എകെജി സെന്റർ ആക്രമണക്കേസ്: കോൺഗ്രസ് പ്രവർത്തകൻ റിമാൻഡിൽ, സ്കൂട്ടറും ടീഷർട്ടും കണ്ടെത്താനായില്ല

Mail This Article
തിരുവനന്തപുരം∙ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിനെ ഒക്ടോബർ 6 വരെ റിമാൻഡ് ചെയ്തു. സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് ഓടിച്ച സ്കൂട്ടറും ധരിച്ച ടീഷർട്ടും കണ്ടെത്താനായില്ലെന്നു പൊലീസ് കോടതിയെ അറിയിച്ചു. ജിതിന്റെ ജാമ്യാപേക്ഷ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. സംഭവ ദിവസം പ്രതി ഉപയോഗിച്ച ഷൂസ് കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു. ടീഷർട്ട് വാങ്ങിയതായി പറയുന്ന കടയിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
ടീഷർട്ട് വേളി കായലിൽ ഉപേക്ഷിച്ചതായി ജിതിൻ മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നേരത്തേ ജിതിൻ ടീഷർട്ട് നശിപ്പിച്ചു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സ്കൂട്ടറിനെക്കുറിച്ച് സൂചന ലഭിച്ചതായും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ, കേസിൽ ജിതിന് സ്കൂട്ടർ എത്തിച്ചു നൽകിയതായി പറയുന്ന വനിതാ നേതാവും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവും ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ എകെജി സെന്ററിനു സമീപം അതീവ രഹസ്യമായി പ്രതിയെ എത്തിച്ചു തെളിവെടുത്തിരുന്നു. പ്രതിയെ പകൽ കൊണ്ടുപോകുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്വകാര്യ വാഹനത്തിലാണ് പ്രതിയെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ ജൂൺ 30 ന് രാത്രി 11.25 നാണ് എകെജി സെന്ററിനു നേരെ ആക്രമണം നടന്നത്. 3 മാസത്തെ അന്വേഷണത്തിനു ശേഷം കഴിഞ്ഞദിവസമാണ് യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.