ADVERTISEMENT

തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ  അഡിഷനൽ സെഷൻസ് കോടതി തള്ളി. പിന്നാലെ പ്രതികളിലെ ഒരാൾ അറസ്റ്റിലായി.  കെഎസ്ആർടിസി ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ തിരുമല ആറാമട തേരി ഭാഗം ടി.സി.18/254/3പുലരിയിൽ എസ്.ആർ.സുരേഷ് കുമാർ(53)ആണ് കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവം നടന്ന് 11–ാം ദിവസമാണ് ആദ്യ അറസ്റ്റ്. 

പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിഐടിയു–സിപിഎം നേതൃത്വങ്ങളുടെ ഇടപെടൽ കാരണം പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന  ഗുരുതര ആക്ഷേപം നിലനിൽക്കെയാണ് ഒരാൾ പിടിയിലായത്.  പ്രതികളിൽ ചിലരെ 22ന് തന്നെ പൊലീസിനു മുന്നിൽ എത്തിക്കാമെന്ന് ഭരണപക്ഷ നേതാക്കൾ പൊലീസിനു ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ച പൊലീസിനെ നോക്കുകുത്തിയാക്കി പ്രതികൾ മുങ്ങി.

മുൻകൂർ ജാമ്യാപേക്ഷ  ഇന്നലെ കോടതി തള്ളി. ഇതിനു പിന്നാലെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ  ഷാഡോ ടീം  തിരച്ചിൽ ഊർജിതമാക്കിയത്. സിഐടിയു നേതാവ് ഉൾപ്പെടെ 4 പേർ ഒളിവിലാണ്. 20നാണ് കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും ജീവനക്കാരുടെ മർദനമേറ്റത്. അതേസമയം, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നു കേസ് ഡയറി പരിശോധിച്ചതിൽനിന്ന് വ്യക്തമായതായി കോടതി ഉത്തരവിൽ പറഞ്ഞു.

അന്വേഷണം തുടരാൻ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതിനാൽ ജാമ്യം നിഷേധിക്കുകയാണെന്നും വ്യക്തമാക്കി . മകളുടെ മുന്നിൽ പിതാവിനെ ദേഹോപദ്രവം ഏൽപിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ പറഞ്ഞു. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽ മർദനമേറ്റത്.  

കാട്ടാക്കട ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്

കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ കാട്ടാക്കട എസ്എച്ച്ഒ അനിൽ ജെ റോസിനു റൂറൽ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകി. കേസിന്റെ ഗൗരവം മനസ്സിലാക്കി പ്രതികളെ പിടികൂടുന്നതിലും മർദനമേറ്റ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും സംഭവിച്ച പിഴവുകൾക്ക് സമാധാനം ബോധിപ്പിക്കണം.

വീഴ്ച സംബന്ധിച്ച് തുടക്കം മുതൽ ആക്ഷേപം ഉയർന്നതോടെ കാട്ടാക്കട എസ്എച്ച്ഒയെ ഒഴിവാക്കി ഡിവൈഎസ്പി തലവനായി പ്രത്യേക സംഘത്തെ റൂറൽ പൊലീസ് മേധാവി നിയോഗിച്ചിരുന്നു. തുടക്കത്തിൽ പൊലീസ്  വീഴ്ചകൾ ചൂണ്ടി കാട്ടി നേരത്തെ ഡിവൈഎസ്പിയും മെമ്മോ നൽ‌കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com