ADVERTISEMENT

തിരുവനന്തപുരം ∙ അമ്മയ്ക്കു ചിതയൊരുക്കിയ വർക്കലയിലെ കുടുംബ സ്ഥലത്ത് സംവിധായകൻ അശോകനും അന്ത്യനിദ്ര. 3 പതിറ്റാണ്ടിലധികമായി സിംഗപ്പൂരിൽ സ്ഥിര താമസമാക്കിയ അശോകന്റെ ആഗ്രഹ പ്രകാരമാണ് അദ്ദേഹത്തിന്റെ സംസ്ക്കാരം വർക്കല പുല്ലാനിക്കോടുള്ള കുടുംബ വീടിനു സമീപത്തായി നടത്തിയത്. അശോകന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ച തൈക്കാട് ഭാരത് ഭവനിലും വർക്കലയിലെ കുടുംബ വീട്ടിലും ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിച്ചു. സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

മരണ ശേഷം അമ്മയ്ക്കരികിൽ ചിതയൊരുക്കണമെന്ന ആഗ്രഹം അശോകൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവച്ചിരുന്നു. സിംഗപ്പൂർ പൗരത്വമുള്ള ഭാര്യ സീതയും മകൾ അഭിരാമിയും ബന്ധുക്കളും ചേർന്ന് അശോകന്റെ  ആഗ്രഹം സഫലമാക്കി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ  തൈക്കാട് ഭാരത് ഭവനിൽ രാവിലെ 9 മുതൽ 11 വരെ  മൃതദേഹം പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രിമാരായ വി.എൻ. വാസവൻ, .വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ജോൺ ബ്രിട്ടാസ് എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സിപിഎം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ  പ്രേംകുമാർ, , ചലച്ചിത്ര ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ, തുടങ്ങി ഒട്ടേറെ പേർ ആദരാഞ്ജലി അർപ്പിച്ചു.

വർക്കലയിലെ കുടുംബ വീട്ടിലും അന്ത്യോപചാരമർപ്പിക്കാൻ വി.ജോയ് എംഎൽഎ, നഗരസഭ ചെയർമാൻ ലാജി തുടങ്ങി ഒട്ടേറെ പേർ എത്തി. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് അശോകൻ അന്തരിച്ചത്. അശോകൻ– താഹ കൂട്ടുകെട്ടിലൂടെയാണ് മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി സിനിമകൾ പിറവി കൊണ്ടത്. അശോകൻ സംവിധാനം ചെയ്ത കാണാപ്പുറങ്ങൾ എന്ന ടെലിഫിലിമിന് സംസ്ഥാന സർക്കിരിന്റെ അവാർഡ് ലഭിച്ചിച്ചിട്ടുണ്ട്. സിംഗപ്പൂരിലേക്കു പ്രവർത്തന കേന്ദ്രം മാറ്റിയ അദ്ദേഹം പിന്നീട് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com