ADVERTISEMENT

തിരുവനന്തപുരം∙ മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വെങ്ങാനൂർ പി.ഭാസ്കരൻ (81) അന്തരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ‘കുമാർ കോട്ടേജി’ൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1996 ൽ നേമം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2 തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 91ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ നിന്നു വിജയിച്ചു. വെങ്ങാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സിപിഎം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

അനാരോഗ്യം കാരണം കഴിഞ്ഞ സമ്മേളനത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി. നിലവിൽ വെങ്ങാനൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പള്ളിച്ചൽ ഇടക്കോട് വാറു‍വിളാകത്ത് പരേതരായ കെ.പത്മനാഭൻ–കമലാക്ഷി ദമ്പതികളുടെ മകനാണ്. എസ്എസ്എൽസി പാസായ ശേഷം അധ്യാപകനായി പൊതുജീവിതം ആരംഭിച്ച ഭാസ്കരൻ അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ജയിൽവാസം അനുഭവിച്ചു. ഒട്ടേറെ സമരങ്ങളിൽ മർ‍ദനവും ഏറ്റുവാങ്ങി.

1966 ൽ വെങ്ങാ‍നൂരിൽ ന്യൂ പാരലൽ കോളജിനു തുടക്കം കുറിച്ചു. നിലവിലും കോളജിന്റെ മാനേജരായിരുന്നു. ഭാര്യ: എം.െക.വിജയകുമാരി. മക്കൾ: ഡോ.ബി.വി.രണകുമാർ (കാർഡിയാക് ഫിസിഷ്യൻ, ജൂബിലി മിഷൻ ഹോസ്പിറ്റൽ, പാളയം), ബി.വി.രഞ്ജിത്കുമാർ (അധ്യാപകൻ, എച്ച്എസ്എസ് ഫോർ ഗേൾസ്, വെങ്ങാനൂർ). മരുമക്കൾ: ഡോ. രശ്മി ഡഗ്ലസ് (അസി.പ്രഫ, തിരുവനന്തപുരം മെഡിക്കൽ കോളജ്), എ.ആർ.രാജിത (അധ്യാപിക, വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂർ). സംസ്കാരം നടത്തി.

trivandrum-bhaskaran
വെങ്ങാനൂർ പി.ഭാസ്കരൻ

ഇന്ദിരയ്ക്കെതിരെ മുദ്രാവാക്യം; ജയിൽവാസം

ബാലരാമപുരം∙ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ സിപിഎം ചുമതലപ്പെടുത്തിയത് പാർട്ടിയുടെ വിശ്വസ്തനായിരുന്ന വെങ്ങാനൂർ പി. ഭാസ്കരനെയാണ്. 1975 ഡിസംബർ 25 ന് പെരിങ്ങമ്മലയിലായിരുന്നു സംഭവം. മുദ്രാവാക്യം വിളി കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. അടുത്തദിവസം ട്യൂഷൻ ക്ലാസിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 43 ദിവസം ജയിൽവാസം . ഈ ദിവസങ്ങളിൽ നാട്ടുകാരാണ് ട്യൂഷൻ സെന്റർ നടത്തിയത്. അടിയന്തരാവസ്ഥക്കാലത്തു തന്നെ വീണ്ടും ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തിന് ക്രൂര മർദനം ഏൽക്കേണ്ടിവന്നു. 

നാലുമാസക്കാലം സർക്കാർ ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 1969 ൽ കെഎസ്ആർടിസി സമരത്തിൽ പങ്കെടുത്തതിന് 15 ദിവസം സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു.  പെരിങ്ങമ്മല വാർഡിൽ നിന്നാണ് ആദ്യം ജനപ്രതിനിധി ആകുന്നത്. പഞ്ചായത്ത് പ്രസിഡന്റും ആയി. പിന്നീട് ആഴാകുളം വാർഡിൽ നിന്നു ജനപ്രതിനിധിയായി. ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ നിന്ന് വിജയിച്ചു. തുടർന്ന് നേമത്ത് നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. രണ്ട് തവണ കൂടി മത്സരിച്ചെങ്കിലും കോൺഗ്രസിലെ   എൻ.ശക്തനോട് പരാജയപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com