ADVERTISEMENT

പാറശാല∙ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മാല മോഷ്ടിച്ചതും ആശുപത്രി വരിയിൽ വയോധികയുടെ മാല കവർന്നതുമായ സംഭവങ്ങളിൽ റിമാൻഡിൽ കഴിയുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ജ്വല്ലറിയിലെത്തിച്ചു തെളിവെടുത്തു. ചെന്നൈ ടീ നഗർ സ്വദേശി പൂജ (35)യെയാണ് കഴിഞ്ഞദിവസം പാറശാല പെ‍ാലീസ് കസ്റ്റഡിയിൽ വാങ്ങി  തെളിവെടുപ്പ് നടത്തിയത്. ഒന്നാം ഒ‍ാണത്തിന്റെ  തലേന്ന് പാറശാല ജംക്‌ഷനിലെ ജ്വല്ലറിയിൽ ആണ് കവർച്ച നടത്തിയത്.

കമ്മൽ ആവശ്യപ്പെട്ട് എത്തിയ മൂന്നു സ്ത്രീകളിൽ ഒരാൾ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചപ്പോഴാണ് പൂജ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണം കവർന്നത്. പിന്നീട് അൽപ സമയം കൂടി ജ്വല്ലറിയിൽ ചെലവിട്ട ഇവർ മോഡൽ ഇഷ്ടമായില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന മാല കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. ഒരാഴ്ച മുൻപ് പാറശാല ആശുപത്രിയിലെ ഫാർമസിക്ക് മുന്നിൽ വയോധികയുടെ മാല പെ‍ാട്ടിച്ച് കടക്കുന്നതിനിടെയാണ് പൂജ പിടിയിലായത്.

വയോധിക പിന്നാലെ ഒ‍ാടി ഇവരെ  പിടികൂടി പെ‍ാലീസിനു കൈമാറുകയായിരുന്നു. ഈ സംഭവത്തിൽ  റിമാൻഡിൽ കഴിയുമ്പോഴാണ്  ജ്വല്ലറിയിൽ നിന്നുള്ള പരാതി ലഭിക്കുന്നത്. ഇതിനെത്തടുർന്നാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തത്.   ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം ഒപ്പം ഉണ്ടായിരുന്നവരുടെ പക്കൽ എന്നാണ് പൂജയുടെ വെളിപ്പെടുത്തൽ. ഒരു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ ലഭിച്ചത്.

മോഷ്ടിക്കാനെത്തുന്നത് വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച്   

മുന്തിയ ഇനം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള യുവതികൾ  കവർച്ചയ്ക്ക് ഇറങ്ങുന്നത്. ബസ് സ്റ്റോപ്പ്, ആശുപത്രികൾ, ബാങ്ക് തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ സംഘങ്ങളായി എത്തുന്ന ഇവർ കൃത്രിമ തിരക്ക് സൃഷ്ടിച്ചാണ് കവർച്ച. മോഷണ ശേഷം വസ്ത്രം മാറി രക്ഷപ്പെടുന്നതിനാൽ നിറം നോക്കി പിടികൂടാൻ കഴിയില്ല. പൂജ പിടിയിലാകുമ്പോൾ ബാഗിൽ ഒട്ടേറെ വസ്ത്രങ്ങൾ  ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com