ADVERTISEMENT

തിരുവനന്തപുരം ∙ സാഹസിക ടൂറിസം വേണമെങ്കിലും മന്ത്രിക്ക് സാഹസികത വേണമോ എന്നു പി.എം.മുഹമ്മദ് റിയാസിന് ഒരു സംശയം. ഏണിയിൽ കയറുമ്പോൾ  കാൽ ചവിട്ടി മുണ്ട് അഴിഞ്ഞു വീഴുമോ എന്ന ഭയം മാത്രമേ ഉള്ളുവെന്നും സാഹസികതയ്ക്ക് റെഡി ആണെന്നും മുൻ ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്റെ കമന്റ്. എങ്കിൽ താനും പിന്നോട്ടില്ല എന്ന മട്ടിൽ ചിരിച്ച് വി.കെ.പ്രശാന്ത് എംഎൽഎയും.  ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സാഹസിക വിനോദ പാർക്ക് ഉദ്ഘാടനവേളയിലാണു റോപ് വേയിൽ ഘടിപ്പിച്ച ഊയലാടുന്ന ഇടവിട്ടുള്ള മരചവിട്ടുപടികളിൽ നടന്നു മന്ത്രിയും എംഎൽഎയും ‘സാഹസികത’ തെളിയിച്ചത്.

ഏണിയിലൂടെ കയറി മുകളിൽ എത്തി ഇരുവശത്തും കെട്ടിയ വടത്തിൽ കൈപിടിച്ചും ഇടവിട്ടുള്ള മരപ്പലകകളിൽ കാൽ ചവിട്ടിയും സൂക്ഷ്മതയോടെ മുന്നോട്ടുനീങ്ങുന്ന കമലിയോൺ (ഓന്ത്) വാക്‌ വേയിലാണു കലക്ടർ ജെറോമിക് ജോർജും പൊലീസ് ഉദ്യോഗസ്ഥരും ദൃശ്യമാധ്യമപ്രവർത്തരെയും സഞ്ചാരികളെയും സാക്ഷികളാക്കി മൂവരും നടന്നത്. സുരക്ഷ ഉറപ്പാക്കാൻ മുകളിലെ റോപിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിൽ ഇവരെ പ്രത്യേക  ബെൽറ്റും ധരിപ്പിച്ചിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്‌കോസ്)യുടെ സഹകരണത്തോടെ നിർമിച്ച അഡ്വഞ്ചർ പാർക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.സുരേഷ് കുമാർ, ഡിടിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആകാശ സൈക്കിൾ, നിരങ്ങി നീങ്ങാൻ സിപ്പ് ലൈൻ, ബർമ ബ്രിജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, ബലൂൺ കാസിൽ, കുട്ടികൾക്കുള്ള ബാറ്ററി കാറുകൾ തുടങ്ങിയവയും സഞ്ചാരികളെ കാത്തിരിക്കുന്നു. 350 പേർക്ക് ഒരേസമയം ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള മ്യൂസിക്കൽ ഫയർ ഫൗണ്ടൻ ഷോയ്ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ കുട്ടികളുടെ പാർക്ക്, എയർഫോഴ്‌സ് മ്യൂസിയം, കോക്പിറ്റിന്റെ ചലിക്കുന്ന മാതൃക, കുട്ടവഞ്ചി സവാരി തുടങ്ങിയവയും ഉണ്ട്. പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com