ADVERTISEMENT

തിരുവനന്തപുരം ∙ വെണ്ണ മോഷ്ടിക്കുന്ന ഉണ്ണിക്കണ്ണൻ,  ഗോപികമാർക്കൊപ്പം നൃത്തമാടുന്ന കൃഷ്ണൻ, വെണ്ണയും മുരളിയും കൈവെടിഞ്ഞ് കുരുക്ഷേത്രയുദ്ധഭൂമിയിൽ  സാരഥിയായി വളർന്ന ദേവൻ... ഇങ്ങനെ നഗരഭാവവും രൂപവുമെല്ലാം കൃഷ്ണസങ്കൽപത്തിലേക്കു  മാറി.  ആഘോഷത്തിന്റെ അതിരുകൾ മായ്ച്ചു കളഞ്ഞ് ഗോവർദ്ധനവും വൃന്ദാവനവും കാളിന്ദിയും ഉത്തരമഥുരയും അങ്ങനെ കൃഷ്ണപാദമൂന്നിയ വഴികളെല്ലാം ബാലഗോകുലത്തിന്റെ മഹാശോഭായാത്രയിൽ പുനഃസൃഷ്ടിച്ചു. പ്രളയവും കോവിഡും മൂലം ഏതാനും വർഷമായി മുടങ്ങിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര അതീവ ശോഭയോടെ തിരിച്ചെത്തുകയായിരുന്നു. 

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ ചെറുശോഭായാത്രകൾ  10 കേന്ദ്രങ്ങളിൽ ഒത്തുചേർന്നു. പാളയം ഗണപതി ക്ഷേത്രത്തിൽ മഹാശോഭായാത്രയുടെ ഉദ്ഘാടനം കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഗായകൻ ജി. വേണുഗോപാൽ നിർവഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. മഹാശോഭായാത്രയുടെ പതാക സംവിധായകൻ രാജസേനന് കൈമാറി. താളമേളങ്ങളുടെ അകമ്പടിയിൽ ഭജനസംഘങ്ങൾ കൃഷ്ണഗാഥ ആലപിച്ചു. തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ, പുരാണങ്ങളെ അനുസ്മരിപ്പിച്ചുള്ള വേഷധാരികളായ കുട്ടികളും അണിനിരന്ന ഘോഷയാത്ര  മഹാശോഭയാത്രയായി . 6 മണിയോടു കൂടി എംജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു.

ആറ്റുകാൽ ദേവീക്ഷേത്ര ട്രസ്റ്റ് കുട്ടികൾക്കെല്ലാം അവിൽപൊതി പ്രസാദമായി നൽകി. കൃഷ്ണ ഭക്തിയും സമാജ ശക്തിയും സമന്വയിപ്പിക്കുന്നതായിരുന്നു ശോഭായാത്ര. ധർമജാഗരൺ അഖില ഭാരതീയ പ്രമുഖ് ശരത് ഡോളെ, സഹ പ്രമുഖ് ശ്യാം കുമാർ, സംഘാടക സമിതി ഭാരവാഹികളായ എം.മഹേശ്വരൻ, എം.ഗോപാൽ, എസ്.രാധാകൃഷ്ണൻ, എസ്.രാജീവ്, കെ. സുനിൽ, മായാ മോഹൻ, ഷാജു വേണുഗോപാൽ, മീമണി വാസുദേവൻ, ഗോപൻ ആറന്നൂർ, നന്ദു പാപ്പനംകോട്, കെ.വി. രാജേന്ദ്രൻ, മോനി കൃഷ്ണ, സതീഷ് പൂജപ്പുര, കെ. ബാബു,  അഞ്ജന സുരേഷ്, ടി.കെ.രാജൻ, ടി. നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com