ADVERTISEMENT

തിരുവനന്തപുരം∙ വെള്ള കുർത്തയും പൈജാമയും ധരിച്ച് ഉത്സാഹത്തോടെ രാഹുൽ നടന്നു.  ത്രിവർണക്കൊടി തണൽക്കുട പിടിച്ച അനന്തപുരിയുടെ വഴികളിലൂടെ...ഇന്ത്യയെ ഒന്നിപ്പിക്കുയെന്ന ലക്ഷ്യവുമായി  ഓരോ ചുവടിനുമൊപ്പം നേതാക്കളും അണികളും ഉശിരോടെ നടന്നപ്പോൾ, വഴിയോരങ്ങളിൽ നിന്നു തിരമാലകൾ പോലെ കൈകൾ ഉയർന്നു.ജയ് വിളിച്ചും ജമന്തി പൂക്കളും റോസാ പൂക്കളും വാരി വിതറിയും ജനം ആഹ്ലാദം പങ്കിട്ടു. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിന പര്യടനം ഇന്നലെ തിരുവനന്തപുരം നഗരവഴികളിലൂടെയായിരുന്നു. സമയനിഷ്ഠ നടപ്പാക്കാൻ രാഹുൽ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ അണികൾ ഉഷാറായി. 

trivandrum-rahul-and-congress-leaders
ഭാരത് ജോഡോ യാത്രക്കിടെ തിരുവനന്തപുരത്ത് പാങ്ങപ്പാറയിൽ തട്ടുകടയിൽ ചായ കുടിക്കാൻ രാഹുൽഗാന്ധി കയറിയപ്പോൾ. നേതാക്കളായ ആന്റോ ആന്റണി, കെ.സി.വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ സമീപം.

നഗരവീഥികൾക്കിരുവശത്തും തടിച്ചു കൂടിയ ജനം രാഹുലിനെ കണ്ടതോടെ ‘രാഹുൽ ഗാന്ധീ കീ ജയ്’ വിളിച്ച് അടുത്തേക്കോടിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. അപൂർവം ചിലർക്ക് ചിത്രമെടുക്കാൻ അവസരം നൽകി.  ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയും രാഹുൽ യാത്ര നയിച്ചു.  പൊന്നാടയും പുഷ്പഹാരവും സമ്മാനിക്കാൻ പലയിടങ്ങളിലും പ്രവർത്തകർ കാത്തുനിന്നു.  മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കിള്ളിപ്പാലത്ത്  യാത്രയുടെ ഭാഗമായി. അപകടമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചു ബന്ധുക്കൾ വിവരിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത്  തമ്പാനൂരിൽ എത്തിയപ്പോൾ. ദേശീയ നേതാവ് . 
കെ മുരളീധരൻ, പ്രദീപ് നർവാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ സമീപം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് തമ്പാനൂരിൽ എത്തിയപ്പോൾ. ദേശീയ നേതാവ് . കെ മുരളീധരൻ, പ്രദീപ് നർവാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ സമീപം.

എല്ലാം ശ്രദ്ധയോടെ കേട്ട രാഹുൽ  കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഐരാണിമുട്ടം ഗവ.ഹോമിയോ കോളജിലെ രണ്ടു വിദ്യാർഥികൾ രാഹുൽ എന്നുറക്കെ വിളിച്ചപ്പോൾ  അവരെ അടുത്തേക്കു വിളിച്ചു ചിത്രമെടുത്തു, കുറച്ചു ദൂരം വിദ്യാർഥികൾ രാഹുലിനൊപ്പം നടന്നു.  തമ്പാനൂരിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കോൺഗ്രസ് എംഎൽഎമാരും നിയമസഭയിലേക്കു പോയി. മറ്റു നേതാക്കളുമായി രാഹുൽ യാത്ര തുടർന്നു.  സെക്രട്ടേറിയറ്റിനും യൂണിവേഴ്സിറ്റി കോളജിനു മുന്നിലും അനവധി പേരാണ് രാഹുലിനെ കാത്തു നിന്നത്. കോൺഗ്രസ് പതാകകൾ വീശിയും, പൂക്കൾ വാരിവിതറിയും യാത്രയ്ക്കു സ്വാഗതമോതി. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം എത്തിയപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി. 9.55 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ വളപ്പിനു മുന്നിൽ യാത്രയുടെ ആദ്യഘട്ടത്തിനു സമാപനം. തുടർന്ന് സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവാഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു, കുട്ടികളുമായി ആശയവിനിമയവും നടത്തി. വിഴിഞ്ഞം സമരസമിതി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലേ മുക്കാലോടെ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂ‍ലയിൽ നിർമിച്ച ജന്മസ്‍ഥാന ക്ഷേത്രം സന്ദർശിച്ചു. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ജീൻസും, വെള്ള ടീ ഷർട്ടുമായിരുന്നു രാഹുലിന്റെ വേഷം. ഉള്ളൂർ ജംക്‌ഷനിൽനിന്നു പദയാത്രയുടെ രണ്ടാംഘട്ടം ആരംഭിച്ചു. എഐസിസി പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി പദയാത്രയിൽ ഒപ്പം ചേർന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു.രാഹുൽ ഗാന്ധിയെ കാണാൻ പലരും മണിക്കൂറുകൾ മുൻപേയെത്തി പാതയോരത്ത് ഇടംപിടിച്ചിരുന്നു. ജനത്തിരക്കിൽ രാഹുലിന്റെ മുഖം മറയുമ്പോൾ, അടുത്തു കാണാൻ കഴിയാത്തതിന്റെ നിരാശയുണ്ടായിരുന്നു പലർക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് ഉള്ളൂർ ജംക്ഷനിൽ എത്തിയപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി യാത്രയിൽ അണിചേർന്നപ്പോൾ. നേതാക്കളായ ആന്റോ ആന്റണി, കെ.മുരളീധരൻ, കെ.സി.വേണുഗോപാൽ, പാലോട് രവി, വി.ടി.ബൽറാം തുടങ്ങിയവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

എന്നാൽ ഈ നിരാശയെ ഓടിത്തോൽപിച്ച് രാഹുലിനൊപ്പമെത്തിയ വയോധിക എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ശ്രീകാര്യം ജംക്‌ഷൻ മുതൽ ചാവടിമുക്ക് വരെ ഒരു കിലോമീറ്ററോളമാണു രാഹുലിനു പിന്നാലെ ഇവർ ഓടിയത്. ഓടിക്കിതച്ചെത്തിയപ്പോൾ ചേർത്തു പിടിച്ച രാഹുൽ ക്ഷീണമകറ്റാൻ വെള്ളവും നൽകി. കെ.സി.വേണുഗോപാലും വി.ഡി.സതീശനും കെ.മുരളീധരനും രമേശ് ചെന്നിത്തലയും പാലോട് രവിയും മുഴുനീളെ യാത്രക്കൊപ്പം നടന്നു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ശശി തരൂരും, കൊടിക്കുന്നിൽ സുരേഷും എം.എം.ഹസനും സാന്നിധ്യമറിയിച്ചു.  അനൗൺസ്മെന്റ് വാഹനത്തിനു പിന്നിലെ അസൗകര്യം സഹിച്ചായി തുടർന്നു സതീശന്റെ യാത്ര.രാത്രി ഏഴുമണിയോടെ യാത്രയുടെ കേരളത്തിലെ രണ്ടാംദിന പര്യടനം കഴക്കൂട്ട‍ത്തു സമാപിച്ചു. കെപിസിസി സെക്രട്ടറി ജോൺ വിനീഷ്യസും ഡിസിസി വൈസ് പ്രസിഡന്റ് ആനാട് ജയനും അനൗൺസ്മെന്റ് വാഹനത്തിൽനിന്നു മൈക്കിലൂടെ ആവേശപ്പൊരി വിതറി.

മസാല ദോശ, ഉപ്പുമാവ്, ഉഴുന്നു വട...കോഫി

ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിന്റെ ആദ്യ ദിവസം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ വളപ്പിലായിരുന്നു രാഹുലിന് താമസസൗകര്യം . ഇന്നലെ രാവിലെ 6.45 ന് ഇവിടെ നിന്നു വെള്ളായണി ജംഗ്ഷനിലേക്കു പുറപ്പെട്ടു. കരമനയിലെ ആർആർപി റസിഡൻസി ഹോട്ടൽ സായി അണ്ണാസിനു മുന്നിലെത്തിയപ്പോൾ വാഹനം നിർത്തി, കടയിലേക്ക് ഓടിക്കയറി. അപ്രതീക്ഷിതമായി വിവിഐപി എത്തിയപ്പോൾ ഉടമ മുരളിയും കടയിലിരുന്നവരും ആദ്യം അമ്പരന്നു. മസാലദോശയാണ് രാഹുൽ ആദ്യം ഓർഡർ ചെയ്തത്. 

പകുതി കഴിച്ചപ്പോൾ ഉപ്പുമാവ് വരട്ടെയെന്നായി. ചായ വന്നെങ്കിലും കോഫിയോടാണ് ഇഷ്ടമെന്നായി..  ഉഴുന്നു വടയെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന ടി.സിദ്ധിഖ് പറഞ്ഞപ്പോൾ വട കഴിച്ചിട്ടാകാം യാത്രയെന്നായി രാഹുൽ. രാവിലെയായതിനാൽ കടയിൽ തിരക്കു കുറവായിരുന്നു. രാഹുൽ എത്തിയ വിവരം അറിഞ്ഞ് ജനക്കൂട്ടം എത്തിയെങ്കിലും സുരക്ഷാ ജീവനക്കാർ ആരെയും കടത്തി വിട്ടില്ല. കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ  ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഹോട്ടൽ ഉടമ മുരളിയോടൊപ്പം ചിത്രമെടുത്ത ശേഷമാണ് രാഹുൽ വെള്ളായണിയിലേക്കു പുറപ്പെട്ടത്. 

ആർപ്പുവിളി, ചെണ്ടയടി...ബാന്റടി

നേമം വെള്ളായണി ജംക്‌ഷനിൽ നിന്നു രാവിലെ ഏഴിനായിരുന്നു യാത്ര തുടങ്ങിയത്.  എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജോഡോ യാത്ര കേരള കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ, എൻ.ശക്തൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, ജെബി മേത്തർ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, എം.വിൻസന്റ്, ശശി തരൂർ, അൻവർ സാദത്ത്, റോജി എം ജോൺ, ഉമ തോമസ്, ജി.എസ്.ബാബു എന്നിവർ ചേർന്ന് രാഹുലിനെ പദയാത്രയുടെ ആരംഭ കേന്ദ്രമായ നേമം വെള്ളായണി ജംക്‌ഷനിൽ സ്വീകരിച്ചു. 

രാഹുൽ വാഹനത്തിലെത്തിയതോടെ ആർപ്പുവിളികളോടെ വരവേൽപ്പ്. ചെണ്ടയും ബാന്റുമേളവും തകർത്തടിച്ചതോടെ ആവേശം കൊടുമുടി കയറി. മുന്നിൽ അനൗൺസ്മെന്റ് വാഹനങ്ങൾ... പിന്നിൽ മാധ്യമങ്ങളുടെ നിര.  പൊലീസുകാർ വടം കെട്ടി തീരിച്ച വലയത്തിനുള്ളിൽ രാഹുൽ ഗാന്ധിയും നേതാക്കളും....‘നവഭാരത്തിന് വസന്തം വിരിയിക്കാൻ നമ്മുടെ നേതാവ്, നമ്മുടെ നായകൻ രാഹുൽ ഗാന്ധി ഇതാ വരുന്നു......’ കോൺഗ്രസ് നേതാവ് ആനാട് ജയൻ മൈക്കു കയ്യിലെടുത്തതോടെ ആവേശം പടർന്നു. ചരിത്രമുറങ്ങുന്ന നഗരത്തിലൂടെ രാഹുൽ വേഗത്തിൽ നടന്നു. ഒപ്പമെത്താൻ നേതാക്കൾ പാടുപെട്ടു, സുരക്ഷാ ജീവനക്കാരും പൊലീസുകാരും യാത്രയ്ക്കൊപ്പം ഓടി നടന്നു. 

വിദ്വേഷവും അക്രമവും അഴിച്ചുവിട്ടാൽ തിരഞ്ഞെടുപ്പ് വിജയിക്കാം, രാജ്യത്തിന് ജയിക്കാനാവില്ല : രാഹുൽ

വിദ്വേഷവും അക്രമവും അഴിച്ചു വിട്ട് തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും. എന്നാൽ അതുകൊണ്ട് രാജ്യത്തിന് വിജയിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി. ഇതാണ് ബിജെപി തെളിയിച്ചത് . ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകർ വളർത്തിയെടുത്ത ചിന്തകൾക്ക് വിരുദ്ധമാണ് കേന്ദ്രത്തിന്റെ ബിജെപി ഭരണം.  ഭാരത് ജോഡോ യാത്ര  ഇന്നലെ കഴക്കൂട്ടത്ത് സമാപിക്കുമ്പോൾ നടന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം ഇവയൊന്നും പരിഹരിക്കാൻ ബിജെപി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഉത്തരം കൊടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയും സാമർഥ്യവും രാജ്യം മാതൃക ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, എംപി മാരായ കെ. മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവി, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.

നിവേദനം നൽകി നെയ്ത്തു തൊഴിലാളികൾ 

ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചും യുവതലമുറയെ ആകർഷിച്ച് പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് നെയ്ത്തു തൊഴിലാളികൾ രാഹുൽഗാന്ധിക്ക് നിവേദനം നൽകി.  ഭാരത് ജോഡോ യാത്ര ഊരൂട്ടുകാലയിൽ എത്തിയപ്പോഴായിരുന്നു ഇത്. കടം എഴുതിത്ത‍ള്ളാനുള്ള ആർആ‍ർആർ പാക്കേജ് പദ്ധതി പോലുള്ള ആനുകൂല്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നു രാഹുൽ ഗാന്ധി തൊഴിലാളികൾക്ക് ഉറപ്പു നൽകി.  കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോ‍ധൻ എന്നിവരുടെ സാന്നിധ്യത്തിലാണു നിവേദനം നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com