ADVERTISEMENT

വിതുര∙ കനത്ത മഴയെ തുടർന്നു പൊന്മുടി പന്ത്രണ്ടാം വളവിൽ മണ്ണിടിഞ്ഞ് റോഡ് വീണ്ടും തകർന്നു. ശക്തമായ മഴയെത്തുടർന്നു ഏതാണ്ട് ഒരു മാസം മുൻപു ഈ ഭാഗത്തെ റോഡ് പകുതിയോളം തകർന്നിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇന്നലെ ഉച്ചയോടെ വീണ്ടും മഴ വില്ലനായത്. ഒരേ സമയം ഒരു ഇരുചക്ര വാഹനത്തിനു മാത്രം കഷ്ടിച്ചു കടന്നു പോകാൻ കഴിയുന്ന അവസ്ഥയിലാണ്. ഇതോടെ പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ മാസം അഞ്ചിനാണു പന്ത്രണ്ടാം വളവിലെ റോഡ് പകുതിയോളം തകർന്നത്. പിന്നാലെ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം പൂർണമായി നിർത്തി. അവിടത്തെ ലയങ്ങളിലെ വാഹനങ്ങളും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും മാത്രമാണു പിന്നീട് ഇതുവഴി കടന്നു പോയിരുന്നത്. ചുള്ളിമാനൂർ– പൊന്മുടി റോഡ‍ിന്റെ ഉന്നത നിലവാരത്തിലുള്ള നവീകരണം നടക്കുന്നതിനാൽ പന്ത്രണ്ടാം വളവിലെ അറ്റക്കുറ്റപ്പണി നടത്താൻ കെഎസ്ടിപി തന്നെ മുന്നോട്ടു വന്നിരുന്നു.

കനത്ത മഴയിൽ മണ്ണിടിഞ്ഞു റോഡ് തകർന്ന പൊന്മുടി പന്ത്രണ്ടാം വളവിലെ ഭാഗം. റോഡിന്റെ പാർശ്വ ഭിത്തി നിർമാണം തുടങ്ങിയതിന്റെ സൂചനകൾ അടക്കം ചിത്രത്തിൽ വ്യക്തമാണ്.

അതിനിടെയാണ് വീണ്ടും റോഡ് തകർച്ച. പാർശ്വ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് അടിസ്ഥാനം നിർമിച്ചു തുടങ്ങിയിരുന്നു. ഈ ഭാഗവും പൂർണമായി തകർന്നിട്ടുണ്ട്. ഇപ്പോൾ വാഹനങ്ങൾ ഒന്നും കടത്തി വിടാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ റോഡ് പൂർണമായി അടച്ചതായി അധികൃതർ പറഞ്ഞു. രണ്ടു ദിവസമായി പൊന്മുടിയിൽ മഴ തുടരുന്നുണ്ട് ഇടി മിന്നൽ ഭീഷണിയുമുണ്ട്. ഇന്നലെ രാവിലെ മുതൽ തന്നെ മഴ കനത്തു. തുടർന്നാണു പന്ത്രണ്ടാം വളവിൽ മണ്ണിടിഞ്ഞത്.

പഠനം തുലാസിൽ വഴിയിൽകുടുങ്ങി എസ്ഐ

വിതുര∙ പൊന്മുടിയിലെ ലയങ്ങളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾ അടക്കം ഇരുപത്തിയഞ്ചോളം പേർ വിതുര സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ സ്കൂളിൽപ്പോക്ക് തുലാസിലായി. വിതുര പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഇല്ലാത്തതിനാൽ അധിക ചുമതല നൽകിയിരിക്കുന്നത് പൊന്മുടി ഇൻസ്പെക്ടർക്കാണ്. അദ്ദേഹം വിതുരയിലാണിപ്പോൾ. പൊന്മുടി സ്റ്റേഷനിലേക്കു വാഹനവുമായി എത്താനുള്ള വഴി അടഞ്ഞിരിക്കുകയാണ്.

ഒറ്റപ്പെട്ടതു തൊഴിലാളി കുടുംബങ്ങൾ

വിതുര∙ ചെയ്ത ജോലിയുടെ വേതനം പോലും കാര്യമായി ലഭിക്കാതെ ബുദ്ധിമുട്ടുന്ന പൊന്മുടിയിലെ തോട്ടം തൊഴിലാളികളാണു പൊന്മുടി ഒറ്റപ്പെട്ടതോടെ ദുരിതത്തിലായത്. റോഡ് ഗതാഗത യോഗ്യമായിരുന്നപ്പോൾ കെഎസ്ആർടിസി ബസിനെ ആശ്രയിക്കാമായിരുന്നു. ഇപ്പോൾ ഗതാഗതം പൂർണമായി നിലച്ചതിനാൽ യാത്രാ ദുരിതം രൂക്ഷമാണ്. രോഗ ബാധ അനുഭവിക്കുന്ന ഒട്ടേറെപ്പേർ ഈ ഭാഗത്തെ ലയങ്ങളിലുണ്ട്. അവരുടെ ചികിത്സയ്ക്കായി പര്യാപ്തമായ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com