തടസ്സങ്ങൾ തട്ടിനീക്കി, സമരക്കാർ തുറമുഖ വളപ്പിൽ; വൈദികരുടെ സമയോചിത ഇടപെടലും പൊലീസ് സംയമനവും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി

HIGHLIGHTS
  • ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ
  • 2 കി.മീ പിന്നിട്ട് പോർട്ട് ഓപ്പറേറ്റിങ് മന്ദിരത്തിനു മുന്നിലെത്തി
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരത്തിന് ഇന്നലെ എത്തിയവർ ശക്തമായ പ്രതിരോധങ്ങളെ മറികടന്ന് തുറമുഖ നിർമാണ കേന്ദ്രത്തിനുള്ളിലെ പോർട്ട് ഓപ്പറേറ്റിങ് മന്ദിരത്തിനു മുന്നിലെത്തിയപ്പോൾ.
SHARE

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരമുഖം  ഇന്നലെയും പ്രക്ഷുബ്ധം. ബാരിക്കേഡുകളും ശക്തമായ പൊലീസ് മതിലും കോൺക്രീറ്റ് നിർമിത അക്രോപോഡുകളും മറികടന്ന് സമരക്കാർ തുറമുഖ നിർമാണ കേന്ദ്രത്തിനുള്ളലെത്തി.

വൈദികരുടെ സമയോചിത ഇടപെടലും പൊലീസ് സംയമനവും അനിഷ്ടസംഭവങ്ങളൊഴിവാക്കി.  അടിമലത്തുറ, കൊച്ചുപള്ളി, കൊച്ചുതുറ, നമ്പ്യാതി, ലൂർദുപുരം ഇടവകകളിലെ അംഗങ്ങളാണ് ഇന്നലത്തെ സമരത്തിൽ പങ്കെടുക്കാനെത്തിയത്. സ്ത്രീകളുൾപ്പെടെയുള്ളവർ പൊലീസ് സ്ഥാപിച്ച ഇരുമ്പു ബാരിക്കേഡുകൾ തള്ളി നീക്കി ഉള്ളിൽ കടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സംഘർഷ അന്തരീക്ഷത്തെ തുടർന്ന് ഇന്നലെ കുറച്ചു നീക്കിയാണ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നത്.  ഉള്ളിൽ കടന്ന സമരക്കാർ കഴിഞ്ഞ ദിവസത്തെ പോലെ മുഖ്യ പ്രവേശന കവാടത്തിനു മുന്നിലെ അക്രോപോഡു വരെ പോയിവരുമെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഇതിനിടയിലെ ചെറു വഴിയിലൂടെ ഉള്ളിലെത്തിയ സംഘം പ്രധാന പ്രവേശന കവാടവും കടന്നു തുറമുഖ നിർമാണ കേന്ദ്രത്തിലേക്ക് പാഞ്ഞു. ഇതോടെ പിന്നാലെ വലിയ പൊലീസ് സംഘവും ഓടി. 

ഇതിനിടെ കരിങ്കൽ മലകൾക്കു മുകളിലുൾപ്പെടെ സമരക്കാർ കൊടികളും നാട്ടി. തുടർന്ന് രണ്ടു കിലോമീറ്ററോളം ദൂരം പിന്നിട്ട് പോർട്ട് ഓപ്പറേറ്റിങ് മന്ദിരത്തിനു മുന്നിലെത്തി. അപ്പോഴേക്കും വൈദികരുൾപ്പെടെ സമരത്തിനു നേതൃത്വം വഹിച്ചവർ എത്തി ആൾക്കാരെ നിയന്ത്രിച്ചു. തുടർന്ന് സംഘം സമരപ്പന്തലിലേക്ക് മടങ്ങി. ലൂർദുപുരം ഇടവക വികാരി ഫാ. പ്രദീപ്, കൊച്ചുപള്ളി വികാരി ഫാ.സിൽവസ്റ്റർ കുരിശ്, പള്ളം ഇടവക വികാരി ഫാ. ബിജിൻ, കൊച്ചുപള്ളി ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോൺ, നമ്പ്യാതി ഇടവക വികാരി ഫാ. വിശാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ എത്തിയത്.

ഇന്ന് വിഴിഞ്ഞം ഇടവക

വിഴിഞ്ഞം∙തുറമുഖ കവാടത്തിലേക്ക് ഇന്ന് വിഴിഞ്ഞം ഇടവക അംഗങ്ങൾ സമരത്തിന് എത്തും.

‘ കിട്ടിയത് വാഗ്ദാനങ്ങൾ മാത്രം’

വിഴിഞ്ഞം ∙ വേണ്ടപ്പെട്ടവർ വേണ്ട സമയത്ത് നടപടി എടുത്തിരുന്നു എങ്കിൽ ഈ സമരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇന്നലത്തെ സമരം ഉദ്ഘാടനം ചെയ്ത അതിരൂപത സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തു ദാസ്. സമരത്തിലേക്ക് അധികാരികൾ വലിച്ചിഴച്ചതാണ്. വാഗ്ദാനങ്ങൾ നൽകിയതല്ലാതെ നടപടി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വികാരി ജനറൽ മോൺ.നിക്കൊളാസ്, മോൺ. ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, ആന്റണി സിൽവസ്റ്റർ, മൈക്കിൾ തോമസ്, ലോറൻസ് കുലാസ്, റോബിൻസൺ, സൈറസ് കളത്തിൽ, ഷാജൻ ജോസ്, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി , അനീഷ് ഫെർണാണ്ടസ്, കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ചർച്ചയിൽ പ്രതീക്ഷ

തുറമുഖം വന്നാലുണ്ടാകുന്ന നേട്ടത്തേക്കാൾ അധികമാണു ഭാവിയിലെ നഷ്ടങ്ങളെന്നു സർക്കാരിനെ ബോധ്യപ്പെടുത്താൻ ചർച്ചയിൽ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ട്. മോൺ. യൂജിൻ എച്ച്.  പെരേര, വികാരി ജനറൽ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}