ADVERTISEMENT

ബാലരാമപുരം∙ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് അമ്മയുടെ സഹോദരിയിൽ നിന്ന് 81.15 ലക്ഷം രൂപ തട്ടിയെടുക്കുകയും വ്യാജ രേഖകൾ ചമച്ച് കബളിപ്പിക്കുകയും ചെയ്ത ദമ്പതികളിൽ മലയിൻകീഴ് തലയ്ക്കൽ കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ ഷൈജിൻ ബ്രിട്ടോ(39)യെ ബാലരാമപുരം പൊലീസ് പിടികൂടി

രാമപുരം സുകുമാര വിലാസിൽ അംബികയുടെ പരാതിയിലാണ് അറസ്റ്റ്. ഷൈജിൻ ബ്രിട്ടോയുടെ അമ്മയുടെ സഹോദരിയാണ് അംബിക. കേസിലെ രണ്ടാം പ്രതി ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.ബ്രിട്ടോയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ കഴിയുകയായിരുന്നു.

മുതിർന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേരിൽ വ്യാജ സീലും നിയമന ഉത്തരവും ഉണ്ടാക്കിയാണ് കബളിപ്പിക്കൽ നടത്തിയിരിക്കുന്നത്.ആശ്രിത നിയമനം വഴി സെക്രട്ടേറിയറ്റിൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോലിയിൽ കയറിയ ഇയാൾ അവിടെ സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിരുന്നു.

തുടർന്നാണ് പിരിച്ചുവിട്ടത്. വിജിലൻസിൽ സിഐ ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ബാലരാമപുരം പൊലീസ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും വിജിലൻസ് സിഐ ആണെന്നാണ് പറഞ്ഞത്.2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പലപ്പോഴായി പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. അംബികയുടെ മകൻ ജിതിൻ ജോണിന് അസിസ്റ്റന്റ് നിയമനം ലഭിക്കുന്നതിന് അവിടെ പലർക്കായി തുക നൽകണമെന്നുപറഞ്ഞാണ് പണം കൈപ്പറ്റിയത്.

5 മാസം മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ തെളിവ് ശേഖരണത്തിനും മറ്റുമായി ഇയാളെ രഹസ്യമായി പിന്തുടർന്നു വരികയായിരുന്നു.ഇയാളുമായി ബന്ധമുള്ള ഒരാളെക്കൊണ്ട് പണം നൽകാമെന്നുപറഞ്ഞ് പേരൂർക്കടയിലെ ഒരു ബാങ്കിൽ വിളിച്ചുവരുത്തിയ ശേഷം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ബാങ്കിലെത്തിയ ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന് ജോലി ലഭിക്കുന്നതിനുവേണ്ടി റിട്ടയർമെന്റ് ആനുകൂല്യങ്ങളും വീട് പണയം വച്ചുമാണ് അംബിക പണം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com