ADVERTISEMENT

പോത്തൻകോട് ∙ അബുദാബിയിൽ ഇത്തിഹാദ് എയർവെയ്സിന്റെ വ്യാജ നിയമന ഉത്തരവും  വീസയും നൽകി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി മുദാക്കൽ ഇളമ്പ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ  എസ്. രതീഷ് (40) നെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം തട്ടിച്ചു എന്ന ഇടുക്കി സ്വദേശി അൽ അമീന്റെ പരാതിയിലാണ് രതീഷിന്റെ അറസ്റ്റ്. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലായി ഒട്ടേറെപ്പേർക്ക് പണം നഷ്ടമായിട്ടുണ്ട്. രതീഷ് പിടിയിലായതറിഞ്ഞ് തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രമായി ഇന്നലെ 32 പേരോളം മംഗലപുരം സ്റ്റേഷനിൽ എത്തിയിരുന്നു.  

trivandrum-fake-offer-letter
1- ഇത്തിഹാദ് എയ‍ർവെയ്സിന്റെ പേരിൽ നൽകിയ വ്യാജ നിയമന ഉത്തരവ്. 2- പണം കൈപ്പറ്റുന്നതിനു മുൻപ് രതീഷ് ഉദ്യോഗാർഥികൾക്കു നൽകിയ കരാർ.

പൊലീസ് പറയുന്നത് ഇങ്ങനെ : വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ചായിരുന്നു തട്ടിപ്പ്. ആദ്യം സ്ഥലവാസികളുമായി സൗഹൃദം സ്ഥാപിക്കും. അതിനു ശേഷം അബുദാബിയിലെയും മറ്റും എയർപോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും ഏജന്റുമാ‍‍ർ വഴിയും പ്രചാരണം നടത്തും. സമീപിക്കുന്നവരെ കൃത്രിമം കാട്ടിയ വിസിറ്റിങ് വിസയും വ്യാജ നിയമന ഉത്തരവും കാണിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് അവർ കൊണ്ടു വന്ന മുദ്രപത്രത്തിൽ കരാർ എഴുതിയ ശേഷം നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും പണം കൈപ്പറ്റുകയായിരുന്നു. പലരിൽ നിന്നും പണം കൈപ്പറ്റി കഴിഞ്ഞാൽ അവിടെ നിന്നും ഉടൻ താമസ സ്ഥലം മാറുകയാണ് പതിവ്.

തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ തട്ടിപ്പു നടത്തിയിട്ടുള്ളത്. 2008ൽ കള്ളനോട്ട് കേസിൽ ആറ്റിങ്ങൽ സ്റ്റേഷനിലും വേളാവൂർ കിണറ്റുമുക്ക് മത്തനാട് മറ്റൊരാളുടെ വസ്തു കാണിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതിയാണ് രതീഷ്. ഇയാൾ പന്തളത്ത് ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കെടുത്ത് ഒളിവിൽ കഴിയവെയാണ് പിടിയിലാകുന്നത്. മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സജീഷ്, എഎസ്ഐമാരായ ജയൻ, ഫ്രാങ്ക്ളിൻ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുകയത്. രതീഷ് അറസ്റ്റിലായ വിവരം അറിഞ്ഞ് മംഗലപുരം സ്റ്റേഷനിലേക്ക് പരാതിക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്. പോത്തൻകോട് സ്റ്റേഷനിലും പരാതികളെത്തിയിട്ടുണ്ട്. 

മംഗലപുരം സ്റ്റേഷനിലെത്തിയ ആദ്യ പരാതി പൂഴ്ത്തിയെന്ന് 

വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 5ന് വെമ്പായം കൊഞ്ചിറ സ്വദേശി സൻഫൽ മംഗലപുരം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ല. പരാതിയുമായെത്തിയ സൻഫലിനോട് കേസുമായി മുന്നോട്ടു പോകുന്നോ അതോ പണം വേണോ എന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഒരു പൊലീസുകാരൻ ചോദിച്ചുവത്രെ. സൻഫൽ നൽകിയ പരാതി ഉദ്യോഗസ്ഥൻ പൂഴ്ത്തിയെന്നാണ് ആക്ഷേപം.  ഇതിനു പ്രത്യുപകാരമായി പ്രതി രതീഷ് വിലപിടിപ്പുള്ള ഫോൺ സമ്മാനമായി ഉദ്യോഗസ്ഥന് നൽകിയത്രെ. അബുദാബിയിൽ വച്ച് രതീഷിന്റെ ഫോൺകോളിലൂടെ വിവരം അറിഞ്ഞതായി തട്ടിപ്പിനിരയായ മറ്റൊരാൾ നെടുമങ്ങാട് ഇരിഞ്ചയം മേലെക്കട പാളയം വിളാകത്തു വീട്ടിൽ മനു പറയുന്നു.

തനിക്കും പണം വാങ്ങി വീസയും നിയമന ഉത്തരവും നൽകിയിരുന്നു.  അബുദാബിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഇതേ തുടർന്ന് രതീഷിനെ ഫോണിൽ ബന്ധപ്പെട്ടു. നാട്ടിലെത്തി പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ മംഗലപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്തു പറഞ്ഞ്  ഭീഷണിപ്പെടുത്തിയതായും മനു പറഞ്ഞു.  പാസ്പോർട്ടിൽ ‘നോ എൻട്രി’ അടിച്ച് കരിമ്പട്ടികയിൽപ്പെടുത്തി മനുവിനെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.  സംഭവം വിവാദമാകുമെന്നു കണ്ടതോടെയാണ് ഇരകളിൽ ഒരാളെ തേടിപ്പിടിച്ച് പരാതിയും വാങ്ങി മംഗലപുരം സ്റ്റേഷനിൽ വീണ്ടും കേസെടുത്ത് പ്രതിയെ പിടികൂടിയതെന്നാണ്  ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com