ADVERTISEMENT

തിരുവനന്തപുരം ∙ സൈനികനായിരുന്ന അച്ഛനെ കണ്ട ഓർമ പോലുമുണ്ടായിരുന്നില്ല മാളവികയ്ക്ക്. സൈനിക സേവനത്തിനിടയിൽ അച്ഛൻ ലഫ്.കേണൽ എസ്.ആനന്ദ് മരിക്കുമ്പോൾ മാളവിക അമ്മയുടെ ഗർഭത്തിലായിരുന്നു. മരണാനന്തരം അച്ഛനു ലഭിച്ച ആദരം ഏറ്റുവാങ്ങാൻ ഇന്നലെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കൊളച്ചൽ ഓഡിറ്റോറിയത്തിലേക്ക് അമ്മ പ്രിയങ്കയ്ക്കും ചേട്ടൻ കാർത്തിക്കിനുമൊപ്പം മൂന്നു വയസ്സുകാരി മാളവികയും ഓടിക്കയറി. പ്രിയങ്കയ്ക്കു പുരസ്കാരം കൈമാറിയശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാളവികയ്ക്കു കൈകൊടുത്തു. അഭിമാനത്തോടെ അവൾ തിരികെ വേദിയുടെ പടികളിറങ്ങി.

ശൗര്യചക്ര പുരസ്കാര ജേതാവായിരുന്ന എസ്.ആനന്ദ് ഉൾപ്പെടെ സൈനിക സേവനത്തിനിടയിൽ വീരമൃത്യു വരിച്ച കേരളത്തിൽ നിന്നുള്ള സേനാംഗങ്ങളുടെ പത്നിമാരും മാതാപിതാക്കളും ആദരമേറ്റു വാങ്ങി. കഴിഞ്ഞ വർഷങ്ങളിൽ ഗ്യാലന്ററി അവാർഡ് നേടിയവരെയും ആദരിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ നിസ്വാർഥ സേവനത്തെ ആദരവോടെ കാണുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. പുരസ്‌കാര ജേതാക്കളും വീര നാരിമാരും ധീരമാതാപിതാക്കളും പ്രകടിപ്പിക്കുന്ന ധീരത എല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്നും തലമുറകൾക്കെല്ലാം ഇവർ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. കളരിപ്പയറ്റ്, മറാഠാ റജിമെന്റ് അവതരിപ്പിച്ച കലാപരിപാടികൾ, സൈനിക ബാൻഡ് പ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com