ADVERTISEMENT

നെടുമങ്ങാട്∙നെട്ടയിൽ വീട് ആക്രമിച്ച് തീയിട്ട് നശിപ്പിക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത  കേസിൽ 3 പ്രതികൾ അറസ്റ്റിൽ. ]പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ(32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത്(22), പേരൂർക്കട ഹാർവീപുരം കോളനിയിൽ ഡാൻസർ ബി.ഉണ്ണി എന്ന അമൽജിത്ത്(40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 9, മൂന്നാം ഓണത്തിന് രാത്രി 10.30 ഓടെയാണ് ഇവർ വീട് തീയിട്ടത്. വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ള നെടുമങ്ങാട് നെട്ടയിലെ വീട്ടിൽ പാലോട് ഇടിഞ്ഞാർ സ്വദേശിയായ ബിജു വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഉഷസ്സ് എന്ന ഇരുനില വീടാണ് പ്രതികൾ ഓട്ടോയിൽ എത്തി ആക്രമിച്ചത്.

രാത്രിയിൽ ജന്നൽ ചില്ലുകളും വാതിലും അടിച്ച് തകർക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് തീയിട്ട വീട് അഗ്നിക്ക് ഇരയാക്കുകയും ചെയ്തതായി  പൊലീസ് അറിയിച്ചു. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് പ്രതികൾ ആദ്യം തീയിട്ടത്. ബൈക്കിൽ നിന്നും തീ പടർന്ന് വീട്ടിലേക്ക് വ്യാപിക്കുക ആയിരുന്നു.

അയൽവാസികൾ തീ പടരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറും, പൊലീസ് സംഘവും സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ ശരീരം മുള്ളു കമ്പിയിൽ കുടുങ്ങി. മുറിവേറ്റ്  വാർന്ന രക്തം സംഭവ സ്ഥലത്തിന് സമീപം തറയിൽ പടർന്നു കിടന്നിരുന്നു.

പൊലീസും അഗ്നി രക്ഷ സേനയും ചേർന്ന് തീ അണച്ചു. എന്നാൽ പ്രതികളെ പറ്റി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച രക്തം പരിശോധന നടത്തിയും, സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സിഐ അറിയിച്ചു.

കേസിലെ ഒന്നാം പ്രതി, പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ, ഇയാളുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജുവിനെ നേരത്തെ  നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ അറസ്റ്റ് ചെയ്തിരുന്നു.സഹോദരിയുടെ മരണത്തിലുള്ള വിരോധം കാരണമാണ് ബിജു താമസിച്ചിരുന്ന വീട്, മറ്റ് 2 പ്രതികളായ സുജിത്ത്, ഉണ്ണി എന്നിവരുമായി ചേർന്ന് ആക്രമിച്ച് തീയിടാൻ കാരണമെന്നു  പൊലീസ് പറഞ്ഞു.

സുജിത്ത്, ഉണ്ണി എന്നിവർ പേരൂർക്കട സ്റ്റേഷനിലെ സ്ഥിരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ആണെന്നും സിഐ എസ്.സതീഷ് കുമാർ അറിയിച്ചു. സിഐയെ കൂടാതെ ഇൻസ്പെക്ടർമാരായ കെ.ആർ.സൂര്യ, റോജോമോൻ, ഡാൻസാഫ് ടീം അംഗങ്ങളായ ഷിബു, സജി, സീനിയർ പൊലീസ് ഓഫിസർമാരായ സതികുമാർ, ഉമേഷ് ബാബു, സിവിൽ പൊലീസ് ഓഫിസർ രജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com