ADVERTISEMENT

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ദുരിതബാധിതരെ ജീവിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ താൻ അവിടെ എന്താണു നടക്കുന്നതെന്നു മനസ്സിലാക്കി . അതുകൊണ്ടാണ് സഹന സമരത്തിനു തയാറായതെന്നും അവർ പറഞ്ഞു. ദുരിതബാധിതർക്കു ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. ഇവർക്കായി അടിയന്തര മെഡിക്കൽ ക്യാംപ് നടത്തണം.

ആരോഗ്യത്തോടെ ജീവിക്കാൻ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനാപരമാണ്. അതു നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കൂടംകുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.

ചികിത്സയ്ക്കു വേണ്ടി കേരളത്തിൽ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അനുകൂലമായ തീരുമാനമെടുക്കുന്നില്ലെങ്കിൽ സമരത്തിന്റെ ഗതി മാറ്റണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫാ.യുജിൻ പെരേര, എൻ.സുബ്രഹ്മണ്യൻ, എസ്.രാജീവൻ, സോണിയ ജോർജ്, എം.സുൽഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരൻ പള്ളിക്കൽ, ഡോ.സോണിയ മൽഹാർ, ശിവദാസൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, സാജൻ കോട്ടയം, ജോസ് തൃശൂർ, ജോർജ് എറണാകുളം, താജുദ്ദീൻ പടിഞ്ഞാർ, സീദി ഹാജി കോളിയടുക്കം, ഹക്കിം ബേക്കൽ, സത്താർ ചൗക്കി, ബിലാൽ മൊഗ്രാൽ, ദാമോദരൻ അമ്പലത്തറ, കൃപ പെരുമ്പാവൂർ, കരീം ചൗക്കി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com