ADVERTISEMENT

കിളിമാനൂർ∙ നിർമാണം തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും നിർമാണം  പൂർത്തിയാകാതെ കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് മന്ദിരം. ബി.സത്യൻ എംഎൽഎയുടെ എംഎൽഎ ഫണ്ടിൽ നിന്നും 1.15 കോടി രൂപ അനുവദിച്ച പഞ്ചായത്ത് ഓഫിസിന്റെ നിർമാണം 2018–ൽ ആണ് തുടങ്ങിയത്. ഇന്നു കാണുന്ന രീതിയിൽ നിർമാണം പൂർത്തിയായത് 4 മാസം മുൻപാണ്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യും എന്നാണ് നിർമാണം തുടങ്ങിയ വേളയിലെ പ്രഖ്യാപനം. അനുവദിച്ച തുകയുടെ നിർമാണം പൂർത്തിയായി. പ‍ഞ്ചായത്ത് ഫണ്ടിൽ നിന്നും വയറിങിനു 20 ലക്ഷം രൂപ അനുവദിച്ചു. വയറിങിന്റെ പ്രാരംഭ ജോലികൾ പൂർത്തിയായി.

ടൈൽ ഇടൽ, ശുചിമുറി ഫിറ്റിങ്, കാബിൻ തിരിക്കൽ തുടങ്ങിയ ജോലികൾ അവശേഷിക്കുന്നു. ഇതിന്റെ നിർമാണം പൂർത്തിയാക്കാനായി 29 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് എംഎൽഎക്കു നൽകിയിരിക്കുകയാണ്.തുക അനുവദിക്കാമെന്ന് എംഎൽഎ ഉറപ്പ് നൽകിയെന്നും ഈ തുക കൂടി ലഭിച്ചാൽ മാത്രമേ പഞ്ചായത്ത് ഓഫിസ് നിർമാണം പൂർത്തിയാക്കാൻ കഴിയൂ എന്നാണ്  പ്രസിഡന്റ് ടി.ആർ.മനോജ് പറയുന്നത്. പഴയ പഞ്ചായത്ത് ഓഫിസ് പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. നിർമാണം തുടങ്ങിയ നാൾ മുതൽ നേരത്തെ കമ്മിറ്റി യോഗം നടന്നു വന്നിരുന്ന മുറിയിലാണ് ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിന്നു തിരിയാൻ പോലും ഇടം ഇല്ല. ജീവനക്കാരും അംഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങളും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന നിലയിലാണ്. 

trivandrum-water
കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ പാർക്കിങ് ഏരിയ സദാസമയം വെള്ളത്തിൽ മുങ്ങിയ നിലയിൽ

പുതിയ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയ സദാ വെള്ളക്കെട്ടിൽ 

അശാസ്ത്രീയമായ നിർമാണം, കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയ സദാ വെള്ളക്കെട്ടിൽ. തറനിരപ്പിൽ നിന്നും താഴ്ന്നാണ് പാർക്കിങ് ഏരിയ നിർമിച്ചിരിക്കുന്നത്. ഓഫിസ് കെട്ടിടം രണ്ട് നിലയിലാണ്. പാർക്കിങ് ഏരിയ കൂടി കണക്കിലെടുത്താൽ പുതിയ കെട്ടിട 3 നിലയിൽ ആണ്.പാർക്കിങ് ഏരിയയിൽ സദാ സമയം ശക്തമായ ഊറ്റ് ഉണ്ട്. ഊറി വരുന്ന വെള്ളത്തെ പുറത്തേക്ക് ഒഴുക്കി വിടാൻ മാർഗം ഇല്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഇപ്പോൾ അടിച്ചു കളയുകയാണ്. എപ്പോഴും ഒരടി ഉയരത്തിൽ വെള്ളം കെട്ടി കിടക്കുന്നു. സ്ഥിരമായി പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കി വിടണം എന്ന ഉപദേശമാണു ബന്ധപ്പെട്ടവർ പഞ്ചായത്തിന് നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com