽ കയറി കൊടി സ്ഥാപിച്ചപ്പോൾ.

തുറമുഖ നിർമാണ സ്ഥലത്തേക്ക് പോകണമെന്ന ആവശ്യം ആദ്യം പൊലീസ് അംഗീകരിച്ചില്ല. തുടർന്ന് പുല്ലുവിള ഇടവക വികാരി ഫാ.എസ്.ബി.ആന്റണി നൽകിയ ഉറപ്പിൽ അനുവദിച്ചു. അര കിലോമീറ്റർ അപ്പുറത്തെ തുറമുഖ നിർമാണ സ്ഥലത്ത് അതിക്രമിച്ച് കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന അക്രോപാഡുകൾ കൊണ്ട് തീർത്ത താൽക്കാലിക പ്രതിരോധ മതിലിനു മുകളിൽ കരിംകുളം ഇടവക വികാരി ഫാ.അഗസ്റ്റിൻ ജോൺ , പുല്ലുവിള ഇടവക വികാരി ഫാ.എസ്. ബി.ആന്റണി, സഹ വികാരിമാരായ ഫാ.ജോസ് വർഗ്ഗീസ്, ഫാ.സജിത് സോളമൻ എന്നിവർ കയറി കൊടി വീശി.

അധികാരികൾ പൂച്ച പാലു കുടിക്കും പോലെ : യൂജിൻ എച്ച്. പെരേര

പൂച്ച പാലുകുടിക്കും പോലെ അധികാരികൾ നമ്മെ പറ്റിക്കുകയാണെന്നും ആ വാക്കുകളിൽ ഇനി വിശ്വസിക്കില്ലെന്നും ഇന്നലത്തെ രാപകൽ സമരം ഉദ്ഘാടനം ചെയ്ത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ആർ‌ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തു ദാസ്,  മോൺ.നിക്കൊളാസ്, മോൺ. ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, മൈക്കിൾ തോമസ്, ലോറൻസ് കുലാസ്, റോബിൻസൺ, സൈറസ് കളത്തിൽ, ഷാജൻ ജോസ്, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി , അനീഷ് ഫെർണാണ്ടസ്, കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വി.ഡി. സതീശൻ സമരപ്പന്തലിൽ

22 ന് ചേരുന്ന നിയമസഭയിൽ ആദ്യം കൊണ്ടു വരുന്ന വിഷയം മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഇതിൽ രാഷ്ട്രീയമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രസംഗത്തിനൊടുവിൽ ചിലർ അഭിപ്രായവ്യത്യാസം ഉന്നയിച്ച് എത്തിയത് സംഘർഷാന്തരീക്ഷം ഉണ്ടാക്കിയെങ്കിലും വൈദികർ ഇടപെട്ട് ശാന്തരാക്കി.

ഇന്ന് അടിമലത്തുറ, പള്ളം, കൊച്ചുപള്ളി.

തുറമുഖ കവാടത്തിൽ ഇന്ന് സമരത്തിന് എത്തുന്നത് അടിമലത്തുറ, കൊച്ചുപള്ളി, കൊച്ചുതുറ, നമ്പ്യാതി, ലൂർദ്പുരം ഇടവകകളിലെ അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com