വാക്കുകൾ ഇടറി നിറകണ്ണുകളോടെ ജോജു; പുരസ്കാരം താഴെ വയ്ക്കാതെ രേവതി

തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിനിടയിൽ, മികച്ച നടൻമാരായ ജോജു ജോർജിനും ബിജു മേനോനും മികച്ച നടി രേവതിയ്ക്കുമൊപ്പം ട്രാൻസ്ജെൻഡർ വുമൺ വിഭാഗത്തിലെ പുരസ്കാര ജേതാവ് നേഹ. ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ആദ്യമായാണ് ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത്. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം∙ ‘നിശാഗന്ധി’യിൽ തടിച്ചു കൂടിയ നൂറുകണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി നിറകണ്ണുകളോടെ മികച്ച നടനുള്ള പുരസ്കാരം ബിജു മേനോന് ഒപ്പം പങ്കിട്ട ജോജു ജോർജ് പറഞ്ഞു: ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്. എളിയ രീതിയിൽ ആരംഭിച്ച യാത്ര ഈ നിലയിൽ ഇവിടം വരെ എത്തിക്കാനായി. നൂറിലേറെ ചിത്രങ്ങളിൽ ഇതുവരെ അഭിനയിക്കാനായി. അതിന് ഒരുപാടു പേരുടെ സഹായം ഉണ്ടായിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്.

ഓരോ സിനിമയും ഓരോ പാഠമായിരുന്നു. എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും എങ്ങനെ തിരുത്തണമെന്നുമൊക്കെ പഠിപ്പിച്ചത് ഗുരുക്കന്മാരും സംവിധായകരുമാണ്. ജീവിതത്തിൽ ഇതിലും വലിയ നേട്ടം നേടാനാകുമോ എന്നറിയില്ല.’ കണ്ണു നിറഞ്ഞ് പ്രസംഗം അവസാനിപ്പിക്കാനാകാതെയാണ് ജോജു വേദിയിൽ നിന്നിറങ്ങിയത്. പ്രസംഗത്തിനായി അവാർഡ് ശിൽപവുമായാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രേവതി എത്തിയത്. അവാർഡ് ശിൽപം കസേരയിൽ വച്ചിട്ട് വരാമായിരുന്നു.

പക്ഷേ അതിനു സാധിക്കുന്നില്ല.  ഈ പുരസ്കാരം കയ്യിലെത്തിച്ചേരാൻ നാൽപതോളം വർഷം എടുത്തു. പുരസ്കാരം എനിക്കു തന്നെ സമർപ്പിക്കുകയാണ്.’ രേവതി പറഞ്ഞു. പുരസ്കാരം മികച്ച സിനിമകൾക്കുള്ള പ്രചോദനമാണെന്ന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ദിലീഷ് പോത്തൻ പറഞ്ഞു.  മികച്ച സ്വഭാവ  നടനുള്ള  പുരസ്കാരം മൂറും നടിക്കുള്ള പുരസ്കാരം  ഉണ്ണിമായ പ്രസാദും  തിരക്കഥയ്ക്കുള്ള പുരസ്കാരം ഷെറി ഗോവിന്ദനും ഏറ്റുവാങ്ങി.

ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം വിനീത് ശ്രീനിവാസനും അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരനും മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു. മികച്ച ചിത്രത്തിന്റെ സംവിധായകൻ ആർ.കെ. കൃഷാൻ, എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി.െക.ഹരിനാരായണൻ തുടങ്ങി അമ്പതിലേറെ പ്രതിഭകൾ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.

എന്റെ സിനിമകൾ പലപ്പോഴും അധികാര കേന്ദ്രങ്ങൾ അവഗണിച്ചു: കെ.പി.കുമാരൻ

തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ജെ.സി.ഡാനിയേൽ പുരസ്കാര ജേതാവ് കെ.പി.കുമാരനും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ശശികുമാറും. ചിത്രം: മനോരമ

തിരുവനന്തപുരം ∙ മുന്നൊരുക്കങ്ങളില്ലാതെ ഗോദയിലേക്ക് കാലെടുത്തുവച്ച ഗുസ്തിക്കാരനെ പോലെയായിരുന്നു തന്റെ ആദ്യ സിനിമയെന്ന് ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ കെ.പി.കുമാരൻ പറഞ്ഞു. ‘എന്റെ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചെങ്കിലും അധികാര കേന്ദ്രങ്ങൾ പലപ്പോഴും അവഗണിച്ചു.  ആ സമയത്ത് മനസ്സിൽ രണ്ടു കാര്യങ്ങളായിരുന്നു. സിനിമ ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ മുഴുവൻ സമയ സിനിമാ പ്രവർത്തകനാവുക. രണ്ടാമത്തെ വഴി ഞാൻ തിരഞ്ഞെടുക്കുകയായിരുന്നു. ’ – കുമാരൻ പറഞ്ഞു.

മാധ്യമ പ്രവർത്തകനെന്ന നിലയിലുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്ന് ശശികുമാർ. സംസ്ഥാന സർക്കാരിന്റെ പ്രഥമ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകനെ ഭരണകൂടം അംഗീകരിക്കുമ്പോൾ സംശയം തോന്നാം. എന്നാൽ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണിത്.  മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് എല്ലാ മാധ്യമപ്രവർത്തകരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരസ്‌കാരം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹക്കുട്ടിക്ക് ഇത് അഭിമാനനിമിഷം

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്ന സ്നേഹ അജിത്ത്.

തിരുവനന്തപുരം∙ തലസ്ഥാനത്തെ രാജാജി നഗർ കോളനി ഇന്നലെ ആവേശത്തിമിർപ്പിലായിരുന്നു. നിശാഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ  മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് രാജാജി നഗറിന്റെ  സ്നേഹ അനുവാണ്.  കയസ് മിലൻ സംവിധാനം ചെയ്ത ‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനി യായ സ്നേഹ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ചത്.

കുടുംബാംഗങ്ങളും അയൽവാസികളും ചടങ്ങ് കാണാൻ  എത്തിയിരുന്നു.  മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സ്നേഹ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. പഠനത്തോടൊപ്പം അഭിനയവും കൊണ്ടുപോകാൻ മന്ത്രി വി.ശിവൻകുട്ടി സ്നേഹയോടു പറഞ്ഞു. കോട്ടൺഹില്ലിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സ്നേഹ.   തിരുവനന്തപുരം നഗരസഭയിലെ ദിവസവേതനക്കാരനാണ് സ്നേഹയുടെ അച്ഛൻ അനു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}