ADVERTISEMENT

പാലോട് ∙ സിനിമ, സീരിയൽ താരങ്ങൾക്ക് വസ്ത്രാലങ്കാരം ഒരുക്കിയിട്ടും ജീവിതത്തിൽ നിറം മങ്ങിയ പേരയം രാജപ്പൻ(78) തിരശീലയ്ക്കു പിന്നിൽ മറ‍ഞ്ഞു. ഒരു വർഷത്തോളമായി രോഗബാധിതനായി നന്ദിയോട് പേരയം കൂവളത്തിൻവിള വീട്ടിൽ കഴിഞ്ഞിരുന്ന രാജപ്പൻ ഇന്നലെയാണ് മരിച്ചത്. 13–ാം വയസ്സിൽ തിരുവനന്തപുരം ആര്യശാലയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയ ചാങ്ങ സ്വദേശി രാജപ്പന് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ മെരിലാൻഡ് സ്റ്റുഡിയോയിൽ വേഷങ്ങൾ തുന്നാൻ അവസരം ലഭിക്കുകയായിരുന്നു.

വസ്ത്രാലങ്കാരത്തിൽ പ്രമുഖനായിരുന്ന കെ. നാരായണന്റെ അസിസ്റ്റന്റായി ഏറെക്കാലം പ്രവർത്തിച്ചു. ഹോട്ടൽ ഹൈറേഞ്ച്, കുമാരസംഭവം, ആന വളർത്തിയ വാനമ്പാടി, ശ്രീ ഗുരുവായൂരപ്പൻ, കാട്, വണ്ടിക്കാരി, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിൽ വസ്ത്രാലങ്കാര സഹായിയായി. ഷീല, ശാരദ, കവിയൂർ പൊന്നമ്മ അടക്കമുള്ള പ്രമുഖ നടിമാർക്കും ഒട്ടേറെ നടൻമാർക്കും വേഷമൊരുക്കാൻ ഭാഗ്യം ലഭിച്ചതായി രാജപ്പൻ പറഞ്ഞിട്ടുണ്ട്. പിന്നീട് സഹായി എന്ന റോൾ വിട്ട് സ്വതന്ത്രമായി വസ്ത്രാലങ്കാരം നടത്തി. ഇതിനിടെ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചു.

പക്ഷേ, ജീവിതം വർണാഭമാക്കാൻ കഴിയാതെ അവസാന നാളുകളിൽ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായി. കാഴ്ച പ്രശ്നമായപ്പോൾ  തയ്യൽ ഉപേക്ഷിച്ചു കുടുംബം സംരക്ഷിക്കാൻ ഭാഗ്യക്കുറി വിൽപനയും നടത്തി. രാജപ്പന്റെ മരണ വാർത്തയറിഞ്ഞു ഒട്ടേറെ പേർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജാദേവി, ശ്രീനാദേവി, ശ്രീദേവി, മുരുകരാജ്. മരുമക്കൾ: വിനയകുമാർ, സനൽ, വിനോദ്, രഞ്ജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com