ADVERTISEMENT

തിരുവനന്തപുരം ∙ തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് എഫ്ഐആർ. ആരുടെയും പേരു പറയുന്നില്ല.85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശനിയാഴ്ച വിഴിഞ്ഞം മുല്ലൂരിലെ സംഘർഷത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനുള്ളിലിട്ടു ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.ഞായറാഴ്ചത്തെ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പൊലീസുകാരെ കൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നും എഫ്ഐആറിലുണ്ട്.

അതിക്രമിച്ചു കടന്നു  ഉപദ്രവമേൽപ്പിക്കൽ, സ്റ്റേഷൻ ആക്രമിക്കാൻ കൂട്ടം ചേരൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. മുല്ലൂർ സംഭവത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ആർ.ക്രിസ്തുദാസ് ഉൾപ്പെടെ 96 പേർക്കും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെ കേസ് എടുത്തിരുന്നു.

ഇതിൽ അറസ്റ്റിലായ 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ ഞായറാഴ്ച നടത്തിയ സ്റ്റേഷൻ മാർച്ചാണു വൻ സംഘർഷമായത്. ഈ 5 പേരിൽ വിഴിഞ്ഞം ഇടവക സെക്രട്ടറി പുഷ്പരാജൻ, വൈസ് പ്രസിഡന്റ് മുത്തപ്പൻ, കമ്മിറ്റി അംഗം ഷങ്കി, ബിസിസി കോ–ഓർഡിനേറ്റർ ലിയോ (ഷിയോസ്റ്റൺ) എന്നിവരെ ഇന്നലെ രാവിലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.ആദ്യം അറസ്റ്റിലായ കോട്ടപ്പുറം സ്വദേശി ഷെൽട്ടനെ റിമാൻ‍ഡ് ചെയ്തു.

നിലപാട് ആവർത്തിച്ച് സമരസമിതിയും സർക്കാരും

കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിൽ വിഴിഞ്ഞത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ ധാരണയായി. എന്നാൽ, പദ്ധതി നിർമാണം നിർത്തിവയ്ക്കണമെന്ന നിലപാട് സമരസമിതി ആവർത്തിച്ചതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നു സമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു. എന്തുവന്നാലും, പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു സർക്കാർ പ്രതിനിധികളും വ്യക്തമാക്കി. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആർ.അനിൽ പങ്കെടുത്തു.

ജുഡീഷ്യൽഅന്വേഷണംവേണം: ലത്തീൻ അതിരൂപത

വിഴിഞ്ഞത്തെ പൊലീസ് നടപടിയെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്നു ലത്തീൻ അതിരൂപത വികാരി ജനറലും സമര സമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതു സ്വാഭാവിക പ്രതികരണമാണ്. സമാധാനാന്തരീക്ഷം ഉണ്ടാക്കണം എന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിനെതിരെ എന്ത് നടപടിയെടുത്തുഹൈക്കോടതി

വിഴിഞ്ഞം അക്രമസംഭവങ്ങൾ സംബന്ധിച്ച് എന്തു നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അനു ശിവരാമൻ ചോദിച്ചു. മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കോടതി നിർദേശിച്ചു.വിഴിഞ്ഞം അക്രമവുമായി ബന്ധപ്പെട്ടു പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്നു സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു.

അക്രമത്തിനു പിന്നിൽ അദാനിയുടെ ഏജന്റുമാർ, സമരം പൊളിക്കാൻ ആസൂത്രിത നീക്കം: ലത്തീൻ അതിരൂപത 

വിഴിഞ്ഞം സമരം പൊളിക്കാൻ സർക്കാർ ആസൂത്രിതമായി ഉണ്ടാക്കിയ തിരക്കഥയാണ് ഞായറാഴ്ച നടന്നതെന്നും അദാനിയുടെ ഏജന്റുമാർ വിഴിഞ്ഞത്തു നടന്ന അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര. അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കും.

സമാധാനം പുനഃസ്ഥാപിക്കാൻ സഹകരിക്കും. എന്നാൽ, പ്രതിരോധത്തിലാക്കാൻ ശ്രമിച്ചാൽ പ്രതികരിക്കും. വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായ സംഭവങ്ങളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കെട്ടിടത്തിൽ നിന്ന് കല്ലെറിഞ്ഞത് അദാനിയുടെ ഏജന്റുമാരാണ്.

വൈദികരെ പൊലീസ് ആക്രമിച്ചു. തുടർച്ചയായ പ്രകോപനത്തിനൊടുവിലാണു പ്രതിരോധിച്ചത്. സമരം നിർവീര്യമാക്കാനുള്ള നീക്കത്തിനു പിന്നിൽ സർക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സിപിഎം ജില്ലാ സെക്രട്ടറി–ബിജെപി പ്രസിഡന്റ് കൂട്ടുകെട്ടും ദുരൂഹമാണ്. ശനിയാഴ്ച നടന്ന സംഭവങ്ങളിൽ എന്റെ പേരിൽ ഉൾപ്പെടെ കേസെടുത്തിരിക്കുകയാണ്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും സഹായമെത്രാനും സമരപ്പന്തലിൽ വന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത ഷെൽട്ടൻ ഇൗ സംഭവങ്ങളിലൊന്നും പങ്കാളിയല്ല.

എന്നാൽ, ഷെൽട്ടനെ ഞായറാഴ്ച ഉച്ചയോടെ പൊലീസ് തട്ടിക്കൊണ്ടു പോയി. വിട്ടയയ്ക്കണമെന്ന അപേക്ഷ പൊലീസ് കേട്ടില്ല. ഷെൽട്ടന്റെ അറസ്റ്റിന്റെ കാരണം അന്വേഷിക്കാൻ വിഴിഞ്ഞം ഇടവകയിൽ നിന്നെത്തിയ ജനങ്ങളെ പ്രതിനിധീകരിച്ച് സ്റ്റേഷനിലെത്തിയവരെയും പൊലീസ് തടഞ്ഞുവച്ചു. സ്റ്റേഷനിലെ അക്രമ സംഭവങ്ങളെ അംഗീകരിക്കുന്നില്ല.

പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വേദനയിലും മുറിവുകളിലും ദുഃഖമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നു. ഒരു വിഭാഗം ആൾക്കാർ സമരപ്പന്തലിനു മുന്നിൽ വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. ഇതാണു സംഘർഷത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com