പാറശാല ∙ നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ടു പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കരുംകുളം തെക്കേക്കരയിൽ അശോക്–രാഖി ദമ്പതികളുടെ മകൻ എ.ആർ. അശ്വിൻരാജ് (15), കഞ്ചാംപഴിഞ്ഞി ജി ജെ ഭവനിൽ ജോസഫ്–ഗ്രേസി ദമ്പതികളുടെ മകൻ ജി.ജെ. ജോസ്‌വിൻ (15) എന്നിവരാണു മരിച്ചത്. ഇരുവരും അരുമാനൂർ എംവി എച്ച്എസ് സ്കൂളിലെ വിദ്യാർഥികളാണ്. ഇന്നലെ ഉച്ചയ്ക്ക് 2ന് മാവിളക്കടവ് പാലത്തിനു സമീപത്തെ കടവിൽ ആണ് അപകടം. ഇവിടെയെത്തിയ ഏഴംഗ വിദ്യാർഥി സംഘത്തിൽ അശ്വിനും ജോസ്‌വിനും കുളിക്കാൻ ഇറങ്ങി.
ഒരാൾ ഒഴുക്കിൽപെട്ടതു കണ്ട് രക്ഷിക്കാൻ ശ്രമിക്കവേ രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. സമീപവാസികളും തുടർന്ന് പൂവാറിൽനിന്ന് ഫയർഫോഴ്സ് സംഘവും എത്തി തിരച്ചിൽ നടത്തിയെങ്കിലും അടിയൊഴുക്ക് തടസ്സമായി. സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് 10 മീറ്റർ അകലെ നിന്നു നാലരയോടെ മൃതദേഹങ്ങൾ ലഭിച്ചത്. പൊഴി മുറിച്ചിരിക്കുന്നതിനാലാണ് ഒഴുക്ക് ശക്തമായിരുന്നത്. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർഥികൾ കലോത്സവം നടക്കുന്നതിനാൽ ഉച്ചയോടെ കഞ്ചാംപഴിഞ്ഞിയിൽ ജോസ്‌വിന്റെ പിതാവ് നടത്തുന്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം സമീപത്തെ നെയ്യാറിൽ കുളിക്കാൻ പോവുകയായിരുന്നു. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.