ADVERTISEMENT

വിഴിഞ്ഞം ( തിരുവനന്തപുരം )∙ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അന‍ുക‍ൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തി. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ തുറമുഖ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്.

തുറമുഖ വിരുദ്ധ സമരക്കാർ ലോറി തടഞ്ഞു. പൊലീസ് ഇടപെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഇതിനിടെ, മറ്റു സ്ഥലങ്ങളിൽ നിന്ന് സമരവേദിയിലേക്ക് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ സംഘങ്ങൾ എത്തിയ വാഹനങ്ങൾ തുറമുഖ നിർമാണ അനുകൂലികൾ തടഞ്ഞു.

പുറത്തു നിന്നുള്ളവരെ തുറമുഖ വിരുദ്ധ സമര വേദിയിലേക്കു കടത്തി വിടില്ലെന്നായിരുന്നു അവരുടെ നിലപാട്പിന്നീട് വൈദികർ പൊലീസ് സംരക്ഷണയിൽ സമര വേദിയിലെത്തി.സംഘർഷം തുടരുമ്പോൾ, തുറമുഖ അനുകൂല സമര സമിതിയുടെ സമരപ്പന്തലിൽ നിന്ന് കല്ലേറുണ്ടായെന്ന് വിരുദ്ധ സമരക്കാർ ആരോപിച്ചു.

തുടർന്ന്, ചേരിതിരിഞ്ഞ് ഇരുവിഭാഗവും കല്ലെറിഞ്ഞു. പിന്നാലെ, അനുകൂല സമരക്കാരെ വിരുദ്ധ സമരക്കാർ കല്ലെറിഞ്ഞ് പന്തലിൽ നിന്ന് ഓടിച്ച ശേഷം പന്തൽ തകർത്തു.കസേരകളും ബാനറുകളും കൊടികളും നശിപ്പിച്ചു.തുറമുഖ അനുകൂലികളെന്നാരോപിച്ച് ചിലരുടെ വീടുകൾക്കു നേരെയും കല്ലേറും ആക്രമണ ശ്രമവുമുണ്ടായി.

രണ്ടു വീടുകളുടെ ജനാല തകർന്നു. കൂടുതൽ വീടുകളിൽ കയറി ആക്രമണം നടത്താനുള്ള ശ്രമം സമര നേതാക്കളും വൈദികരും ചേർന്ന് തടഞ്ഞു.സംഘർഷങ്ങളിൽ തുറമുഖ വിരുദ്ധ സമര സമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ നാലു പേർക്കും പരുക്കേറ്റെന്ന് അതതു വിഭാഗങ്ങൾ അറിയിച്ചു.വൈകിട്ട് ഒല്ലൂർ പനവിള പാൽ സൊസൈറ്റിക്കു മുന്നിലൂടെ പോയ തുറമുഖ വിരുദ്ധ സമര സമിതി പ്രവർത്തകരായ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.

മനഃപൂർവം സംഘർഷമുണ്ടാക്കുന്നു: മന്ത്രി ശിവൻകുട്ടി 

മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി

തുറമുഖ നിർമാണം തടയാൻ ചിലർ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നു  മന്ത്രി വി.ശിവൻകുട്ടി. രാജ്യ ശ്രദ്ധ പിടിച്ചുപറ്റാനാണ് വിഴിഞ്ഞം സമര സമിതി ശ്രമിക്കുന്നതെന്നും സമര സമിതിയിൽ രണ്ടഭിപ്രായം ഉള്ളതിനാലാണ് പ്രശ്ന പരിഹാരം ഉണ്ടാകാത്തതെന്നും മന്ത്രി പറഞ്ഞു. 

സർക്കാർ  പത്തോളം ചർച്ചകൾ നടത്തി. അവർ ഉന്നയിച്ചത് 7 ആവശ്യങ്ങളാണ്. തുറമുഖ നിർമാണം നിർത്തി വയ്ക്കുന്നത് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. വീടു വയ്ക്കാൻ 10 ഏക്കർ ഭൂമി ഏറ്റെടുത്ത് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. കടലിൽ പോകാൻ സാധിക്കാത്ത സമയത്ത് മത്സ്യത്തൊഴിലാളികൾക്കു ധനസഹായം നൽകാമെന്നു സമ്മതിച്ചു.

മാറി താമസിക്കേണ്ടി വരുന്നവർക്കെല്ലാം പുതിയ  ഫ്ലാറ്റിലേക്ക് മാറുന്നതു വരെ കലക്ടർ തീരുമാനിച്ച വാടക നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. തുറമുഖ നിർമാണം പഠിക്കണമെന്ന ആവശ്യം അംഗീകരിക്കുകയും കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. കടൽഭിത്തി നിർമിക്കാമെന്ന് സമ്മതിച്ചു. എല്ലാം അംഗീകരിച്ച ശേഷവും സമരം തുടരുകയാണ്. 

പ്രശ്നത്തിൽ കോടതി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തുറമുഖ നിർമാണം തടസ്സപ്പെടുത്തുന്നതിന് എതിരെയും സമരം നടക്കുന്നു. ഒരിക്കലും നടത്താൻ കഴിയാത്ത പുതിയ  ആവശ്യങ്ങളുമായാണു സമരക്കാർ ചർച്ചയ്ക്കു വരുന്നത്. ധാരണയി‍ൽ എത്തി പിരിഞ്ഞാലും സമര സമിതിയിൽ ചർച്ച ചെയ്യുന്നതോടെ എല്ലാം അട്ടിമറിക്കപ്പെടുന്നു. രണ്ടു ദിവസമായി സമരക്കാരുമായി സംസാരിക്കാൻ ചീഫ് സെക്രട്ടറി ശ്രമിച്ചു വരികയാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

സംഘർഷസാധ്യത അറിഞ്ഞിട്ടും നടപടിയെടുത്തില്ല: വിഴിഞ്ഞത്ത്  പൊലീസിന്റേത് ഗുരുതരവീഴ്ച

തുറമുഖ കവാടത്തിൽ സമരത്തിന്റെ തുടർച്ചയായി ഇന്നലെ സംഘർഷസാധ്യത ഉണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും മതിയായ നടപടികളെടുക്കാത്ത പൊലീസിനു ഇന്നലെ സംഭവിച്ചത് അതീവ ഗുരുതരവും അപകടകരവുമായ വീഴ്ച. കലാപസമാനമായ നിലയിലേക്ക് പലവട്ടം സംഘർഷം വഴുതിപ്പോയിട്ടും കാര്യങ്ങൾ ഈ രീതിയിൽ അവസാനിച്ചത് ഭാഗ്യം കൊണ്ടുകൂടിയാണ്.

ആദ്യഘട്ടത്തിൽ പൊലീസ്, റവന്യു വകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവവും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയവും സ്ഥിതിഗതികൾ സങ്കീർണമാക്കി. സംഘർഷത്തിന്റെയും പ്രകോപനത്തിന്റെയും ആദ്യഘട്ടം കഴിഞ്ഞപ്പോൾ നിരീക്ഷകർ എന്ന മട്ടിൽ മാത്രമാണ് ഉന്നത ഉദ്യോഗസ്ഥർ എത്തിയതെന്ന ആരോപണം ശക്തമാണ്.

ആവശ്യത്തിനു വേണ്ടതിലും കുറവ് മാത്രം  പൊലീസ് ആണ് ആദ്യം സ്ഥലത്തുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഘട്ടങ്ങളിൽ പ്രകോപനങ്ങളുണ്ടായപ്പോൾ  നിയന്ത്രണം പൊലീസിന്റെ കൈകളിലെത്തിയില്ല.ഇതോടെ ചേരി തിരിഞ്ഞുള്ള ആക്രമണം പല വട്ടം നടന്നു. സമരക്കാർ  ഏറ്റു മുട്ടിയപ്പോൾ മുതിർന്ന വൈദികരും മറു പക്ഷത്തെ സമരപന്തലിലെ മുതിർന്ന നേതാക്കളും നിയന്ത്രിക്കാനും പ്രകോപിതരെ പിന്തിരിപ്പിക്കാനും നന്നേ പാടു പെട്ടു.

പൊലീസ് പലപ്പോഴും കാഴ്ചക്കാരായി നിന്നു .ഉച്ച കഴിഞ്ഞു മാത്രമാണ് കൂടുതൽ പൊലീസ് എത്തിയത്. തുറമുഖ കവാടത്തിലെ മുൻപത്തെ പ്രധാന സമരപരിപാടികളോടനുബന്ധിച്ച് കൂടുതൽ സേനാ വിന്യാസം നടത്താറുണ്ടായിരുന്നു. സുശക്തമായ പൊലീസ് ഇടപെടലിൽ പ്രതിഷേധം മാത്രമായി അവസാനിക്കേണ്ടിയിരുന്ന സമരമാണ് ക്രമസമാധാനപാലത്തിലെ വീഴ്ചകൊണ്ട് പലവട്ടം ഏറ്റുമുട്ടലിലേക്ക് എത്തിയെന്നത് വ്യക്തം.

പലർക്കും പരുക്ക്, പന്തൽ തകർത്തു

തുറമുഖ വിരുദ്ധ സമരക്കാരും തുറമുഖ അനുകൂല സമരക്കാരും തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തെയും നിരവധി പേർക്ക് പരുക്കേറ്റു. തുറമുഖ നിർമാണത്തിന് വേണ്ടി സമരം ചെയ്യുന്ന വിഭാഗത്തിന്റെ   പന്തൽ തകർക്കപ്പെട്ടു. വീടുകൾക്കു നേരെയും  ആക്രമണമുണ്ടായി.

പത്തരയോടെയാണ് സംഘർഷ പരമ്പരക്കു തുടക്കമായത്. തുറമുഖത്തേക്ക് കരിങ്കല്ലു ലോഡുകളുമായി എത്തിയ ലോറികൾ തുറമുഖ വിരുദ്ധ സമരക്കാർ തടഞ്ഞു. തുടർന്ന് പൊലീസ് വൈദികരുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുന്നതിനിടെ സമരപന്തലിലേക്ക് കൂടുതൽ ആളുകൾ എത്തിയത് എതിർവിഭാഗത്തിലുള്ളവർ തടഞ്ഞത് പ്രകോപനമായി. 

സമരപ്പന്തലിലേക്ക് സിസ്റ്റർമാർ എത്തിയ വാഹനത്തിനു മടങ്ങിപ്പോകേണ്ടി വന്നു. പിന്നാലെ എത്തിയ വൈദികരുമുൾപ്പെടെയുളളവരെയും തടയാൻ ശ്രമിച്ചു എങ്കിലും അവരെ പൊലീസ് സംരക്ഷണയിൽ സമരപന്തലിൽ എത്തിച്ചു. സമര പന്തലിലേക്ക് വന്ന സ്ത്രീകളുൾപ്പെടെയുള്ളവരെ തടഞ്ഞതു സംബന്ധിച്ച് റോഡിൽ പലയിടത്തായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.

തുടർന്ന് ചേരി തിരിഞ്ഞു സംഘർഷമായി. ഇടക്കു നിന്നു പൊലീസും മുതിർന്ന വൈദികരുൾപ്പെടെയുള്ളവരും ഇരു പക്ഷത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ പരസ്പരം കല്ലേറു രൂക്ഷമായി. തുറമുഖ അനുകൂല സമരക്കാർ ഓടി മാറി. തങ്ങളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേർക്ക് ആക്രമണമുണ്ടായി എന്നു പ്രാദേശിക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. 

കല്ലേറിൽ തുറമുഖ വിരുദ്ധ സമരക്കാരായ ഫാ. മനീഷ് പീറ്റർ(36) പത്രോസ്(45), വിപിൻ(31), സേവ്യർ(30), ഹെൻട്രു ജോൺ(26), ജോൺ(30), സെലിൻ(40), മാർട്ടിൻ(28), ജോസ്(30), പാട്രിക്(41) എന്നിവർക്കാണ് കാലിലും കഴുത്തിലുമായി സാരമായി പരുക്ക്. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആറു പേർക്കു പരുക്കേറ്റതായി സമര സമിതി ഭാരവാഹികൾ പറഞ്ഞു.

തുറമുഖ അനുകൂല സമര നേതാവും നഗരസഭ കൗൺസിലറുമായ സി.ഓമന, രാജേഷ്, ബിനു, അഭിലാഷ് എന്നിവർക്കാണ് സാരമായി പരുക്ക്.ബിനു,രാജേഷ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. എല്ലാവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഉച്ചയോടെയാണ് തുറമുഖ അനുകൂല സമരക്കാരുടെ പന്തലിനു നേർക്ക് ആക്രമണം നടന്നത്.

കസേരകളും ബാനറും ബോർഡുകളും തകർക്കപ്പെട്ടു.കല്ലുമായി എത്തിയ ലോറിയുടെ ചില്ലും തകർന്നു. തുടർന്ന് ലോറികളെ സമര സ്ഥലത്തു നിന്നു മാറ്റി. സബ് കലക്ടർ അശ്വനി ശ്രീനിവാസ് സംഭവ സ്ഥലം സന്ദർശിച്ചു.വൈകിട്ട് മുല്ലൂർ പനവിള പാൽ സൊസൈറ്റിക്കു സമീപവും സംഘർഷമുണ്ടായി. ചേരി തിരിഞ്ഞുള്ള ആക്രമണത്തിൽ നാട്ടുകാർക്കും തുറമുഖ വിരുദ്ധ സമരക്കാരിൽ പെട്ടവർക്കും സാരമായി പരുക്കേറ്റു. രാത്രിയിലും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് വലിയ പൊലീസ് സാന്നിധ്യമുണ്ട്.

സർക്കാരിന്റേത് കിരാത പ്രവർത്തനം: തുറമുഖ വിരുദ്ധ സമരസമിതി

തുറമുഖ സമരമുഖത്തു ഇന്നലെ സർക്കാർ നടത്തിയത് കിരാതവും അപലപനീയവുമായ പ്രവർത്തനമാണെന്ന് തുറമുഖ വിരുദ്ധ സമര സമിതി ആരോപിച്ചു. ആക്രമണം അഴിച്ചു വിട്ടു, സർക്കാർ ഇനിയും സമരക്കാരെ പ്രകോപിപ്പിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകി. സമാധാനപരമായി നടക്കുന്ന അതിജീവന സമരത്തിനു നേരെ കള്ള കേസുകൾ ചമച്ച് സമരത്തെ വർഗീയവത്കരിക്കാൻ നടത്തുന്ന ഏതൊരു ശ്രമത്തെയും മത്സ്യതൊഴിലാളികൾ ജീവൻ പണയം വച്ചും എതിർത്തു തോല്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ജീവനും സ്വത്തിനും സംരക്ഷണമില്ല: പ്രാദേശിക കൂട്ടായ്മ

മുല്ലൂരിൽ സമാധാനപരമായി ജീവിക്കുന്ന പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനും ഭരണ കൂടത്തിനും കഴിഞ്ഞില്ലെന്നും സമരപന്തലും വീടുകളും തകർക്കുകയും നിരവധി പേരെ ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത ഇന്നലത്തെ സംഭവത്തിലെ മുഴുവൻ കലാപകാരികളെയും അറസ്റ്റ് ചെയ്യണമെന്നും തുറമുഖ പ്രാദേശിക കൂട്ടായ്മ ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ ആവശ്യപ്പെട്ടു.

സെമിനാറുമായി സർക്കാർ, തരൂരിനും ക്ഷണം

ശശി തരൂർ (ഫയൽ ചിത്രം)
ശശി തരൂർ (ഫയൽ ചിത്രം)

വിഴിഞ്ഞം  തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം മൂലം പദ്ധതി നിർമാണം തുടരാനാകാത്ത സാഹചര്യത്തിൽ തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ 29നു സർക്കാർ സെമിനാർ സംഘടിപ്പിക്കുന്നു.‘എക്സ്പേർട്ട് സമ്മിറ്റ്’എന്ന പേരിൽ മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. സെമിനാറിൽ ഇടതു രാഷ്ട്രീയക്കാർക്കു പുറമേ ശശി തരൂരിനു മാത്രമാണു ക്ഷണം.

തരൂരിനെ പങ്കെടുപ്പിക്കുന്നതു തിരുവനന്തപുരം എംപി എന്ന നിലയ്ക്കാണെന്നു സർക്കാർ കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. എന്നാൽ തുറമുഖ പദ്ധതിയോടു തരൂർ എടുക്കുന്ന അനുകൂല സമീപനം തന്നെയാണ് ഇതിൽ ഒരു ഘടകം. പദ്ധതിക്കു  എതിരായി നിൽക്കാതെ , സമരക്കാരുടെ ആവശ്യങ്ങൾ കൂടി സർക്കാർ കാണണമെന്നും അവരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നുമാണു കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്.

പാർട്ടിയെ അറിയിച്ചു വേണം പരിപാടികളിലെ നേതാക്കളുടെ സാന്നിധ്യം എന്ന നിർദേശം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയിരുന്നു. വിഴിഞ്ഞം  സമ്മിറ്റിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായി തരൂർ ആശയവിനിമയം നടത്തിയിട്ടില്ല.

തിരുവനന്തപുരത്തെ എല്ലാ പരിപാടികളും തരൂർ തന്നെ അറിയിക്കാറുണ്ടെന്നും ഇക്കാര്യവും അറിയിക്കുമെന്നാണു കരുതുന്നതെന്നും ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രതികരിച്ചു. തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പരിപാലനം, തീരമേഖലയിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളും സെമിനാറിൽ ചർച്ച ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com