ADVERTISEMENT

തിരുവനന്തപുരം∙ രണ്ടര മാസത്തെ അന്വേഷണത്തിനു ശേഷം പ്രതിയുമായി പൊലീസ് രംഗത്തെത്തിയതോടെ വീണ്ടും കൊഴുത്ത് എകെജി സെന്റർ ആക്രമണ വിവാദം. യൂത്ത് കോൺഗ്രസുകാരനെ പ്രതിയാക്കിയതു പൊലീസിന്റെയും സിപിഎമ്മിന്റെയും തിരക്കഥയാണെന്ന ആരോപണമാണു കോൺഗ്രസിന്റേത്. പൊലീസ് തീക്കൊള്ളി കൊണ്ടാണു തല ചൊറിയുന്നതെന്നും വേണമെങ്കിൽ നിയമം കയ്യിലെടുക്കുമെന്നുമുള്ള മുന്നറിയിപ്പ് കെ.സുധാകരനിൽ നിന്നുണ്ടായത് നടപടി അംഗീകരിക്കില്ലെന്നതിന്റെ സൂചനയാണ്. പാർട്ടി ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ വൈകിയതിന്റെ  ജാള്യം മാറ്റാനായെന്ന ആശ്വാസം സിപിഎമ്മിനുണ്ട്.

ആക്രമണത്തിന്റെ പേരിൽ പാർട്ടിക്കെതിരെയും ആരോപണമുയർന്നിരുന്നു. വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച എംപി ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിക്കാനെത്തിയതിന്റെ തലേന്നായിരുന്നു എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത്. ഈ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായത് രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തിയപ്പോഴാണെന്ന പ്രത്യേകതയുമുണ്ട്.  സ്ഫോടനം നടന്നു മിനിറ്റുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംഭവസ്ഥലത്തെത്തിയതിലും, പിന്നിൽ കോൺഗ്രസാണെന്ന് അപ്പോൾ തന്നെ ആരോപിച്ചതിലും പ്രതിപക്ഷം സംശയമുന്നയിച്ചു.

നടന്നതു ജയരാജന്റെ തിരക്കഥയെന്നു പറയാൻ കെ.സുധാകരനടക്കമുള്ളവർ തയാറാവുകയും ചെയ്തു. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാവാത്തതിന്റെ തലവേദന ഭരണപക്ഷം നിയമസഭയിലും അനുഭവിച്ചു. നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായാണ് ഉന്നയിച്ചത്. സ്പീക്കർ ചർച്ച അനുവദിക്കുകയും ചെയ്തു. ‘പ്രതിയെ കിട്ടിയോ’ എന്ന പേരിൽ കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിൽ ട്രോൾ പ്രചാരണവും നടത്തിയിരുന്നു. ഇതിനെല്ലാമൊടുവിലാണ് അറസ്റ്റ്.

അന്വേഷണം കൂടുതൽ പേരിലേക്ക്

എകെജി സെന്ററിനു നേർക്കു  പടക്കമെറിഞ്ഞ കേസിൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിൽ ജിതിനു പുറമേ  കൂടുതൽ പേരുകളുണ്ടെന്നും ക്രൈംബ്രാഞ്ച്.  ജിതിന്റെ അറസ്റ്റിലേക്ക് നയിച്ച നിഗമനങ്ങളിൽ  പലതിനും കൂടുതൽ തെളിവു  പൊലീസിനു കണ്ടെത്തേണ്ടതുമുണ്ട്. ജിതിന്റെ സുഹൃത്തിന്റെ സ്കൂട്ടറാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു പൊലീസ്  സംശയിക്കുന്നു. ജിതിന് സ്കൂട്ടർ പണയത്തിന്മേൽ  കടം കൊടുക്കുന്ന ഏർപ്പാടുണ്ടെന്നു പറയുന്നു.

ആ വഴി ലഭിച്ച സ്കൂട്ടറാണോയെന്നും സംശയമുണ്ട്. പക്ഷേ സ്കൂട്ടർ ഇതുവരെ കണ്ടെത്തിയിട്ടില്ല. എറിഞ്ഞ പടക്കം വാങ്ങിയത് എവിടെ നിന്നാണെന്നും കണ്ടെത്തണം. ഇതൊക്കെ  കേസിൽ നിർണായകമാണ്. നിരോധിക്കപ്പെട്ട സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയതുൾപ്പെടെയുള്ള  വകുപ്പുകളാണ്  ചുമത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ജിതിനിലേക്ക് എത്തിയതായി സംശയം പറയുന്ന ടീഷർട്ട്  കണ്ടെത്തണം.

സംഭവം നടന്ന് ഒരു മാസത്തോളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിച്ചിട്ടും സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെന്നു പറഞ്ഞിരുന്നു. തെളിവുകളൊന്നും  കണ്ടെത്തിയിരുന്നുമില്ല. ഇപ്പോൾ അതേ സിസിടിവി ദൃശ്യങ്ങളിൽ നിന്നു എങ്ങനെ വ്യക്തത വന്നുവെന്നു പൊലീസിനു പറയേണ്ടി വരും. പടക്കമെറിയാനെത്തിയെന്നു പറയുന്ന സ്കൂട്ടർ പോലും കണ്ടെത്താനാകാതെ പ്രതിയെ കണ്ടെത്തിയതിനു പിന്നിൽ  രാഷ്ട്രീയമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com