‘ഇതിനകത്ത് ഒരൊറ്റ ഗ്രൂപ്പ് മാത്രം; അത് സിപിഐയാണ് ’

Mail This Article
തിരുവനന്തപുരം∙ ‘‘ഇനിയെങ്കിലും ഇതു നിർത്താറായില്ലേ? കുറച്ചു നാളായല്ലോ തുടങ്ങിയിട്ട്...’’ കാനം രാജേന്ദ്രന്റെ ചോദ്യത്തിനു കടുപ്പമുണ്ടെങ്കിലും മുഖത്ത് അത്ര കാഠിന്യമില്ല. വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മറച്ചുവയ്ക്കുന്നുമില്ല. പാർട്ടിയിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ‘നിർത്താറായില്ലേ’ എന്ന പ്രതികരണമുണ്ടായത്.

∙ പക്ഷേ സി.ദിവാകരനും കെ.ഇ.ഇസ്മായിലുമൊക്കെ പരസ്യമായി പ്രതികരിച്ചുവല്ലോ?
നിർത്തൂ.. ഇനിയെങ്കിലും സിപിഐയോടുള്ള ഇത്തരം പ്രയോഗങ്ങൾ നിർത്തണം. സിപിഐ എന്നു പറയുന്നതു വ്യത്യസ്തമായ ഒരു പാർട്ടിയാണ്. ഇവിടെ ഈ പറയുന്ന വിഭാഗീയതയും ഗ്രൂപ്പുമൊന്നും ഇല്ല. ഇതിനകത്ത് ഒരൊറ്റ ഗ്രൂപ്പേയുള്ളൂ– അതു സിപിഐ ഗ്രൂപ്പ് ആണ്.
∙ അങ്ങനെയെങ്കിൽ എങ്ങനെയാണു പരസ്യ നിലപാടുമായി സി.ദിവാകരൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്?
നിങ്ങൾ കണ്ടില്ലേ? അദ്ദേഹം ഇവിടെ ഉണ്ടായിരുന്നല്ലോ.
∙ പ്രായപരിധി മാനദണ്ഡത്തിനെതിരെ ആയിരുന്നു അവരുടെ വിമർശനം.
പ്രായപരിധി നടപ്പിലാക്കാൻ പാർട്ടിയാണു തീരുമാനിച്ചത്. അതു നടപ്പിലാക്കുമെന്നു പറഞ്ഞിരുന്നു. ഇപ്പോൾ നടപ്പിലാക്കി.
∙ മുൻ എംഎൽഎ ഇ.എസ്.ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താക്കിയത്?
അതു വേറെ കാര്യം. ആരു പുറത്താക്കിയെന്നാണു നിങ്ങൾ പറയുന്നത്?
∙ സംസ്ഥാന കൗൺസിലിലും പാർട്ടി കോൺഗ്രസിലും അവർ ഇല്ലല്ലോ?
സമ്മേളനം തിരഞ്ഞെടുക്കുന്നവരാണു പ്രതിനിധികളാകുന്നത്. അത് ആരെയും പുറത്താക്കാനോ അകത്താക്കാനോ ഒന്നുമല്ല.
∙ നിലവിലുള്ള ശൈലി തന്നെയായിരിക്കുമോ തുടരുക?
പാർട്ടി ശരിയായ വഴിയിലൂടെ മുന്നോട്ടുപോകും. അക്കാര്യം ഞങ്ങൾക്കു നല്ല പോലെ അറിയാം. ആ വഴിയിലൂടെ തന്നെ പോകും.