ADVERTISEMENT

കിളിമാനൂർ ∙ മടവൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.  കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ്(70) ഭാര്യ വിമലാദേവി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി പനപ്പാംകുന്ന് അജിത ഭവനിൽ ശശിധരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ശശിധരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

trivandrum-sasidharan
പൊലീസ് കസ്റ്റഡിയിൽ എടുത്ത ശശിധരൻ.

ഇന്നലെ രാവിലെ 11.30 നാണ് സംഭവം. വീടിനുള്ളിൽ നിന്ന് അലർച്ച കേൾക്കുകയും തീയും പുകയും കാണുകയും ചെയ്തതോടെ നാട്ടുകാരെത്തി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. ശരീരത്തിലാകെ തീ പടർന്ന്  തറയിൽ കിടക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഇതിനിടെ, വീടിന്റെ മുറ്റത്ത് ദേഹമാസകലം പൊള്ളലേറ്റ  പ്രതി ശശിധരനെ, സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പ്രതി വീടിനുള്ളിൽ കയറി പ്രഭാകരക്കുറുപ്പിന്റെ മുണ്ടും ഷർട്ടും ധരിച്ച് പുറത്തേക്ക് വരുന്നതാണ് കണ്ടത്. ആരെന്ന് ചോദിച്ചപ്പോൾ ജോലിക്ക് വന്നതാണെന്നും കൂടെ ഒരാൾ ഉണ്ടെന്നുമായിരുന്നു മറുപടി. 

trivandrum-house
മടവൂരിൽ ദമ്പതികൾ കൊല്ലപ്പെട്ട വീട്.

ഇയാൾ കൊണ്ടു വന്ന ചുറ്റികയും പെട്രോൾ കന്നാസും സ‍ഞ്ചിയിലാക്കി വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിച്ചത് പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. 27 വർഷം മുൻപ് മകനും പിന്നാലെ മകളും ആത്മഹത്യ ചെയ്തതിനെത്തുടർന്നുള്ള വൈരാഗ്യമാണ് മടവൂർ കൊച്ചാലുംമൂട്  കാർത്തികയിൽ പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമലദേവിയെയും കൊലപ്പെടുത്തിയതിനു പിന്നിലെന്ന് പൊലീസ്. ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു, ഈ സമയം ശശിധരനും ഗൾഫിൽ ആയിരുന്നു. ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ച ശേഷമാണ് മകൻ ആത്മഹത്യ ചെയ്തത്.

സഹോദരൻ മരിച്ചതിന്റെ മനോവിഷമത്തിൽ വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തിനോടും കടുത്ത ശത്രുതയായെന്ന് പൊലീസ് പറഞ്ഞു. നിരന്തര ലഹളയെ തുടർന്ന് പ്രഭാകരക്കുറുപ്പ് ശശിധരന്റെ വീടിനടുത്ത് നിന്നും താമസം മാറി. മടവൂരിൽ പുതിയ വീടു വാങ്ങി താമസം അവിടെയാക്കി. കിളിമാനൂർ കാർഷിക സഹകരണ ബാങ്കിൽ ജോലിയുള്ള മകൾ ഇവരുടെ കൂടെയാണ് താമസം. മകൾ ജോലിക്ക് പോയിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ  ദമ്പതികൾ  മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രഭാകരക്കുറുപ്പ് മലയ്ക്കലിൽ കാർത്തിക ഹോളോബ്രിക്സ് സ്ഥാപനം നടത്തുകയാണ്. മക്കൾ: അനിത പി.കുറുപ്പ്, ചിഞ്ചു പി.കുറുപ്പ്. മരുമക്കൾ: എസ്.ബിജു, ശ്രീജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com