ADVERTISEMENT

തിരുവനന്തപുരം∙വിഴിഞ്ഞം അക്രമത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും മുന്നറിയിപ്പുമായി പൊലീസ്. തുറമുഖ നിർമാണം ഒരു കാരണവശാലും നിർത്തി വെക്കുന്ന പ്രശ്നമില്ലെന്നു ആവർത്തിച്ച് സർക്കാർ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു വീണ്ടും വ്യക്തമാക്കി ലത്തീൻ അതിരൂപത.

വിഴിഞ്ഞത്തെ അക്രമ സംഭവത്തെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയാണ് സർക്കാർ മുൻകൈയെടുത്ത് ഇന്നലെ സർവകക്ഷി യോഗം വിളിച്ചത്. ഇന്നലെ പുലർച്ചെ കോവളത്തു വച്ച് ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, ലത്തീൻ അതിരൂപത പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു യോഗം. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് സർക്കാർ ഭാഗത്തു നിന്നും കാര്യമായ നിർദേശങ്ങളൊന്നും സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചില്ലെന്നും യോഗം വഴിപാടായായെന്നും ആരോപണമുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വച്ചത്. തുടർ ചർച്ചകൾ നടക്കുമോയെന്ന മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി മന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞില്ല. വിഴിഞ്ഞം വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയെ പ്രതിനിധീകരിച്ച് വിവിധ ചർച്ചകൾ നടത്തിയ മന്ത്രിമാരിൽ ജി.ആർ.അനിൽ മാത്രമാണ് ഇന്നലെ ചർച്ചയ്ക്കെത്തിയത്.

മന്ത്രിമാർ ചർച്ചയ്ക്കെത്തില്ലെന്നായിരുന്നു ഇന്നലെ രാവിലെ മുതലുള്ള പ്രചാരണം. 45 പേരെയാണ് യോഗത്തിനായി ക്ഷണിച്ചത്. നാലു പേരൊഴികെയുള്ളവർ പങ്കെടുത്തു.  യോഗത്തിനൊടുവിലാണ്  ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ എച്ച്. പെരേര സംസാരിച്ചത്. ചിലർ പ്രസംഗം തടസ്സപ്പെടുത്താനും ചിലർ ശ്രമിച്ചു. 

കേൾക്കുമ്പോൾ പോസിറ്റീവ്, പിന്നീട് നെഗറ്റീവ്:  മന്ത്രി അനിൽ

സർവകക്ഷി സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തട‍സപ്പെടരുതെന്നാണെന്നു മന്ത്രി ജി.ആർ.അനിൽ. അതുമായി സർക്കാർ മുന്നോട്ടു പോകാനും ആവശ്യപ്പെട്ടു. എ‍ല്ലാ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച നടന്ന അക്രമം സ്വാഭാവിക പ്രതികരണമാണെന്നാണു സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോടു ഒന്നും പറയാനില്ല.  കേൾക്കുമ്പോൾ പോസിറ്റീവായുള്ള അവരുടെ പ്രതികരണം പിന്നീട് നെഗറ്റീവാകുന്നതാണ് കണ്ടത്. 

കലാപ നീക്കം: ആനാവൂർ നാഗപ്പൻ

കലാപങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്നതിനു വേണ്ടിയാണ് സർവകക്ഷി യോഗം വിളിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.  ഉപാധികൾ വയ്ക്കാനല്ല യോഗം വിളിച്ചത്.  അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്നു സമരസമിതി ഉറപ്പു നൽകി. വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായത് ഉൾപ്പെടെയുള്ളത് കലാപ നീക്കമാണ് . 

മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം: വി.വി.രാജേഷ് 

സർവകക്ഷി യോഗം പൂർണ പരാജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് . തലസ്ഥാന ജില്ല കലാപ സമാനമായ അന്തരീക്ഷത്തിലേക്കു നീങ്ങുമ്പോൾ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. 

പലരുടെയും പരുക്ക് മാരകം 

ഞായറാഴ്ചത്തെ വിഴിഞ്ഞം സംഭവത്തിൽ പരുക്കേറ്റ ഇടവക ജനങ്ങളിൽ പലരുടെയും മുറിവുകൾ മാരകം. വൈദികരടക്കുളളവരും പരുക്കേറ്റു ചികിത്സയിലാണ്. പുരുഷന്മാർക്ക് പലർക്കും തലയിലാണ് ആഴത്തിലെ മുറിവ്. സ്ത്രീകളുടെ സ്ഥിതിയും ദയനീയം. പലർക്കും എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത സ്ഥിതി.ഇടവക ഭാരവാഹികളെ പിടികൂടിയ സംഭവത്തെ തുടർന്ന് തടിച്ചു കൂടിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ നീക്കാൻ പൊലീസ് നടത്തിയ ലാത്തി ചാർജിനിടെയാണ് പരുക്കെന്നും അതല്ല സമരക്കാർക്കു നേരെ നടത്തിയ കല്ലേറിലാണ് പരുക്ക് എന്നും രണ്ടു വാദമുണ്ട്. ഗ്രനേഡ് പ്രയോഗവും നടത്തിയെന്നു പൊലീസ് പറയുന്നുണ്ട്. തലക്കും കകൈകാലുകൾക്കും മാരക മുറിവേറ്റ നൂറിലേറെ പേരാണ് മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

കൂടുതൽ സേനയെ വിന്യസിക്കാൻ തീരുമാനം 

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.കൂടുതൽ സേനയെ വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്താനാണ് തീരുമാനം.

വിഴിഞ്ഞം സമരം തുടങ്ങിയത് മുതൽ ദിവസം 200 പേരെയാണ് സമര മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. സംഘർഷം ശക്തമായതിനാൽ ഇന്നലെ മുതൽ 650 പൊലിസുകാരെ പ്രദേശത്ത് വിന്യസിച്ചു. വിഴിഞ്ഞം സ്റ്റേഷൻ ഉപരോധത്തിന് സ്ത്രീകൾ നിരന്നതോടെ പൊലീസ് പ്രതിരോധത്തിലേക്ക് മടങ്ങിയെന്നും ഇതാണ് പൊലീസിന് കൂടുതൽ പേർക്ക് പരുക്കുണ്ടായതെന്നും പൊലീസിന്റെ വിലയിരുത്തൽ.

മൂവായിരത്തോളം േപരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്നാണ് പൊലീസിന്റെ കണക്കുകൾ. ആദ്യം സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധം ആംരഭിച്ചപ്പോൾ  പൊലീസ് സ്റ്റേഷനുള്ളിൽ 30 പൊലീസുകാരാണ് ഉണ്ടായിരുന്നത്ബാക്കി പൊലീസിനെ സമര പന്തൽ പ്രദേശത്താണ് വിന്യസിച്ചിരുന്നത്. പൊലീസ് സ്റ്റേഷൻ വളയുന്നുവെന്ന് വിവരം കിട്ടിയതോടെ 50 പൊലീസുകാരെ സ്റ്റേഷനിലേക്ക് അയച്ചു. അപ്പോഴേക്കും സ്റ്റേഷൻ പരിസരത്ത് മൂവായിരത്തോളം പേർ സംഘടിച്ചുകഴിഞ്ഞിരുന്നു. 

വിഴിഞ്ഞത്ത് യുദ്ധസമാനമായ അന്തരീക്ഷത്തിൽ അയവ് 

ഞായറാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ യുദ്ധസമാനമായ അവസ്ഥയിലാണ്ടിരുന്ന വിഴിഞ്ഞം ജംക്‌ഷനും പരിസരവും ഇന്നലെ ശാന്തമായിരുന്നു.  ജംക്‌ഷനും പരിസരവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി. രാവിലെ 10നു ശേഷം കെഎസ്ആർടിസി ബസുകൾ ഓടി.ഏതാനും കടകമ്പോളങ്ങളൊഴിച്ചാൽ ബാക്കി സ്ഥാപനങ്ങൾ തുറന്നു . 

ബസ് സ്റ്റാൻഡ് ജംക്‌ഷനു സമീപം റോഡിൽ വള്ളങ്ങൾ നിരത്തി മാർഗ തടസ്സം സൃഷ്ടിച്ചിരുന്നു. സ്റ്റേഷൻ വളപ്പിലെ വാഹനങ്ങളെ കൂടാതെ ബസ് സ്റ്റാൻഡിനുള്ളിൽ രണ്ടു ബസുകളും ജീവനക്കാരിലൊരാളുടെ കാറും തകർക്കപ്പെട്ടു. പൊലീസിന്റെ ആറു വാഹനങ്ങളാണ് പൂർണമായും തകർക്കപ്പെട്ടത്. 

കന്റീൻ മന്ദിരത്തിന്റെ ജനാല ചില്ലുകളും തകർത്തു. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളെ തുടർന്നുള്ള അന്വേഷണ ഭാഗമായി ഇന്നലെ ഫൊറൻസിക് സംഘം സ്ഥലത്ത് എത്തി. തകർക്കപ്പെട്ട വാഹനങ്ങളും സ്റ്റേഷൻ മന്ദിരങ്ങളും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. തുറമുഖ സമര പന്തലുകളിലും വിഴിഞ്ഞം ജംക്‌ഷനിലുമായി 650ലധികം പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. 

സ്ഥിതിഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം പുലർച്ചെ എഡിജിപി: എം.ആർ.അജിത്കുമാർ‌ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളോടനുബന്ധിച്ച് കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെയാണ് കേസ്. വധശ്രമം, അതിക്രമിച്ച് കടന്ന് കഠിനമായി ദേഹോപദ്രവമേൽപ്പിക്കൽ, സ്റ്റേഷൻ ആക്രമണത്തിന് വേണ്ടി അന്യായമായ കൂട്ടം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കേസ് എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിഴിഞ്ഞം ഇടവക സെക്രട്ടറി പുഷ്പരാജൻ, വൈസ് പ്രസിഡന്റ് മുത്തപ്പൻ , കമ്മിറ്റി അംഗം ഷങ്കി, ബിസിസി കോ–ഓർഡിനേറ്റർ ലിയോ (ഷിയോസ്റ്റൺ) എന്നിവരെ ഇന്നലെ രാവിലെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തുറമുഖത്തേക്ക് അതിക്രമിച്ച് കടക്കലിനാണ് ഇവർക്ക് മേലുള്ള കേസ് . 

അക്രമ സംഭവങ്ങളുടെ പേരിൽ ആദ്യം അറസ്റ്റ് ചെയ്ത കോട്ടപ്പുറം സ്വദേശി ഷെൽട്ടനെ കോടതി റിമാന്റുചെയ്തു. വിഴിഞ്ഞം സമരം തുടങ്ങി 130 ലേറെ ദിവസം കഴിഞ്ഞെങ്കിലും യുദ്ധസമാനമായ അന്തരീക്ഷമുണ്ടായ സംഘർഷമുണ്ടായത് ആദ്യമായാണ്. പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായതും പൊലീസ് ലാത്തി വീശിയതും ആദ്യമായാണ്. 

സമാധാന ചർച്ച പ്രഹസനമ‌െന്ന്പാലോട് രവി

മന്ത്രി ജി.ആർ.അനിലിന്റേയും കലക്ടറുടെയും സാന്നിധ്യത്തിൽ നടത്തിയ വിഴിഞ്ഞം ചർച്ച സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്താൻ മാത്രമേ ഉപകരിക്കുവെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. അദാനിയുടെ കേസ് കോടതിയിൽ വരുന്നതിന്റെ തലേ ദിവസം ആർച്ച് ബിഷപ്പിനെയും സഹായ  മെത്രാനേയും ക്രിമിനൽ കേസിൽ പ്രതിയാക്കിയത് അപലപനീയമാണ്. വിഷയം പരിഹരിക്കാനുള്ള നിർദേശങ്ങൾ ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമരം തീർക്കാൻ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സമരസമിതിയുമായി ചർച്ചക്ക് തയാറാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com