ADVERTISEMENT

പോത്തൻകോട്  ∙ ‘ തൊട്ടടുത്തായി കല്ലു വന്നു വീഴുമ്പോഴാണ് അറിയുന്നത്. കെട്ടിടങ്ങൾക്കു മുകളിലും വീഴുന്നുണ്ട്. ഏതു ഭാഗത്തു നിന്നാണ് ഈ കല്ലുകൾ വരുന്നതെന്ന് മാത്രം അറിയാനാകുന്നില്ല’. വെമ്പായം പഞ്ചായത്തിൽ വട്ടപ്പാറ എൽഎംഎസ് ഉദിമൂട്  ഗൗരീനഗർ ചെഞ്ചേരിവിളവീട്ടിൽ എഴുപതുകാരനായ കൃഷ്ണൻകുട്ടി പറയുന്നു. ഭീതി കാരണം കഴിഞ്ഞ ദിവസങ്ങളിൽ ചെഞ്ചേരിവിളക്കാർക്ക് ഉറക്കമില്ലായിരുന്നു. ഇതിനിടെ ചാത്തനേറെന്ന പ്രചാരണവും ശക്തമായി. അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും കല്ലുകൾ വന്നു വീണു. പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.

അതേസമയം കല്ലേറിൽ ആർക്കും പരുക്കു പറ്റിയിട്ടില്ല. ഇക്കഴിഞ്ഞ ഞായർ രാത്രി 10.30തോടെ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീടിന്റെ ഷീറ്റിനു മുകളിലും സമീപത്തെ ആൽത്തറയിലുമാണ് ആദ്യം കല്ലുകൾ വന്നു വീണത്. അത് ആരും അത്ര കാര്യമാക്കിയില്ല.  എന്നാൽ അടുത്ത ദിവസം വൈകിട്ട് നാലോടെ ഇതിനു മുന്നിലൂടെയുള്ള റോഡിലും സമീപ വീടുകൾക്കു മുകളിലും തുരുതുരെ കല്ലുകൾ വീണു. ചൊവ്വ രാവിലെ 8.15 ഓടെ വീണ്ടും കല്ലുകൾ പതിക്കാൻ തുടങ്ങി. ഇതോടെ നാട്ടുകാർ ഏറെ ഭീതിയിലായി. സംഭവം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

അവരുടെ മുന്നിലും കല്ലുകൾ വന്നു വീണു. ചാത്തനേറിന്റെ കഥയറിഞ്ഞ് നൂറുകണക്കിനുപേർ തടിച്ചുകൂടി. വലിയ പാറക്കല്ല്, കോൺക്രീറ്റ് - താബൂക്ക് കട്ടകൾ, കാട്ടുകല്ലുകളുമടക്കമാണ് വന്നു വീഴുന്നത്. പൊലീസ് സംഘത്തിന്റെയും വാർഡംഗം സാബുവിന്റെയും  നേതൃത്വത്തിൽ എല്ലാവരും ചേർന്ന് സമീപ വീടുകളിലും മരങ്ങളുടെ മുകളിലും സമീപത്തായി രണ്ടുമാസമായി അടച്ചിട്ടിരുന്ന വീടിന്റെ പരിസരവുമെല്ലാം പരിശോധിച്ചു. ആൾക്കൂട്ടം ആ പ്രദേശം വളഞ്ഞുവെങ്കിലും കല്ലേറ് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിന്റെ നിർദ്ദേശപ്രകാരം എല്ലാവരും അവരവരുടെ വീട്ടിൽ പുറത്തിറങ്ങാതെയിരുന്നു.

ബന്ധുക്കളായെത്തിയവരെയും പുറത്തു നിന്നു വന്നവരെയും പറഞ്ഞയച്ചു. ഇതിനിടെ ചാത്തനേറെന്ന പ്രചാരണം വന്നതിനാൽ പ്രദേശത്തെ തലമുതിർന്ന ആളായ കൃഷ്ണൻകുട്ടി വൈകിട്ട് ആൽത്തറയിൽ വിളക്കു തെളിയിച്ച് പ്രാർഥിക്കുകയും ചെയ്തു. അതിനു ശേഷവും സമീപത്തുള്ള സനലിന്റെ വീടിനു മുകളിൽ രണ്ടു കല്ലുകൾ വന്നു വീണു. ഈ കല്ലുകളും ആൽത്തറയിൽ കൊണ്ടു വച്ച് കുടുംബാംഗങ്ങൾ പ്രാർഥിച്ചുവത്രെ. എന്തായാലും ഇന്നലെ കല്ലുമഴ ഉണ്ടായില്ലെന്നാണ് വിവരം.  ജില്ലാപഞ്ചായത്തംഗം അഡ്വ. കെ.വി ശ്രീകാന്ത്, മുളങ്കാട് വാർഡംഗം രാജേഷ് തുടങ്ങി നിരവധിപേർ വിവരങ്ങൾ തിരക്കിയെത്തുന്നുണ്ടിവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com